2023, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പൈയ്തൊഴിഞ്ഞ ഇന്നലെകൾ

ഒരുപാടു കാലമായി ചെമ്പ്ര പോകണം എന്നാഗ്രഹിക്കുന്നു.  പല പല കാരണങ്ങൾക്കൊണ്ടു അത് നടന്നില്ല. ഇത്തവണ മാസങ്ങൾ മുന്നേ തന്നെ പദ്ധതികൾ തയ്യാറാക്കി. കൗച് സർഫിങ് എന്ന യാത്രാ വെബ്സൈറ്റിൽ  കോഴിക്കോട് നിന്നുള്ള,  കെ.എസ്. ആർ.ടി.സിയിൽ ജോലിയുള്ള അനൂപിനെ പരിചയപ്പെട്ടു.  ചെമ്പ്ര കൂടാതെ കോഴിക്കോട് കരായതുംപാറയും,  ബ്രഹ്മഗിരിയും, പൈതൽ മലയും, റാണിപുരവും എല്ലാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ദിച്ചു പോകാമെന്നു തീരുമാനിച്ചു.  ഒരുപാടു ആളുകൾ വരാമെന്നു പറഞ്ഞു.  പോകേണ്ട ദിവസത്തോടു അടുത്തപ്പോൾ ഞാനും അനൂപും പിന്നെ ഗുജറാത്തിൽ നിന്ന് തനുജയും മാത്രമായി. 

കോഴിക്കോട്  ജന ശതാബ്ദിക്കു  ഞാൻ എത്തി.  അവിടെ ബ്രിജേഷ് എന്നയാളുടെ ഡോർമിറ്റോറിയിൽ കിടക്കാൻ ഒരിടം കിട്ടി.  അവിടെത്തന്നെ സ്ത്രീകളുടെ സ്ഥലത്താണ് തനുജ കിടക്കുന്നത്.  ഉറങ്ങാൻ കിടന്ന എന്നെ തനുജ വിളിച്ചെഴുനേല്പിച്ചു.  യാത്രയെക്കുറിച്ചു സംസാരിക്കണം എന്നാണ് പറഞ്ഞത്. 

കരായതുംപാറ അവർ വരുന്നില്ല എന്നാണ് പറഞ്ഞത്. വയനാട് റൂം ഏതാണ് എന്നു നേരത്തെ പറയണം, അവർ സ്ത്രീയാണ്  അവർക്കുള്ള പരിഗണന എവിടെ എന്നാണ് എന്നോട് ചോദിച്ചത്. ഞാൻ വിഭാവനം ചെയ്ത യാത്ര മുന്‍ധാരണയില്ലാത്ത ഒരു യാത്രയാണ്. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഒരു സംഘം ആളുകൾ ഒരു ലക്ഷ്യത്തിലേക്കു കൂട്ടമായി പോകുന്നു. അപ്പോൾ ഒന്നും മുൻകൂട്ടി നിശ്ചയിക്കില്ല. യാത്രയുടെ രീതി ഇപ്രകാരം എന്ന് പറഞ്ഞു ആ യാത്രക്ക് എന്ന് പറഞ്ഞു വന്നവർ അവസാനം കാലു മാറി. 


ഈ യാത്ര ഞാൻ ഒറ്റയ്ക്കല്ലേ പോകേണ്ടത്  എന്ന്   അവർ എന്നോട് ചോദിച്ചു.  ഈ യാത്രയെക്കുറിച്ചാണ് പറഞ്ഞത് എങ്കിലും, ആ വാക്കുകൾ കാലത്തിന്റെ നിയോഗമായി എന്നിലേക്ക്‌ വന്നതുപോലെ ഒരു തോന്നൽ. കാരണം നാം എന്നും ഒറ്റയ്ക്കു തന്നെയാണ് ജീവിതത്തിൽ യാത്ര ചെയ്യുന്നത്.  പല സമയത്തായി പല  ആളുകൾ നമ്മളുടെ കൂടെ കാണും. എങ്കിലും യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ നമ്മളോട് ഒപ്പം നമ്മൾ മാത്രമേ ഉള്ളു. ആളുകളെ യാത്രയിൽ ഒപ്പം കൂട്ടാം എന്നു വിചാരിച്ചാൽ പോലും, നാം ഏതു നിമിഷവും ഒറ്റപ്പെടാം. 

കാലങ്ങൾ മുന്നേ ഭാര്യയും അവളുടെ കുട്ടിയും വീട്ടിൽ അവർ മേടിച്ച സാധങ്ങളും, ഞാൻ കൊടുത്ത സമ്മാനങ്ങളുമായി വീട് വിട്ടു പോയപ്പോൾ ഞാൻ ചിന്തിച്ചു നോക്കി. യാത്രകൾ പിന്നെയും തനിച്ചു തന്നെ. പഴയതെല്ലാം ഒരു പേമാരി പെയ്തൊഴിഞ്ഞതു പോലെ.

വേദനകൾ തന്നു എന്നെ ഇന്നത്തെ ഞാൻ ആക്കി മാറ്റിയവരോട് വിരോധം ഇല്ല. എന്നെ അതിനു വേണ്ടി പാകപ്പെടുത്തുക മാത്രമാണ് വന്നു പോയവർ ചെയ്തത്. വജ്രമായി തിളങ്ങണം എങ്കിൽ അതിൽ യാതനകൾ ഒഴിച്ച് കൂടാനാവാത്തത് തന്നെയാണ്.പക്ഷെ അവരുടെ കയ്യിൽ നിന്നും വീണ്ടും വേദനകൾ വാങ്ങാനുള്ള സമയമോ താല്പര്യമോ ഇല്ല. ആകെ നശ്വരമായ ഈ ജീവിതത്തിൽ ഇതിനൊക്കെ ആർക്കു സമയം.

വീണ്ടും നല്ല ഒരു കാലം വരികതന്നെ ചെയ്യും.ആ കാലം വിദൂരമല്ല. 


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ