2014, ജൂലൈ 1, ചൊവ്വാഴ്ച

ഒരു തീവണ്ടി യാത്ര

തീവണ്ടി (ട്രെയിന്‍ എന്ന് മനപ്പൂര്‍വം ഉപയോഗിക്കാത്തതാണ്) യാത്ര എന്നത് എനിക്ക് കുറച്ചു കാലം മുന്‍പ് വരെ ഒരു മുത്തശ്ശി കഥ പോലെയായിരുന്നു. എന്‍റെ യാത്രകള്‍ മുക്കാലും ബസിലാണ്. കോട്ടയത്ത്‌ നിന്നും കണ്ണൂര്‍ വരുന്നതു പോലും മലബാര്‍ ബസ്സിലാണ്. തീവണ്ടിയുടെ അനന്ത സാധ്യതകള്‍ കണ്ണൂര്‍ എത്തിയതിനു ശേഷമാണ് മനസ്സിലായത്. 

ഞാനും റോഷനും തീവണ്ടി കാത്തു നില്‍ക്കുകയാണ്. രണ്ടു പേരും രണ്ടു ദിക്കിലെക്കാണ് പോകുന്നത്. ഗുവാഹട്ടി എക്സ്പ്രസ്സാണ് എന്‍റെ വണ്ടി, റോഷന്റെത് പാസഞ്ചറും. റോഷന്‍ ജെനറല്‍ ടിക്കറ്റാണ് എടുത്തത്‌. എനിക്ക് സ്ലീപര്‍ ടിക്കറ്റും. വണ്ടിയില്‍ തിരക്ക് കാണും, അത് കൊണ്ട് സ്ലീപര്‍ എടുത്താല്‍ കിടന്നു പോകാം എന്ന് റോഷന്‍ പറഞ്ഞത് കൊണ്ടാണ് ജെനറല്‍ എടുക്കാതിരുന്നത്. റോഷന്റെ പാസഞ്ചര്‍ ആദ്യം വന്നു. അവനിരിക്കാന്‍ സ്ഥലം കിട്ടി. അവന്‍ പോയതിനു ശേഷം ഗുവാഹട്ടി വണ്ടിയും നോക്കി പ്ലാറ്റ്ഫോമില്‍ കുറെ നേരം നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റെയില്‍വേയുടെ പരിചിതമായ ആ സ്ത്രീ ശബ്ദം വണ്ടി വരുന്നു എന്നറിയിച്ചു. ആദ്യം ജെനറല്‍ ബോഗി വന്നു. അതിലെ ആളുകള്‍ ഇപ്പോള്‍ ജനല്‍ വഴി പ്ലാറ്റ്ഫോമില്‍  വീണു പോകും എന്ന് തോന്നത്തക്ക തിരക്ക്. ഷര്‍ട്ടിനുള്ളിലെ സ്ലീപര്‍ ടിക്കറ്റ് നോക്കി ഞാന്‍ ചിരിച്ചു. ബോഗികള്‍ പതിയെ എന്നെ കടന്നു പോയി. അവസാനം ആ തീവണ്ടി നിന്നു. സ്ലീപര്‍ എന്നെഴുതിയ ബോഗി കണ്ടു പിടിച്ചു. അവിടുത്തെ തിരക്ക് ജെനറല്‍ ബോഗി പോലെത്തന്നെയാണ്. ബോഗി മാറിയതാണ് എന്ന് കരുതി എല്ലാ സ്ലീപര്‍ ബോഗികളും കയറി നോക്കി. വണ്ടി മാറിപോയി എന്ന് കരുതി കോവാലനെ വിളിച്ചു ലൈവ് സ്റ്റാറ്റസ് നോക്കി. അവസാനം വണ്ടി ഇത് തന്നെ എന്ന് മനസിലാക്കി തിരക്ക് കുറഞ്ഞ ഒരു സ്ലീപറില്‍ കയറി.

വണ്ടി നീങ്ങാന്‍ തുടങ്ങിയതും കുറേ ബംഗാളികള്‍ ഇടിച്ചു കയറി. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത അവസ്ഥ. മൂന്നു പേര്‍ ഇരിക്കണ്ട സ്ലീപര്‍ ബര്‍ത്തില്‍ അഞ്ചോ ആറോ ബംഗാളികള്‍. കുറേ ആളുകള്‍ നിലത്ത് ഇരിക്കുന്നു. ശബരിമല മണ്ഡല കാലം ആയതിനാല്‍ കുറേ ബര്‍ത്തുകളില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ഉറങ്ങുന്നു. ആ ബോഗിയിലെ ഏക മലയാളി ഞാനാണ്. എല്ലാം അന്യ സംസ്ഥാനക്കാര്‍. കിടന്നു പോകാം എന്ന് റോഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ബാഗിന് നല്ല ഭാരം ഉണ്ടായിരുന്നു. കയ്യിലുള്ള കാലന്‍ കുടയില്‍ എന്‍റെയും ബാഗിന്റെയും ഭാരം താങ്ങി കുറേ നേരം നിന്നു.

രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോഴേക്കും ഒരു സംഘം ആളുകള്‍ ഇറങ്ങി. അവിടേക്ക് ഓടി ചെന്നപ്പോഴേക്കും അവിടെ നിന്ന മറ്റൊരു സംഘം ബംഗാളികള്‍ ആ സ്ഥലം കയ്യേറി. ആകെ കിട്ടിയ സ്ഥലവും പോയല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോള്‍ ഒരു ബംഗാളി (ആള്‍ടെ പേര് ഞാന്‍ മറന്നതാണ്)  എന്നെ തട്ടി വിളിച്ചു. അയാള്‍ ബാക്കി ഉള്ള ആളുകളെ തള്ളി നീക്കി എനിക്ക് കുറച്ച് സ്ഥലം തന്നു.

അയാള്‍ ഇരിക്കാന്‍ പറ്റുമേ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. ആള്‍ കയറിയത് മുതല്‍ നില്‍കുകയാണ്‌ എന്നും ഇപ്പോഴാണ്‌ ഇരിക്കാന്‍ പറ്റിയത് എന്നും പറഞ്ഞു. ഈ അവസരത്തില്‍ എനിക്ക് മറ്റൊരു സംഭവം ഓര്‍മ വന്നു. പണ്ട് ഇതുപോലെ ഒരവസരത്തില്‍ എനിക്ക് സ്ഥലം തരാതെ, ഒരു പെണ്ണ് വന്നപ്പോള്‍ സ്ഥലം കൊടുത്ത ഒരു മലയാളിയെ!. ഞാന്‍ എനിക്കറിയാവുന്ന ഹിന്ദി കൊണ്ടു സംസാരിച്ചു. സംസാരത്തിനിടയില്‍ കാപ്പി കൊണ്ടൊരാള്‍ വന്നു. ഈ ബംഗാളി എനിക്ക് കാപ്പിയും ബിസ്ക്കറ്റും മേടിച്ചു തന്നു. അയാളുടെ പെരുമാറ്റത്തില്‍ നിനും ആള്‍ ഒരു നല്ല മനുഷ്യനാണ് എന്നും തോന്നിയത് കൊണ്ടാവാം, അപരിചിതരുടെ കയ്യില്‍ നിന്നുള്ള ആഹാരം വാങ്ങരുത് എന്ന പതിവ് ഉപദേശം ഞാന്‍ മറന്നു പോയി. ആ കാപ്പി കൊണ്ടു വന്ന ആള്‍ താന്‍ ബാക്കി കൊടുക്കാനുള്ള അഞ്ചു രൂപയുടെ ആളെ തപ്പി നടക്കുകയായിരുന്നു. ബംഗാളി അവസാനം എറണാകുളത്തു ഇറങ്ങി.

ഈ സംഭവത്തില്‍ എന്താ ഇത്ര മാത്രം ഉള്ളത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഒരുപാടു പഠിച്ചിട്ടും ജോലി ഇല്ല എന്ന് പറയുന്ന ഒരുപാടാളുകളെ എനിക്കറിയാം. ഇവിടെ ജോലിയുള്ളതു കൊണ്ടാണല്ലോ ബംഗാളില്‍ നിനും അയാള്‍ വന്നത്. കാശിനായി നെട്ടോട്ടം ഓടുന്ന ആളുകള്‍ ആ കാപ്പിക്കാരനെ കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. വില കൂടിയ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താല്‍ ഇതുപോലെ ഒരനുഭവം ഒരിക്കലും കിട്ടില്ല എന്നും തോന്നുന്നു. നാം ബംഗാളികള്‍ എന്ന് കളിയാക്കി വിളിക്കുന്ന ആളുകളില്‍ ഞാന്‍ നമ്മുടെ മലയാളികളെക്കാള്‍ മനുഷ്യത്വവും സത്യസന്ധതയും കണ്ടു.

അതിനു ശേഷം ഞാന്‍ കാണുന്ന ഓരോ കൂട്ടം ബംഗാളികളിലും അയാളുടെ മുഖം തിരയുന്നുണ്ട്. നല്ല ആളുകള്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ട്. മുന്‍വിധിയോടെ ഒരാളെ സമീപിക്കരുത് എന്ന ഒരു വലിയ സത്യം ആ ബംഗാളി എനിക്ക് പഠിപ്പിച്ചു തന്നു...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ