യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 ജനുവരി 12, വ്യാഴാഴ്‌ച

ഗോവയിലെ ഒരു രാത്രി

ഈ കഥ നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഞാനും തൊമ്മനും അരുണും കൂടെ ഗോവയിലേക്ക് പോയി.
പകൽ അവിടെയുള്ള കടലിലെ പരിപാടികൾ എല്ലാം കഴിഞ്ഞ് രാത്രിയായി. ഗോവ ഏതാണ്ട് ഉണർന്ന മട്ടായി.
ഗോവവിയിലെ പേരു കേട്ട നിശാ ക്ലബ്ബിലേക്ഞാ നും അരുണും നടന്നു. അവിടെ ആണുങ്ങൾക്ക് അകത്തേയ്ക്കു കയറണം എങ്കിൽ കാശുകൊടുക്കണം അതല്ല എങ്കിൽ കൂടെ പെണ്ണ് വേണം. ഇത് രണ്ടും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഗോവയിലെ തെരുവുകളിലൂടെ നടന്നു.

അങ്ങനെ നടന്നു നടന്നു ഏതോ ഒരു ക്ലബ്ബിന്റെ മുൻപിൽ എത്തി. കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നത് കൊണ്ടാണോ എന്തോ അവിടെ ഉള്ള ഒരാൾ ഞങ്ങളുടെ അടുത്തേക് വന്നു. എന്താണ് അകത്തേക്ക് കയറാത്തത് എന്ന് ചോദിച്ചു. കൂടെ പെണ്ണില്ല എന്നും നമ്മൾ ഉദ്ദേശിക്കുന്നത് ഒരു ഡാൻസ് ചെയ്യാൻ പറ്റിയ സ്ഥലം ആണെന്നും പറഞ്ഞു. ഞങ്ങളെ അടിമുടി നോക്കിയതിനു ശേഷം ആൾ ഒരു നമ്പർ തന്നു. ഒരു ക്ലബ്‌ ഉണ്ട് എന്നും. അതിലെ ആളുടെ നമ്പർ ആണെന്നും പറഞ്ഞു.
ആ നമ്പറിൽ വിളിച്ചു വഴി ചോദിച്ചു, സ്കൂട്ടർ എടുത്ത് ഇറങ്ങി.

സ്ഥലം ഏകദേശം എത്താറായപ്പോൾ ആ നമ്പറിലേക് ഒന്ന് കൂടി വിളിച്ചു. ആരും എടുക്കുന്നില്ല. അപ്പോഴാണ് ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കൂട്ട തല്ലു നടക്കുന്നത്. ആജനാബാഹു ആയ ഒരാളും കൂട്ടരും ഒരാളെ എടുത്തിട്ട് തല്ലുന്നു. എങ്ങനെയോ ആ അടിയുടെ സീൻ കടന്നു വണ്ടി ഒരിടത്തു വെച്ചു. ഞങ്ങൾ നിർത്താതെ നമ്പറിലേക് വിളിച്ചോണ്ട് ഇരുന്നു.
അടി കഴിഞ്ഞ ആ ആജനാബാഹുവും സംഘവും ഞങ്ങൾ നിന്ന ഇടത്തേക്ക് നടക്കുകയാണ്. പെട്ടന്നാണ് ആ നമ്പറിന്റെ അങ്ങേ തലയ്ക്കു ഒരാൾ സംസാരിക്കുന്നതു. നോക്കുമ്പോൾ ഈ ആജാനബാഹു ആണ് ആൾ. ഭയം കൊണ്ടാണോ എന്ന് അറിയില്ല പെട്ടന്ന് ഒരു വിറയൽ. ആളോട് അടിയുടെ കാര്യം ചോദിച്ചു. അപ്പോൾ ആൾ പറഞ്ഞത് അകത്തുള്ള ഏതോ പെണ്ണിനെ കേറി പിടിച്ചു അതിന്റെ ഇടിയാണ് എന്നാണ്. ഞങ്ങളുടെ കയ്യിൽ അയാൾ ആ രാത്രിയിലെ എൻട്രി പച്ച കുത്തി.

അങ്ങനെ ഞാനും അരുണും ആ മായ ലോകത്തേക്ക് കടന്നു. അവിടെ എല്ലാവരും മതി മറന്നു നൃത്തം ആടുകയാണ്. ഈ ക്ലബ്ബിന്റെ പ്രധാന വരുമാനം നമ്മൾ കുടിക്കുന്ന മദ്യമാണ്. ഞാനും അരുണും മദ്യം കഴിക്കില്ല. ഞങ്ങൾ അവർക്കൊരു നഷ്ടം എന്ന് തോന്നിയ കൊണ്ടാകാം അവർ മറ്റൊരു ഡീൽ മുന്നോട്ട് വെച്ചത്. മദ്യം അവിടെയുള്ള പെണ്ണുങ്ങൾക്ക് വാങ്ങി കൊടുക്കാം. അവർ നമ്മളുടെ കൂടെ നൃത്തം ചെയ്യും.
കയ്യിൽ ഇരുന്ന കാശ് കൊണ്ട് ആർക്കു മദ്യം വാങ്ങും എന്ന ആശയകുഴപ്പം ആയി. ഓരോരോ തരുണിമണികൾ അവർക്കു എന്നത് പോലെ മാടി വിളിക്കുന്നു. കൃത്യം സമയം രണ്ടു റഷ്യൻ സുന്ദരികൾ വേദിയിലേക്കു വന്നു. ഞാൻ അരുണിനെ നോക്കി. രണ്ടാളും അവിടെയുള്ള കൂടിയ മദ്യം വാങ്ങി സുന്ദരികളുടെ അടുത്തേക് നീങ്ങി. മദ്യം കുടിച്ചു കൊണ്ട് അവർ ഞങ്ങളോടൊപ്പം നൃത്തം വെച്ചു, മദ്യത്തിന്റ സമയം തീരുന്നതു വരെ. ഒരു സ്വപ്നമെന്ന പോലെ ആ സുന്ദരികൾ വിടവാങ്ങി. ഇനി ബാക്കിയുള്ള നാട്ടിലെ സുന്ദരികൾക്ക് മദ്യം വാങ്ങാം എന്നുകരുതി പോക്കറ്റിൽ നോക്കിയപ്പോഴാണ് ആ നഗ്ന സത്യം തിരിച്ചറിയുന്നത്. ഇനി ഇടാൻ കയ്യിൽ പൈസയില്ല. അവിടെ തന്നെ നൃത്തം ചെയ്യുക മാത്രമേ വഴിയുള്ളു. അങ്ങനെ നൃത്തം ചെയ്യുന്ന ഞങ്ങളുടെ മേൽ ഓരോരോ കണ്ണുകൾ പതിഞ്ഞു തുടങ്ങി. എല്ലാവരോടും കാശില്ല എന്ന ആംഗ്യം കാണിച്ചു.

കാശില്ലാത്തപ്പോൾ ആരുമില്ല എന്നു കരുതി. അപ്പോഴാണ് ആ കൂട്ടത്തിലെ ചുവന്ന വസ്ത്രമിട്ട ഒരു സുന്ദരി എന്റെ അടുത്തേക്ക് വന്നത്. എന്റെ ആംഗ്യം മനസ്സിൽ ആകാത്ത കൊണ്ടാണോ എന്തോ. അവരോടു അറിയുന്ന മുറി ഹിന്ദിയിൽ ഞാൻ പറഞ്ഞു, എന്റെ കയ്യിൽ പൈസ ഇല്ല എന്ന് . അവർ കാശു വേണ്ട എന്നു പറഞ്ഞു നൃത്തം ചെയ്തു തുടങ്ങി. സമയം ഒരുപാട് രാത്രിയായപ്പോൾ അവരോടു നാളെ കാണാം എന്ന വക്കിൽ ഞങ്ങൾ വിട വാങ്ങി.

പല കാരണങ്ങൾ കൊണ്ട് അവരെ കാണാൻ വെച്ച രാത്രി എനിക്ക് അവിടേക്കു പോകാൻ പറ്റിയില്ല.
ഇന്നും ഈ ഓർമ ഒരു സ്വപ്ന കഥപോലെ ഉള്ളിൽ കിടക്കുന്നു. ഇനി കാണാൻ ആകുമോ ആ സുന്ദരിയെ 

2020 ജനുവരി 9, വ്യാഴാഴ്‌ച

യാത്ര

യാത്രകള്‍ എന്നും ഒരു പ്രത്യേകതരം മാന്ത്രിക വശ്യത എന്നില്‍ നിറച്ചിരുന്നു. എസ്‌ കെ പൊറ്റെക്കാട്ട് എഴുതിയ യാത്ര വിവരങ്ങളും കഥകളും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. എന്നെങ്കിലും അതുപോലെ ഒക്കെ യാത്ര ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. കാലം കുറെ മുന്‍പോട്ടു പോയി. പിന്നീടു സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം ആയിരുന്നു പ്രിയം.

എന്തെ യാത്ര വിവരണം ഒന്നും എഴുതുന്നില്ലേ എന്ന് മനോജ്‌ ഭായ് ചോദിച്ചു. ഇന്ന് ബ്ലോഗ്‌ മാറി വ്ലോഗ് ആയി. ഒരു സ്ഥലം കണ്ടു അറിഞ്ഞു എഴുതുന്നതും പറയുന്നതും എല്ലാം മാറി ലൈവ് ആയിയും അല്ലാതെയും സ്ഥലത്ത് പോകുന്ന എല്ലാവരും വിവരണങ്ങള്‍ ഇട്ടു തുടങ്ങി. അതില്‍ എനിക്കായി ഒരു പുതുമയും കൊണ്ട് വരാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഞാന്‍ അത് കൊണ്ട്  ബഷീര്‍ പോയ വഴിയെ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ പലപ്പോഴായി എഴുതാം എന്നാണ് കരുതുന്നത്. യാത്രയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എഴുതണം എന്ന് തോന്നി. പ്രധാനമായി ഓവര്‍ടൂറിസം എന്ന പ്രതിഭാസം.

ഇന്ന് ഇതിനൊക്കെ എന്ത് പ്രസക്തി എന്നാകാം ചിന്തിക്കുന്നത്. ഇന്ന് യാത്ര ഒരു സ്റ്റാറ്റസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥലം കാണുക എന്നതില്‍ ഉപരി ഞാന്‍ ആ സ്ഥലത്ത് പോയി എന്ന് നാലാള്‍ അറിയണം. ഇങ്ങനെ ഉള്ള പലേ കാരണങ്ങള്‍ കൊണ്ട് ഞാന്‍ പ്രതീക്ഷിച്ച അനുഭവങ്ങള്‍ അല്ല മിക്കപോഴും എനിക്ക് കിട്ടുന്നത്. പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ ആളുകളുടെ കൂട്ടം ആണ്. ആര്‍കും നേരെ ചൊവ്വേ സ്ഥലമോ അനുഭവമോ കാണാന്‍ പറ്റാത്തത് പോലെ. എല്ലാര്‍ക്കും തിരക്കാണ്. ഒരു സ്ഥലം കഴിഞു അടുത്ത സ്ഥലത്തേക് പോകാനായി. തിരക്ക് മാത്രമല്ല പ്രശ്നം.. ആളുകള്‍ കൂടുമ്പോള്‍ പലതരത്തില്‍ ഉള്ള  ആളുകള്‍ വരും. വരുന്നതില്‍ കുറെ ആളുകള്‍ നാളെ അതെ സ്ഥലം വീണ്ടും വരണം എന്നില്ല. പ്ലാസ്റ്റിക്‌ മുതലായ മാലിന്യങ്ങള്‍ പലേ ഇടത്തും കാണാം. നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍ അതിന്‍റെ സത്ത മാറി മറ്റെന്തോ ആയി മാറിക്കൊണ്ടിരിക്കുന്നു. തിരക്കിനനുസരിച്ചു കടകമ്പോളങ്ങള്‍ വളരുന്നു.

പ്രകൃതിയുടെ അവസ്ഥ ഇതാണെങ്കില്‍ ചരിത്ര സ്മാരകങ്ങളുടെ അവസ്ഥ മറ്റൊന്നാണ്. അവിടെ നീണ്ട വരിയാണ്. ട്രാവല്‍ ഏജന്‍സികല്‍ ഈ നാട്ടില്‍ എത്രയുണ്ട് എന്നതിന് കണക്കും ഇല്ല. ഏജന്‍സികളും സാമൂഹ്യ മാധ്യമങ്ങളും എഡിറ്റു ചെയ്ത ചിത്രങ്ങളും മറ്റുമായി നമ്മളുടെ ഉള്ളില്‍ യാത്രക്ക് ഉള്ള മോഹം നമ്മളുടെ ഉള്ളില്‍ ഇടും.

ഇത്രയും എഴുതിയത് യാത്ര മോഹികളെ നിരാശരാക്കാന്‍ അല്ല .പരസ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വേര്‍തിരിക്കുന്നു എന്നെ ഉള്ളു. യാത്ര പോകരുത് എന്ന് ഞാന്‍ പറയില്ല. നാം പോകുമ്പോള്‍ എ സ്ഥലത്ത് നമ്മളാല്‍ ദ്രോഹം ചെയ്യാതെ ഇരിക്കാം.നമ്മളാല്‍ ചെയ്യാവുന്ന സഹായം ചെയ്യുകയും ചെയ്യാം.

യാത്രകളും അനുഭവങ്ങളും അറിയാനും അറിവ് പകരാനും ആകട്ടെ, കാണിക്കണോ തിരക്കിനോ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ തന്നെയാണ് ഇഷ്ടം.
ഉത്തരവാദിത്തമുള്ള ഒരു സഞ്ചാരിയായി തീരട്ടെ എന്നാശംസിക്കുന്നു.

2019 ജനുവരി 7, തിങ്കളാഴ്‌ച

അവസാനയാത്ര

അവര്‍ തമ്മില്‍ കലഹം നടക്കുന്ന സമയം ആണ്. കലഹം അതിന്‍റെ കൊടുമുടിയില്‍ എത്തി നില്കുന്നു. അറിയാതെ അവള്‍ പറഞ്ഞു വേറെ ആളെ നോക്കു എന്ന്. അവനു എന്ത് ചെയ്യണം എന്നറിയില്ല. അമ്മയുടെ മടിയിലേക്ക്‌ പോയാലോ എന്നൊക്കെ അവന്‍ ഓര്‍ത്തു. അങ്ങനെ പോകാന്‍ നില്‍കുന്ന സമയം ആണ് അത് സംഭവിക്കുന്നത്. അവനോടു രാത്രി 8 മണിക്ക് സംസാരിക്കാം എന്ന് അവള്‍ സമ്മതിച്ചു. അവസാനത്തെ സംസാരമാകാം. തിരക്കിട്ട അവന്‍റെ ജോലി കഴിഞ്ഞു മുറിയിലേക്ക് നടക്കുകയാണ്. അപ്പോള്‍ ദൂരെ ഒരു പരിചിത മുഖം. അവളാണോ എന്നവന്‍ സംശയിച്ചു. ഒന്ന് കൂടെ അവന്‍ നോക്കി. അവള്‍ ആകാന്‍ സാദ്യത ഇല്ല. അവള്‍ അങ്ങ് ദൂരെ അല്ലെ. അവന്‍ മുറിയിലേക്ക് നീങ്ങി. അവന്‍റെ ഫോണ്‍ ചിലച്ചു. നോക്കിയപ്പോള്‍ അവളുടെ വിളിയാണ്. അവന്‍ എടുത്തു. അവള്‍ പറഞ്ഞു തിരിഞ്ഞു നടക്കാന്‍. ആ ദൂരെ കണ്ട നിഴല്‍ അവള്‍ ആയിരുന്നു.  അവനെ കാണാന്‍ അവള്‍ ദൂരം താണ്ടി വന്നിരിക്കുന്നു. അവസാന യാത്ര എന്ന് മനസ്സില്‍ കണ്ട്, പ്രിയപ്പെട്ട വസ്ത്രവും മോതിരവും എല്ലാം അണിഞ്ഞു അവള്‍ അതാ നില്‍കുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ പകച്ചു. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു നെറുകില്‍ ചുംബിച്ചു. ഇത് വരെ അടക്കിയ ദുഃഖം എല്ലാം അവര്‍ കരഞ്ഞു തീര്‍ത്തു.

അത് അവസാനത്തെ യാത്ര തന്നെ ആയിരുന്നു. ജീവിതത്തിന്റെ അല്ല, പക്ഷെ ഒരു കൂട്ടം വേദനകളില്‍ നിന്നുള്ള, ആനന്ദത്തിലേയ്ക്കുള്ള അവരുടെ യാത്ര.

മടിത്തട്ട്

കൊച്ചിയിൽ നിന്നും മധുരയിലേക്കുള്ള KSRTC വണ്ടിയിൽ കൂട്ടുകാരോടൊപ്പം കയറി. ജനലരികിലാണ് ഞാൻ ഇരുന്നത്. ജനുവരിയാണ് എങ്കിലും പതിവിൽ കവിഞ്ഞുള്ള തണുത്ത കാറ്റ്. സമയം രാത്രി 8 കഴിഞ്ഞു. നക്ഷത്രങ്ങളേ നോക്കി യാത്ര തുടരുകയാണ്. ഈ  കാലാവസ്ഥയിൽ മനസ്സിന്റ ആഴങ്ങളിലുള്ള ഓർമ്മകൾ ഈയൽ കൂട്ടം പോലെ വെളിച്ചം തേടി പുറത്തേക്കു വന്നു.
പുതുവർഷത്തിൽ അപ്രതീക്ഷമായിരുന്നു മണലിയുടെ ഫോൺ വിളി. ആളുടെ അമ്മയും മരിച്ചു പോയി. മണലി പറഞ്ഞ ഓരോ വാക്കുകളും എന്നെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി.
ലിപിയും ഭാഷയും ഒന്നുമില്ലാതെ എന്റെ കാര്യങ്ങൾ മനസ്സിലാക്കിയ ഏകയാൾ.
അമ്മയുടെ മടിത്തട്ടിലിരുന്നാണ് എല്ലാം സംസാരിക്കാറുളളത്, വിഷമവും സന്തോഷവും എല്ലം...
നടക്കില്ല എന്നറിയുമെങ്കിലും ഇടയ്ക്ക് ഞാൻ ആഗ്രഹിക്കും നാളെ ഉറങ്ങി എണീയ്ക്കുന്നത് അമ്മയുടെ മടിത്തട്ടിലിലാകണം എന്ന്. ഇതു വരെയുള്ള എല്ലാ കഥകളും പറയണമെന്നും ഒക്കെ.
ഒട്ടും പറ്റാതെ വരുമ്പോൾ തലച്ചോറ് ആഗ്രഹങ്ങൾക്കൊക്കെ ജീവതാനുഭവം പോലെ തോന്നിപ്പിക്കുന സ്വപ്നങ്ങൾ തരും...

2018 ജനുവരി 9, ചൊവ്വാഴ്ച

ഭയ്യ

ഭാരതത്തിന്‍റെ വടക്കേ അറ്റത്തേക്ക് ഒരു യാത്ര പണ്ടേ ഒരു സ്വപ്നമായിരുന്നു. പുസ്തകങ്ങളില്‍ മാത്രം കണ്ട വാഗ അതിര്‍ത്തിയും, സുവര്‍ണ്ണ ക്ഷേത്രവും, രാജസ്ഥാനും, താജ് മഹലും, ഋഷികേശും ഒക്കെ.പല സങ്കല്‍പങ്ങളും ഈ യാത്രയില്‍ മാറി മറഞ്ഞു. നേരില്‍ ഉള്ള യാത്ര അനുഭവങ്ങളെ പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ല.
ഇ യാത്രയില്‍ എന്‍റെ മനസ്സില്‍ ഒരിക്കലും മായാതെ നില്‍കുന്നത് വില്‍സണ്‍ന്‍റെ വീടിനു പുറത്തു വെച്ച് കണ്ട കൊച്ചു പെണ്‍കുട്ടി ആണ്. ഞാനും അമൃതും അഖിലും യാത്ര എല്ലാം കഴിഞ്ഞു, വില്‍സണ്‍ന്‍റെ വീടിനോടും യാത്രയോടും വിട പറഞ്ഞു റോഡ്‌ കടക്കാന്‍ പാലം കയറിയ സമയം. വഴില്‍ എന്തോ കളിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അവള്‍ എന്നോട് പൈസ ആവശ്യപെട്ടു. പതിവ് പോലെ ഒഴിഞ്ഞു മാറാന്‍ നേരം അവള്‍ എന്‍റെ കാലില്‍ കെട്ടി പിടിച്ചു പൈസ ചോദിച്ചു. അവളുടെ മുഖത്ത് അത് ഒരു തമാശ രീതിയില്‍ ആയിരുന്നു. ഭയ്യ ഒരു 10 രൂപ തരു എന്ന് അവള്‍ പറഞ്ഞു. പൈസ കൊടുത്താല്‍ നാളെ ഇങ്ങനെ ചെയ്താല്‍ പൈസ കിട്ടും എന്ന്‍ ആ കൊച്ചു മനസ് വിചാരിക്കും. അമൃതും അഖിലും ദേഷ്യപ്പെട് കുട്ടിയെ ഓടിക്കാന്‍ പറഞ്ഞു. അറിയാവുന്ന മുറി ഹിന്ദിയില്‍ ഇല്ല പറ്റില്ല എന്നൊക്കെ പറഞ്ഞു കുട്ടിയെ മാറ്റി..

2017 മേയ് 9, ചൊവ്വാഴ്ച

ഒരു കപ്പൽ യാത്ര

ഒരുപാട് കാലമായി മനസ്സിൽ ഉള്ള ഒന്നാണ് കപ്പൽ യാത്ര. അത് ദിവസങ്ങളോളും നീളുന്ന, അവസാനം വരെ മുൾമുനയിൽ നിൽക്കുന്ന ഒന്നായത് ഈയടുത്താണ് .
കപ്പലിന്റെ ടിക്കറ്റ് കിട്ടിയത് വെള്ളിയായ്ച്ച ആണ്. അന്ന് വൈകുന്നേരം അരവിന്ദ് വൈറ്റില കൊണ്ട് വിട്ടു. അവിടെ നിന്നും ബസ് കയറി മദ്രാസ്. വഴിയും സ്ഥലവും അറിയാത്ത എന്നെ ചാക്കിട്ടു പിടിക്കാൻ നിരവധി ഓട്ടോക്കാർ. അതിനിടയിൽ നിന്ന് എന്നെ മണി അണ്ണൻ രക്ഷപെടുത്തി . ആൾ അവിടെ കല്ലടയുടെ ഗ്രൗണ്ട് സ്റ്റാഫ് ആണ്. അയാളുടെ ഒരു ചെറിയ ഷെഡിൽ എന്നെ കൊണ്ട് പോയി. അയാളുടെ ഭക്ഷണം പകുതി തന്നു. കുളിക്കാനും വിശ്രമിക്കാനും ഉള്ള ഏർപ്പാടും ചെയ്തു തന്നു . അണ്ണന്റെ ശിഷ്യൻ ആണ് ഏജൻസിയിലേക്ക് കൊണ്ട് പോയത്. ഫോണിൽ സംസാരിച്ച രേവതിയെ കാണാൻ ആണ് ആൾ വന്നത്.
അവിടെ ഏജൻസിയിൽ മാരിയപ്പനെ കണ്ടു. എന്നെ ഒരു യൂബർ വണ്ടയിൽ രേവതിയും മറ്റൊരു സ്റ്റാഫും കൂടി ഷിപ്പിംഗ് ഓഫീസിൽ എത്തിച്ചു. പിന്നെ അവിടെ കാത്തിരുപ്പ് . മറ്റൊരു ടീമിന്റെ ടിക്കറ്റ് എനിക്ക് തന്നിരുന്നു. അവർക്കു ടിക്കറ്റു കൊടുത്തതിനു ശേഷം ഹാർബറിലേക് ബസ് കയറി. 

അവിടെ പട്ടാളക്കാരുടെ ഒരു നീണ്ട നിര. ഏതോ ക്യാമ്പ് ആണെന്ന് തോന്നുന്നു. ബാഗ് സ്കാനിംഗ് ഉണ്ട്. ധനികരായ ഒരുപാട് ബാഗുകൾ ള്ള ആളുകളുടെ ബാഗ് പോർട്ടർമാർ ഇടയിലൂടെ കയറ്റുന്നുണ്ട്. ഞാൻ എന്റെ ബാഗും അതുപോലെ കയറ്റിവിട്ടു. 

കപ്പൽ അത്യാവശ്യം വലുതാണ്. ബങ്ക് ക്ലാസ് ആണ്. ഏറ്റവും അടിയിൽ ആണ് കിടക്ക. ഒരു വലിയ ഡോര്മിറ്ററി പോലെയുണ്ട്. എന്റെ അടുത്ത നമ്പർ ചോദിച്ചു വന്ന രണ്ടു മലയാളികളെ പരിചയപെട്ടു. ഹാജിയാരും ബാലൻ ചേട്ടനും. എന്റെ ബാഗും എടുത്ത് അങ്ങോട്ട് പോയി. കിടക്ക മോശം ഇല്ലാത്ത ഒന്നാണ്. കപ്പൽ ഒരു ഏഴു മണിയോടെ നീങ്ങി തുടങ്ങി. കര അകന്നു തുടങ്ങി.

രാവിലെ ഒഴിച്ചാൽ എല്ലാ നേരവും ചോറാണ് ആഹാരം. മുഴുവൻ ഭക്ഷണത്തിന്റെ പൈസ കൊടുത്ത് കൊണ്ട് എടുക്കണ്ട അവസ്ഥ. നല്ല എരിവും ചൂടും ഉള്ള ആഹാരം. പകൽ മാത്രം വ്യത്യാസം ഉള്ള എന്തെങ്കിലും കിട്ടും. ദോശ,ഉപ്പുമാവ്,ചപ്പാത്തി അങ്ങനെ. മുട്ട എല്ലാ ദിവസവും എല്ലാ നേരവും കിട്ടും.

മിക്ക സമയവും കപ്പലിന്റെ ഡെക്കിൽ ആണ് സമയം ചിലവഴിച്ചത്. അവിടെ എങ്ങു നോക്കിയാലും കടൽ . നീലയും ശാന്തവുമായ ബംഗാൾ ഉൽ കടൽ. അവിടെ വെച്ച് പരിചയപ്പെട്ട നേവിയിലെ ഉദ്യോഗസ്ഥർ ആയ അഖിലാഷ്, നന്ദു,രാജൻ (പഞ്ചാബ്),എച്.ജി (ജർമ്മനി)
2 8  ആയിരുന്നു പ്രധന വിനോദം. ഞാനും ഹാജിയാരും രാജനും അപ്പുറത്തെ തമിഴ് അണ്ണനും ചേർന്ന മത്സരിച്ചുള്ള കളി . പിന്നെ ഉറക്കവും .   ഇടക്ക് ഷമീർ ഇക്കയും പരിചയപെട്ടു.

ബങ്ക് ക്ലാസ്സിലെ യാത്രക്കാരിൽ ഭൂരിഭാഗവും ആൻഡമാൻ നിവാസികളും കുടുംബവും ഒക്കെ ആണ്. ബങ്കിലേ കക്കൂസും കുളിമുറിയും മോശമാണ്. 

ഡോള്ഫിനുകൾ നീങ്ങുന്നത് കാണാൻ വളരെ മനോഹരമാണ്.  സൂര്യോദയവും അസ്തമനവും  കൺകുളിർക്കെ കാണാവുന്ന ഒന്നാണ്. കപ്പലിലെ എൻജിൻ തകരാറു മൂലം അഞ്ചു ദിവസവും കടലിൽ തന്നെ ആയിരുന്നു. എല്ലാവരും സമയം നഷ്ടപ്പട്ടു എന്ന് പറയുമ്പോഴും കടലിനെ നോക്കി ഇരിക്കാൻ കൂടുതൽ സമയം കിട്ടിയത് കൊണ്ട് എനിക്ക് സന്തോഷം ആണ്.

ഒരുപാടു എഴുതണം എന്നുണ്ട് എങ്കിലും സമയവും സ്ഥലവും അതിനനുവദിക്കുന്നില്ല. കടൽ ഇഷ്ടം ഉള്ള ആളുകൾ ഒരിക്കലെങ്കിലും ഈ യാത്ര നടത്തണം എന്നാണ് പറയാനുള്ളത്. കപ്പലിൽ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ ആളുകൾ കടലിലേക്ക് വെറുതെ എറിയുകയാണ്. ഭൂമിയുടെ ഒരു ഭാഗം നാം നശിപ്പിച്ചു ഇനി ഇ കടലിനു എത്ര നാൾ, ആർക്കറിയാം....
 

2016 മേയ് 15, ഞായറാഴ്‌ച

അപരിചിതര്‍


രമണ ആശ്രമം സ്റ്റോപ്പ്‌ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും കഴിഞ്ഞു. തിരിച്ചു നടന്നു ഒരു ചായ കടയില്‍ കയറി. അവിടെ ഉള്ള ആളുകള്‍ ഭക്ഷണം തരുന്നത് ഒരു വീടിലെ അതിഥി വരുമ്പോള്‍ തരുന്നത് പോലെ ആയിരുന്നു. കൂടെ കഴിച്ചു കൊണ്ടിരുന്ന ഒരു അമ്മുമ്മ വരെ ഭക്ഷണം എടുത്തു തന്നു. അതിനെ ശേഷം ആശ്രമത്തിലേക്കു പോയി.

രമണ ആശ്രമത്തില്‍ നിന്ന് പുറത്ത് ഇറങ്ങി, കുറച്ചു ദൂരം ചെന്നപ്പോള്‍ ഉന്തിക്കൊണ്ടുപോകുന്ന ചക്രങ്ങളുള്ള കസേരയില്‍ ഇരുന്ന ഒരാള്‍ സമയം ചോദിച്ചു. സമയം ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ക്ക് ഏതോ ഒരു സ്ഥലം വരെ എത്തണ്ട സമയമായി എന്നും അയാളെ ആ സ്ഥലം വരെ വണ്ടിയില്‍ ഉന്തി എത്തിക്കാമോ എന്നും ചോദിച്ചു. എനിക്ക് വേറെ പരിപാടികള്‍ ഇല്ലാത്തതു കൊണ്ടും ഞാന്‍ പോകുന്ന വഴിയിലാണ് അയാളുടെ സ്ഥലം എന്നതിനാലും അയാളെയും ഉന്തിക്കൊണ്ടു ആ വഴി ഞാന്‍ നടന്നു. അയാളുമായി പോകുന്ന വഴിയെ കുറേ സംസാരിച്ചു. അയാള്‍ക്ക് അയാളുടെ സഹോദരനായാണ് തോന്നുന്നത് എന്ന് പറഞ്ഞു അയാള്‍ പൊയി.


തിരിച്ചു ആശ്രമത്തില്‍ വന്നു.അവിടെ പലതരത്തിലുള്ള ആളുകള്‍ ഉണ്ട്. വിദേശിയര്‍,ഇന്ത്യക്കാര്‍, അങ്ങിനെ. പിന്നെ മയിലുകള്‍,കുരങ്ങന്മാര്‍,പട്ടികള്‍ അങ്ങനെയും അന്തേവാസികള്‍ ഉണ്ട്. അവരെ എല്ലാം നോക്കി ആശ്രമം ചുറ്റി നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ അവിടെ കണ്ട ഏതോ ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ഉടക്കി. കുറേ നേരത്തിനു ശേഷം അവര്‍ എന്നോട് വന്നു എന്തൊക്കെയോ സംസാരിച്ചു. ആ കുട്ടിക്ക് തലക്ക് സുഖം ഇല്ല എന്നാണ് അവിടുത്തെ ആളുകള്‍ എന്നോട് പറഞ്ഞത്. പക്ഷെ എന്നോട് സംസാരിച്ചപ്പോ എനിക്കത് തോന്നിയില്ല. അവര്‍ ഇപ്പോഴും ചിരിച്ചും സന്തോഷിച്ചുമാണ് നടക്കുന്നത്. സന്ധ്യക്ക്‌ ആശ്രമത്തില്‍ രമണ മഹര്‍ഷിയുടെ കഥകള്‍ വായിക്കും. അവിടെ അവര്‍ വന്നിരുന്നു. ഓരോ നര്‍മ കഥകള്‍ക്കും അവര്‍ മതിമറന്നു ചിരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ബാക്കി ആളുകളും, കഥ പറയുന്ന ആളും അവരെ ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു. അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. കുറേ സമയത്തിന് ശേഷം അവര്‍ തിരിഞ്ഞു നോക്കി എന്നെ കണ്ടു. അവര്‍ എഴുനേറ്റു നിന്ന് എന്നെ തൊഴുതു അവിടുന്ന് പോയി. ആളുകളുടെ നോട്ടം എന്നിലെക്കായി. അന്ന് എന്റെ ആശ്രമത്തിലെ അവസാനത്തെ ദിവസമായിരുന്നു. ആളുകള്‍ എന്നോട് ഈ പറയപെടുന്ന കുട്ടിയെ പറ്റി മോശം പറഞ്ഞു. വട്ടാണ് , സൂക്ഷിക്കണം എന്നൊക്കെ. ഇത് പറഞ്ഞുകൊണ്ടിരിക്കുന്ന സമയം അവര്‍ എന്നെ വന്നു വിളിച്ചു. എന്നിട്ട് എന്നോട് ഒരു രഹസ്യം പറഞ്ഞു. ഇപ്പോഴും അതെനിക്ക് ഓര്‍മയുണ്ട്.

രാത്രിയിലെ ആഹാരം കഴിച്ചു പുറത്ത് ഇറങ്ങിയപ്പോഴാണ് ഹരി എന്നാ ആളെ കാണുന്നത്. അദ്ദേഹത്തോടൊപ്പം കുറേ സംസാരിച്ചു, പുറത്ത് പോയി.എന്തോ ഒരു അപരിചിതനായി എനിക്കയാളെ തോന്നിയില്ല. അടുത്തറിയാവുന്ന ആരോ ഒരാള്‍ എന്നാ ചിന്തയാണ്.


ഈ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തിരുന്നപ്പോള്‍ ഓര്‍ക്കുകയായിരുന്നു. അവിടെ ഞാന്‍ സ്ഥിരം കാണാറുള്ള കുറച്ച ആളുകള്‍ ഉണ്ട് അവരുടെ സ്ഥലമെതെന്നോ ഭാഷ ഏതെന്നോ അറിയില്ല. അവര്‍ പ്ലാറ്റ്ഫോമില്‍ ഒരു സംഘമായി ഇരിക്കും, എന്നിട്ട് സംസാരിക്കുന്നതു കാണാം. അന്നാദ്യമായി അതിലെ ഒരാള്‍ എന്നോട് സംസാരിച്ചു. 


ഇന്നലെ വരെ അപരിചിതര്‍ ആയിരുന്ന ആളുകള്‍ ആ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ ആയി എന്നാ തോന്നല്‍. ഈ കണ്ട ആളുകളെ ഒക്കെ കണ്ടത് ഒരു നിയോഗമാണോ അതോ...


2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

യന്ത്രമനുഷ്യന്‍

ആദ്യമായി ഞാന്‍ തനിയെ ദൂരെ പോകുന്നത് കൊട്ടരക്കരയുള്ള ജേക്കബ്ബിന്റെ വീടിലേക്കാണ്.  അന്നത്തെ യാത്രയില്‍ എന്‍റെ അടുത്തിരുന്ന ആള്‍ നന്നായി മദ്യപിച്ചിരുന്നു. അയാളുടെ കഥകള്‍ കൊട്ടാരക്കര എത്തുന്നത്‌ വരെ എന്നോട് പറഞ്ഞു.  ബസ്സിലെ മിക്ക ആള്‍ക്കാരും അയാളെ ഒരു പുച്ഛത്തോടെയാണ് നോക്കിയത്. എല്ലാ മലയാളികളെയും പോലെ മറ്റുള്ളവരുടെ തെറ്റ് കണ്ടിപിടിക്കുന്നതില്‍ തല്‍പരരായ ആള്‍കാര്‍.


വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു പോയിരിക്കുന്നു. വീണ്ടും ഒരു ദൂരയാത്ര ബസില്‍ നടത്തി. ഇത്തവണ വണ്ടിയില്‍ ഇരുന്ന മിക്ക ആളുകളും അവരുടെതായ ലോകത്താണ്. മൊബൈലില്‍ പാട്ട് കേള്‍കുക്കയോ നെറ്റ് എടുക്കുകയോ ആയിരിക്കും. സാക്ഷി ഭാവത്തില്‍ ചിന്തിച്ചപ്പോള്‍ ഞാനും അത് തന്നെയാണ് ചെയ്യുന്നത് എന്ന് മനസ്സിലായി. ലോകം ഇത്ര പെട്ടന്നു ഇത്രയും മാറി എന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.


ഇന്ന് ലോകം നിയന്ത്രിക്കുന്നത് യന്ത്രങ്ങാളാണ്. അങ്ങനെയുള്ള ഈ ലോകത്ത്‌ മാനുഷികം എന്ന് നമ്മള്‍ വിളിക്കുന്ന പലതും മാഞ്ഞു പോകുന്നതായി തോന്നുന്നു. എവിടെ ചെന്നാലും ആളുകള്‍ മൊബൈല്‍ , ലാപ്ടോപ്പ് തുടങ്ങിയവിയില്‍ ഇന്റര്‍നെറ്റ്, ഗെയിം തുടങ്ങിയവയില്‍ മുഴുകി ഇരിക്കുന്നത് കാണാം. ഞാനും അതേ അടിമത്തത്തിന്റെ ഇരയാണ്. ലോകം മുഴുവന്‍ മായ ആണെന്ന് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. മായ ലോകത്തില്‍ മനുഷ്യന് മറ്റൊരു മായ ലോകം സൃഷ്ട്ടികാന്‍ കഴിഞ്ഞു!

ഇന്ന് ഒരപകടം നടന്നാല്‍ ആദ്യാല്‍ അയാളെ സഹായിക്കുന്നതിന് പകരം  ആ ചിത്രം തന്റെ മൊബൈലില്‍ പകര്‍ത്താനായാണ് ആളുകള് താല്പര്യം. തന്‍റെ ചുറ്റുവട്ടത്തുള്ള ആളുകളെയും സാമൂഹിക വിഷയങ്ങളിലും താല്പര്യം മറ്റു പലതിലുമാണ്.

അങ്ങനെ മനുഷ്യന്‍ പതിയെ ഒരു യന്ത്രമായി മാറുകയാണ്. മനുഷ്യന്‍റെ പുരോഗതികള്‍ തന്നെ അവനെ നശിപ്പിക്കുന്നു.

എല്ലാം മോശം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അധികം ആയാല്‍ അമൃതും വിഷമാണ് എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല....

2014 ജൂലൈ 20, ഞായറാഴ്‌ച

ഇരിട്ടിയും തൃശൂര്‍പൂരവും

ഒരാഴ്ച നീളുന്ന ട്രെയിനിംഗിനായി ഞാന്‍, ശരു, അന്ദ്രു, ജിതിന്‍ (മൊട്ട), എന്‍ എസ് (ജവാന്‍), സുബിന്‍ (കൊച്ചാപ്പി), മനു, ജോണ്‍ എന്ന എട്ടംഗ സംഘം ഇരിട്ടിയിലേക്കുള്ള വണ്ടിയും കാത്തു പാല ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഇരിക്കുകയാണ്. കുടിയാന്‍മല എന്നെഴുതിയ ഒരു വണ്ടി വന്നു. എല്ലാവര്‍ക്കും സീറ്റ്‌ കിട്ടി. ജവാന്‍റെ അളിയന്‍ ഇരിട്ടി സബ് സ്റ്റേഷനില്‍ ഉണ്ട്. പിന്നെ ജോണിന്‍റെ ബന്ധുവിന്‍റെ ഒരു വലിയ ബംഗ്ലാവ് അവിടെ ഉണ്ടെന്നാണ് കേട്ടത്. എനിക്ക് സിനിമ കാണേണ്ടത് കൊണ്ട് ജോണിനോട്‌ ലാപ്ടോപ് എടുക്കാന്‍ പറഞ്ഞിരുന്നു. അവശ്യം എന്‍റെ ആയതു കൊണ്ട് ഞാന്‍ തന്നെയാണ് അത് കൊണ്ട് നടന്നത്.

അവസാനം ഇരിട്ടി എത്തി. നേരം വെളുക്കുന്നതെ ഉള്ളായിരുന്നു. എല്ലാവരും ഇറങ്ങി. മനുവാണ് അവസാനം ഇറങ്ങിയത്. എന്നെ ചീത്ത വിളിച്ചു കൊണ്ടാണ് അവന്‍ വന്നത്. ലാപ്ടോപ് നീ പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്, എന്നിട്ട് നീ എന്താ അതെടുക്കാന്‍ മറന്നത് എന്നവന്‍ ചോദിച്ചു. ജോണിന്‍റെ ലാപ്ടോപ് എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. മനു ആരുടെയോ ലാപ്ടോപുമായാണ് വന്നത്. ബസ്‌ അധികം നീങ്ങുന്നതിനു മുന്നേ മനു ലാപ്ടോപ്പുമായ് പിറകെ ഓടി. ഭാഗ്യം കൊണ്ടായിരിക്കാം ആ ലാപ്പിന്‍റെ ഉടമ വണ്ടി നിര്‍ത്തിച്ചത്, ഇല്ലെങ്കില്‍ മോഷണ കുറ്റത്തിന് എല്ലാവരും ലോക്കപ്പില്‍ കിടന്നേനെ.

ഇനി ജോണിന്‍റെ ബന്ധു വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. ആ വീട് ഒരു പാട് അകലെയാണ്, ലോഡ്ജില്‍ തങ്ങണം എന്ന് അപ്പോഴാണ് അറിയുന്നത്. ആദ്യം കണ്ട ഓട്ടോക്കാരനോട് അടുത്തുള്ള ലോഡ്ജ് ഏതാണെന്ന് ചോദിച്ചു. അയാള്‍ ഒരു വശത്തേക്ക് കൈ ചൂണ്ടി. എല്ലാവരും കൈ ചൂണ്ടിയ ദിശയിലേക്ക് നീങ്ങി. കുറെ നീങ്ങിയപ്പോഴാണ് മനസിലായത്, ടൌണ്‍ കഴിഞ്ഞു, ഇനി ഇവിടെ ലോഡ്ജില്ല എന്ന്. ഞങ്ങള്‍ തിരിച്ചു നടന്നു. അതെ ആളോട് മറ്റൊരുത്തന്‍ വഴി ചോദിച്ചു. ആദ്യം കാണിച്ചു തന്ന ദിശയുടെ നേരെ എതിരാണ് അയാള്‍ ഇപ്പോള്‍ കാണിച്ചത്‌. എല്ലാ ഭാരവും പേറി ഞങ്ങള്‍ കുറെ നടന്നു. “ഫേഷന്‍” എന്ന് പേരുള്ള ഒരു ലോഡ്ജില്‍ എത്തി. അവിടെ ആരും എഴുനേറ്റിരുന്നില്ല. ഞങ്ങള്‍ അവിടെയുള്ള ആളെ വിളിച്ചുണര്‍ത്തി വാടക ചോദിച്ചു. അതിലും കുറവുണ്ടോ എന്നന്വേഷിക്കാന്‍ കൊച്ചാപ്പിയും ജോണും ജവാനും കൂടി വീണ്ടും മുന്നോട്ട് നടന്നു. ബാക്കി എല്ലാവരും ബാഗും ഫേഷന്‍ ലോഡ്ജിന്‍റെ ഉമ്മറത്ത്‌ വെച്ച് കാത്തിരുന്നു. കൊച്ചാപ്പി ഒരു ബാര്‍ അറ്റാച്ച്ഡ് ലോഡ്ജ് കണ്ടുപിടിച്ചു എന്ന് പറഞ്ഞു വിളിച്ചു. കേട്ട പാതി എല്ലാവരും ബാഗും എടുത്തു കൊണ്ട് ആ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുന്നതിനു മുന്‍പ് ലോഡ്ജ് അന്വേഷിച്ചു പോയ സംഘത്തെ കണ്ടു മുട്ടി. ആ ലോഡ്ജില്‍ മുറിയില്ല, മുറി ഒഴിയുമ്പോള്‍ അങ്ങോട്ട്‌ പോകാം എന്നാണ് അവന്‍ പറഞ്ഞത്.

അങ്ങനെ എല്ലാവരും കൂടി ഫേഷന്‍ ലോഡ്ജില്‍ തിരിച്ചെത്തി. എന്തുകൊണ്ടാണ് ആ ലോഡ്ജിനു ഫാഷന്‍ എന്നിടത്തെ ഫേഷന്‍ എന്നിട്ടത് എന്നറിയില്ല. ഞങ്ങള്‍ എട്ടു പേരെ കണ്ടപ്പോള്‍ ലോഡ്ജിലെ ആള്‍ക്കു നല്ല സന്തോഷമായി. എത്ര മുറി വേണം എന്ന് ചോദിച്ചു. എല്ലാവരും പരസ്പരം നോക്കി അവസാനം ഒരു മുറി മതി എന്ന് പറഞ്ഞു. എട്ടു പേര്‍ക്കു ഒരു മുറി അയാള്‍ക് നഷട്മാണ് എന്ന് പറഞ്ഞു. അവസാനം ഞങ്ങള്‍ രണ്ടു മുറിയെടുത്തു.

ചൂടായിരുന്നു സഹിക്കാന്‍ പറ്റാത്തത്. ഫാന്‍ കറങ്ങുന്നുണ്ടോ എന്ന് നോക്കിയാലെ മനസിലാവു. എല്ലാവരും ചീട്ടുകളി തുടങ്ങി. ഇരുപത്തെട്ടായിരുന്നു പ്രധാന കളി. രാത്രിയില്‍ ഉറക്കം പോലും കളഞ്ഞു എല്ലാവരും കളിക്കുകയാണ്.  അടുത്ത ദിവസം ഞങ്ങള്‍ സബ് സ്റ്റേഷനില്‍ പോയി. അന്ന് രാത്രിയിലും ചീട്ടുകളി തന്നെയായിരുന്നു. അടുത്ത ദിവസം ഞാനും കൊച്ചാപ്പിയും ജോണും കൂടി ലോഡ്ജ് അന്വേഷിച്ചു ഇറങ്ങി. ഒന്നും കിട്ടിയില്ല. അവസാനം ഒരാളെ കണ്ടു മുട്ടി. അയാള്‍ പറഞ്ഞത് ഇവിടുത്തെ എല്ലാ നല്ല ലോഡ്ജും ഫില്‍ ആയി. ഒരു രക്ഷയും ഇല്ല എങ്കില്‍ ഫേഷന്‍ എന്നൊരു ലോഡ്ജ് ഉണ്ട്, അവിടെ നോക്ക് എന്നാണ്. ചൂട് സഹിക്കാന്‍ വയ്യാതെ ഞങ്ങള്‍ ഒരു എ.ടി.എം. കൌണ്ടറില്‍ കയറി. എ.സിയുടെ തണുപ്പ് ഞങ്ങള്‍ക്ക് കുറച്ചു ആശ്വാസം നല്‍കി. സെക്യൂരിറ്റി ഇരിക്കണ്ട കസേര ജോണ്‍ എടുത്തു അകത്തിട്ടു. എന്നിട്ട് അതില്‍ ഇരുന്നു. കുറചു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി വന്നു. ഞങ്ങള്‍ അവിടെ നിന്നും ഫേഷന്‍ ലോഡ്ജിലേക്ക് നടന്നു.

വെള്ളിയാഴ്ച ഏതോ ഇലക്‌ഷന്‍ റിസള്‍ട്ട്‌ വരുന്നുണ്ട്. കണ്ണൂര്‍ ആയതിനാല്‍ ഞങ്ങള്‍ വ്യാഴം തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു. ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ എല്ലാവരും ജവാന്‍റെ അളിയന്‍റെ വീട്ടിലെക് പോയി. കുറേ നേരത്തിനു ശേഷമാണു സര്‍ട്ടിഫിക്കറ്റ് അടിച്ചു തുടങ്ങിയത്. എല്ലാം കഴിഞ്ഞപ്പോള്‍ അളിയന്‍ ഇത് ഞങ്ങള്‍ അടുത്ത ആഴ്ച വരുമ്പോള്‍ മതിയയിരുന്നോ എന്നു ചോദിച്ചു. സത്യത്തില്‍ അത് മതിയായിരുന്നു. 

തൃശൂര്‍ വെടിക്കെട്ട് അന്ന് രാത്രിയിലാണ്. ഞാനും മനുവും ശരുവും അന്ദ്രുവും അവിടെ പോകാം എന്ന് തീരുമാനം എടുത്തു. എല്ലാവരും ബസ്‌ കാത്ത് തലശ്ശേരി സ്റ്റാന്‍ഡില്‍ നിന്നു. ആദ്യം വന്ന പച്ച ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിയെങ്കിലും പൈസ കൂടുതലായത് കൊണ്ട് തിരിച്ചിറങ്ങി. അവസാനം എസ്.എസ് ഡീലക്സ്‌ വണ്ടി വന്നു. പാലാ, കോട്ടയം വണ്ടി. വണ്ടിയില്‍ ഇരിക്കാന്‍ സ്ഥലം ഇല്ല. എല്ലാവരും നിന്നു. വണ്ടി കുറെ നീങ്ങിയതിനു ശേഷമാണ് കണ്ടക്ടര്‍ വന്നത്. തൃശൂര്‍ പോകില്ല, കുന്നംകുളം ഇറങ്ങാം. അവിടെ നിന്നും എപ്പളും തൃശൂര്‍ വണ്ടി കാണും എന്നും പറഞ്ഞു. ഞാന്‍ കുന്നംകുളം ടിക്കറ്റ് എടുത്തു. എല്ലാവരും നിലത്തിരുന്നു. എനിക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ സീറ്റ്‌ കിട്ടി. 

രാത്രി ആയതു കൊണ്ട് സ്ഥലം ഏതാണ് എന്ന് അറിയാന്‍ പറ്റുന്നില്ല. കുടവയറുള്ള കിളിയിടെ വയറ്റില്‍ കുറെ നേരം തട്ടി. ആള്‍ എഴുനേല്‍ക്കാതെ കിടക്കുകയാണ്. ഒട്ടുമിക്ക യാത്രക്കാരും ഉറങ്ങുകയാണ്‌. അവസാനം കണ്ടക്ടര്‍ എഴുനേറ്റു. പുള്ളിക്കാരന്‍ വാച്ച് നോക്കി, എന്നിട്ട് കുന്നംകുളം ആയില്ല എന്ന് പറഞ്ഞു. കുറെ നേരത്തിനു ശേഷം കുന്നംകുളം എത്തി. വണ്ടിയില്‍ നിന്നു ഇറങ്ങാന്‍ നേരമാണ് അറിയുന്നത് തൃശൂര്‍ വെടിക്കെട്ട് കാണാന്‍ ഞാന്‍ മാത്രമേ ഉള്ളു എന്ന്. ഇറങ്ങിയ സമയം തന്നെ ഒരു തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് വന്നു. അതില്‍ കയറി. ആ ദിവസത്തെ അവസാനത്തെ വണ്ടിയായിരുന്നു അത്. പൂരമായത് കൊണ്ട് എല്ലാ ഓട്ടോയും മറ്റു വണ്ടിക്കാരും വെടിക്കെട്ട് കാണാന്‍ പോയിരിക്കുകയാണ്. അവിടെ പണ്ട് പഠിച്ചിരുന്ന രെവി മാമന്‍, അഖില്‍, വിഷ്ണു തുടങ്ങിയവര്‍ ഉണ്ടായിരുന്നു. 


ഒരിടത്ത് ഞാന്‍ വെടിക്കെട്ട് കാണുമ്പോള്‍, മറ്റൊരു സ്ഥലത്ത് എന്നോടൊപ്പം വന്നവര്‍ വീട്ടിലേക്ക്‌ മടങ്ങുകയാണ്. വേറൊരു കൂട്ടം ആളുകള്‍ നാളത്തെ റിസള്‍ട്ട്‌ കാത്ത് ഇരിക്കുകയാണ്. ഒന്ന് ചിന്തികുമ്പോള്‍ ലോകം അങ്ങനെയാണ്. ഒരു വശത്ത് ആളുകള്‍ ലോകകപ്പ്‌, സിനിമ തുടങ്ങിയ പലതരം ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ മറ്റൊരു വശത്ത് യുദ്ധവും ഭീതിയുമായി ഒരു കൂട്ടര്‍ ഉണ്ട്...

2014 ജൂലൈ 1, ചൊവ്വാഴ്ച

ഒരു തീവണ്ടി യാത്ര

തീവണ്ടി (ട്രെയിന്‍ എന്ന് മനപ്പൂര്‍വം ഉപയോഗിക്കാത്തതാണ്) യാത്ര എന്നത് എനിക്ക് കുറച്ചു കാലം മുന്‍പ് വരെ ഒരു മുത്തശ്ശി കഥ പോലെയായിരുന്നു. എന്‍റെ യാത്രകള്‍ മുക്കാലും ബസിലാണ്. കോട്ടയത്ത്‌ നിന്നും കണ്ണൂര്‍ വരുന്നതു പോലും മലബാര്‍ ബസ്സിലാണ്. തീവണ്ടിയുടെ അനന്ത സാധ്യതകള്‍ കണ്ണൂര്‍ എത്തിയതിനു ശേഷമാണ് മനസ്സിലായത്. 

ഞാനും റോഷനും തീവണ്ടി കാത്തു നില്‍ക്കുകയാണ്. രണ്ടു പേരും രണ്ടു ദിക്കിലെക്കാണ് പോകുന്നത്. ഗുവാഹട്ടി എക്സ്പ്രസ്സാണ് എന്‍റെ വണ്ടി, റോഷന്റെത് പാസഞ്ചറും. റോഷന്‍ ജെനറല്‍ ടിക്കറ്റാണ് എടുത്തത്‌. എനിക്ക് സ്ലീപര്‍ ടിക്കറ്റും. വണ്ടിയില്‍ തിരക്ക് കാണും, അത് കൊണ്ട് സ്ലീപര്‍ എടുത്താല്‍ കിടന്നു പോകാം എന്ന് റോഷന്‍ പറഞ്ഞത് കൊണ്ടാണ് ജെനറല്‍ എടുക്കാതിരുന്നത്. റോഷന്റെ പാസഞ്ചര്‍ ആദ്യം വന്നു. അവനിരിക്കാന്‍ സ്ഥലം കിട്ടി. അവന്‍ പോയതിനു ശേഷം ഗുവാഹട്ടി വണ്ടിയും നോക്കി പ്ലാറ്റ്ഫോമില്‍ കുറെ നേരം നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റെയില്‍വേയുടെ പരിചിതമായ ആ സ്ത്രീ ശബ്ദം വണ്ടി വരുന്നു എന്നറിയിച്ചു. ആദ്യം ജെനറല്‍ ബോഗി വന്നു. അതിലെ ആളുകള്‍ ഇപ്പോള്‍ ജനല്‍ വഴി പ്ലാറ്റ്ഫോമില്‍  വീണു പോകും എന്ന് തോന്നത്തക്ക തിരക്ക്. ഷര്‍ട്ടിനുള്ളിലെ സ്ലീപര്‍ ടിക്കറ്റ് നോക്കി ഞാന്‍ ചിരിച്ചു. ബോഗികള്‍ പതിയെ എന്നെ കടന്നു പോയി. അവസാനം ആ തീവണ്ടി നിന്നു. സ്ലീപര്‍ എന്നെഴുതിയ ബോഗി കണ്ടു പിടിച്ചു. അവിടുത്തെ തിരക്ക് ജെനറല്‍ ബോഗി പോലെത്തന്നെയാണ്. ബോഗി മാറിയതാണ് എന്ന് കരുതി എല്ലാ സ്ലീപര്‍ ബോഗികളും കയറി നോക്കി. വണ്ടി മാറിപോയി എന്ന് കരുതി കോവാലനെ വിളിച്ചു ലൈവ് സ്റ്റാറ്റസ് നോക്കി. അവസാനം വണ്ടി ഇത് തന്നെ എന്ന് മനസിലാക്കി തിരക്ക് കുറഞ്ഞ ഒരു സ്ലീപറില്‍ കയറി.

വണ്ടി നീങ്ങാന്‍ തുടങ്ങിയതും കുറേ ബംഗാളികള്‍ ഇടിച്ചു കയറി. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത അവസ്ഥ. മൂന്നു പേര്‍ ഇരിക്കണ്ട സ്ലീപര്‍ ബര്‍ത്തില്‍ അഞ്ചോ ആറോ ബംഗാളികള്‍. കുറേ ആളുകള്‍ നിലത്ത് ഇരിക്കുന്നു. ശബരിമല മണ്ഡല കാലം ആയതിനാല്‍ കുറേ ബര്‍ത്തുകളില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ഉറങ്ങുന്നു. ആ ബോഗിയിലെ ഏക മലയാളി ഞാനാണ്. എല്ലാം അന്യ സംസ്ഥാനക്കാര്‍. കിടന്നു പോകാം എന്ന് റോഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ബാഗിന് നല്ല ഭാരം ഉണ്ടായിരുന്നു. കയ്യിലുള്ള കാലന്‍ കുടയില്‍ എന്‍റെയും ബാഗിന്റെയും ഭാരം താങ്ങി കുറേ നേരം നിന്നു.

രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോഴേക്കും ഒരു സംഘം ആളുകള്‍ ഇറങ്ങി. അവിടേക്ക് ഓടി ചെന്നപ്പോഴേക്കും അവിടെ നിന്ന മറ്റൊരു സംഘം ബംഗാളികള്‍ ആ സ്ഥലം കയ്യേറി. ആകെ കിട്ടിയ സ്ഥലവും പോയല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോള്‍ ഒരു ബംഗാളി (ആള്‍ടെ പേര് ഞാന്‍ മറന്നതാണ്)  എന്നെ തട്ടി വിളിച്ചു. അയാള്‍ ബാക്കി ഉള്ള ആളുകളെ തള്ളി നീക്കി എനിക്ക് കുറച്ച് സ്ഥലം തന്നു.

അയാള്‍ ഇരിക്കാന്‍ പറ്റുമേ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. ആള്‍ കയറിയത് മുതല്‍ നില്‍കുകയാണ്‌ എന്നും ഇപ്പോഴാണ്‌ ഇരിക്കാന്‍ പറ്റിയത് എന്നും പറഞ്ഞു. ഈ അവസരത്തില്‍ എനിക്ക് മറ്റൊരു സംഭവം ഓര്‍മ വന്നു. പണ്ട് ഇതുപോലെ ഒരവസരത്തില്‍ എനിക്ക് സ്ഥലം തരാതെ, ഒരു പെണ്ണ് വന്നപ്പോള്‍ സ്ഥലം കൊടുത്ത ഒരു മലയാളിയെ!. ഞാന്‍ എനിക്കറിയാവുന്ന ഹിന്ദി കൊണ്ടു സംസാരിച്ചു. സംസാരത്തിനിടയില്‍ കാപ്പി കൊണ്ടൊരാള്‍ വന്നു. ഈ ബംഗാളി എനിക്ക് കാപ്പിയും ബിസ്ക്കറ്റും മേടിച്ചു തന്നു. അയാളുടെ പെരുമാറ്റത്തില്‍ നിനും ആള്‍ ഒരു നല്ല മനുഷ്യനാണ് എന്നും തോന്നിയത് കൊണ്ടാവാം, അപരിചിതരുടെ കയ്യില്‍ നിന്നുള്ള ആഹാരം വാങ്ങരുത് എന്ന പതിവ് ഉപദേശം ഞാന്‍ മറന്നു പോയി. ആ കാപ്പി കൊണ്ടു വന്ന ആള്‍ താന്‍ ബാക്കി കൊടുക്കാനുള്ള അഞ്ചു രൂപയുടെ ആളെ തപ്പി നടക്കുകയായിരുന്നു. ബംഗാളി അവസാനം എറണാകുളത്തു ഇറങ്ങി.

ഈ സംഭവത്തില്‍ എന്താ ഇത്ര മാത്രം ഉള്ളത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഒരുപാടു പഠിച്ചിട്ടും ജോലി ഇല്ല എന്ന് പറയുന്ന ഒരുപാടാളുകളെ എനിക്കറിയാം. ഇവിടെ ജോലിയുള്ളതു കൊണ്ടാണല്ലോ ബംഗാളില്‍ നിനും അയാള്‍ വന്നത്. കാശിനായി നെട്ടോട്ടം ഓടുന്ന ആളുകള്‍ ആ കാപ്പിക്കാരനെ കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. വില കൂടിയ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താല്‍ ഇതുപോലെ ഒരനുഭവം ഒരിക്കലും കിട്ടില്ല എന്നും തോന്നുന്നു. നാം ബംഗാളികള്‍ എന്ന് കളിയാക്കി വിളിക്കുന്ന ആളുകളില്‍ ഞാന്‍ നമ്മുടെ മലയാളികളെക്കാള്‍ മനുഷ്യത്വവും സത്യസന്ധതയും കണ്ടു.

അതിനു ശേഷം ഞാന്‍ കാണുന്ന ഓരോ കൂട്ടം ബംഗാളികളിലും അയാളുടെ മുഖം തിരയുന്നുണ്ട്. നല്ല ആളുകള്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ട്. മുന്‍വിധിയോടെ ഒരാളെ സമീപിക്കരുത് എന്ന ഒരു വലിയ സത്യം ആ ബംഗാളി എനിക്ക് പഠിപ്പിച്ചു തന്നു...

2014 ജൂൺ 4, ബുധനാഴ്‌ച

ഒരു വെജിറ്റേറിയന്‍ ഡിന്നര്‍

ഈ കഥ നടക്കുന്നത് വളരെ പണ്ടാണ്. ഞാന്‍ പ്ലസ്‌ ടു പഠിക്കുന്ന കാലം. ഞങ്ങളുടെ വിനോദയാത്ര വേള. വിനോദ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ നല്ല സ്ഥലങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയേക്കാം. പക്ഷെ ഞങ്ങളുടെ യാത്ര ഒരു തീര്‍ഥ യാത്ര എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്. പഴനി, മധുര പിന്നെ പേരിനു കൊടൈക്കനാലും. അന്നാണ് അത് സംഭവിച്ചത്. എല്ലാവരും ഏതോ ഒരു ചായ കടയില്‍ (കുറച്ച് വലിയ കട) അത്താഴത്തിനു കയറി. സസ്യാഹാരികള്‍ എല്ലാവരും ഒന്നിച്ചിരുന്നു. മുട്ട മാത്രം കഴിക്കുന്ന രണ്ടു പേരും പിന്നെ മുട്ട പോലും കഴിച്ചിട്ടില്ലാത്ത കുമ്പിടിയും, വേറെ ഒരാളും. എന്തുണ്ട് കഴിക്കാന്‍ എന്ന് ഞങ്ങള്‍ ചോദിച്ചു. ചപ്പാത്തിയും ചിക്കന്‍ ബിരിയാണിയും എന്നയാള്‍ പറഞ്ഞു. വെജിറ്റബിള്‍ ബിരിയാണി ഇല്ലേ എന്നു ചോദിച്ചു. ഇല്ല എന്നാണ് അയാള്‍ പറഞ്ഞത്. ഉടനെ തന്നെ കടയുടെ മുതലാളി വന്നു. വെജിറ്റബിള്‍ ബിരിയാണി ഉണ്ടെന്നു പറഞ്ഞു. ഞാന്‍ ചപ്പാത്തിയും കുമ്പിടിയും കൂടെ ഉള്ള ആളും വെജിറ്റബിള്‍ ബിരിയാണിയും വേണമെന്നു പറഞ്ഞു. ചപ്പാത്തി ആണ് ആദ്യം വന്നത്. അതിന്‍റെ മുകളിലേക്ക് അയാള്‍ കറി ഒഴിച്ചു. എല്ലാവരുടെയം ദേഹത്ത് വീഴത്തക്ക അളവിലും ശക്തിയിലുമാണ് അയാള്‍ ഒഴിച്ചത്. വെള്ളം കിട്ടിയില്ലായിരുന്നു. കുമ്പിടിയുടെ കൂടുകാരന് ആരോ കുടിച്ച ഗ്ലാസില്‍ അയാള്‍ വെള്ളം ഒഴിച്ചു. അവന്‍ വേറെ ഗ്ലാസ്‌ ആവശ്യപെട്ടു. അപ്പോള്‍ അയാള്‍ അപ്പുറത്തെ ടേബിളില്‍ ഏതോ ഒരാള്‍ കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ്‌ എടുത്തു വെള്ളമൊഴിച്ചു തന്നു. അപ്പോഴേക്കും ബിരിയാണി വന്നു. അവര്‍ അത് കഴിച്ചു തുടങ്ങി. കഴിച്ചു കുറച്ചയപോള്‍ തന്നെ എല്ലിന്‍റെ കഷ്ണം കിട്ടി. ഇന്നേ വരെ മാംസമോ മത്സ്യമോ മുട്ടയോ കഴിക്കാത്ത അവനെ അവര്‍ ഇറച്ചി കഴിപ്പിച്ചു. വെള്ളം കിട്ടാത്തതിന്‍റെ ദേഷ്യവും അവന്‍റെ മുഖത്ത് കാണാമായിരുന്നു. അപ്പോഴാണ് മുതലാളിയുടെ വരവ്. ചിക്കന്‍ എടുത്തു കളയാന്‍ മറന്നു പോയി എന്ന് അയാള്‍ പറഞ്ഞു. അവന്‍റെ ദേഷ്യം മലയാളത്തിലെ തെറികളായി അവിടെയുള്ള എല്ലാവരും കേള്‍ക്കതക്ക ഒച്ചയില്‍ പുറത്തേക്കു വന്നു. പിന്നെ നടന്നത് എന്തെന്ന് ഓര്‍മയില്ല.

കുടജാദ്രി

എന്‍റെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു  കുടജാദ്രിയില്‍ പോവുക എന്നത്. പലതവണ അവസരങ്ങള്‍ ലഭിച്ചു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് ആന്‍ഡ്റ്യൂ എന്ന അനുരൂപും റബ്ബര്‍ മുതലാളി അഥവാ ശരു എന്ന ശരന്‍ജിത്തും ഞാനും കൂടി കുടജാദ്രിയിലേക്ക് പോകുന്നത്.
മംഗലാപുരം ട്രെയിനില്‍ ആയിരുന്നു യാത്ര. ഞാന്‍ കണ്ണൂരില്‍ നിന്നുമാണ് ട്രെയിന്‍ കയറിയത്, അവര്‍ കോട്ടയത്ത്‌ നിന്നും. ഞങ്ങളുടെ കൂട്ടത്തില്‍ ഹിന്ദി വശമുള്ളത് ശരുവിനയിരുന്നു. മൂകാംബികയിലെക്കുള്ള വഴി ചോദിച്ചു നടന്നു. ഒരാള്‍ ശരുവിനോട് എന്തോ ഹിന്ദിയില്‍ പറഞ്ഞു. സിഗ്നലില്‍ നിര്‍ത്തിയിട്ട ബസില്‍ അവന്‍ കയറി. ഞങ്ങള്‍ കയറാന്‍ ചെന്നപ്പോഴെക്കുകം ഓടോമാട്ടിക് ഡോര്‍ അടയുകയും വണ്ടി സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്തു. ആ ശരു വണ്ടിയിലിരുന്നു കൈ വീശി. ടാറ്റാ എന്നാണോ വാ വാ എന്നാണോ എന്ന് മനസിലായില്ല. വണ്ടി പോയി. ഹിന്ദി വലിയ വശമില്ലാത്ത ഞാനും ആന്‍ഡ്റ്യൂവും തേന്മാവിന്‍ കൊമ്പിലെ മോഹന്‍ലാല്‍ ശ്രീ ഹള്ളിയിലേക്കുള്ള വഴി എന്ന് ചോദിക്കുന്നത് പോലെ മൂകംബികയിലേക്ക് ഉള്ള വഴി , ബസ്‌ സ്റ്റോപ്പിലേക്ക് ഉള്ള വഴി എന്ന് ചോദിച്ചു നടന്നു. ആന്‍ദ്രൂ വഴിയെ പോയ ഒരു പൂക്കച്ചവടക്കാരിയുടെ അടുത്തും ചോദിച്ചു. ഒരുപാടു നടക്കേണ്ടി വന്നെങ്കിലും ശരുവിനെ കണ്ടെത്തി. എല്ലാവരും കൂടി ആദ്യത്തെ ബസില്‍ മൂകംബിക്കയിലെക്ക് ടിക്കറ്റ്‌ എടുത്തു.

മൂകാംബികയില്‍  ആദ്യം കണ്ടത് ഒരു മലയാളി ലോഡ്ജ് ആണ്. എവിടെ ചെന്നാലും കാണാം മലയാളികളെ. അവിടെ ചെന്നു വാടക അന്വേഷിച്ചു.   ഇവിടെ ഫിക്സ്ഡ് റേറ്റ് ആണെന്നും മറ്റുള്ളദത്തെപ്പോലെ അല്ല എന്നും പറഞ്ഞു. ഞങ്ങള്‍ എന്തായാലും മറ്റു ലോഡ്ജുകളും കൂടി നോക്കാം എന്നു വെച്ചു. അവിടെ റൂമിലേക്ക് കാന്‍വാസ് ചെയ്യാന്‍ ഒരുപാട് ഏജെന്റുമാര്‍ ഉണ്ടായിരുന്നു. അമ്പലതിനോട് ചേര്‍ന്ന ഒരു വീടെടുത്തു. അതു ആദ്യം കണ്ട മലയാളി ലോട്ജിനെകാളും വാടക കുറവായിരുന്നു.
അമ്പലം എന്നത് ഒരു കച്ചവട സ്ഥാപനമായേ എനിക്ക് തോന്നിയുള്ളൂ. ഒരുപാട് പൈസാ കൊടുത്ത് വഴിപാട്‌ നടത്തുന്ന കുറച്ചു പേരെ കണ്ടു. അമ്പലത്തില്‍ രാത്രി കഷായം കിട്ടുമെന്നു കേട്ടു. ഞങ്ങള്‍ ചെന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു നീണ്ട നിരയായിരുന്നു. കഷായം വേണമെങ്കില്‍ പാത്രം വേണമെന്നു മനസിലാക്കിയ ഞങ്ങള്‍ 3 പാത്രം മേടിച്ചു. ഏറ്റവും മുന്‍പില്‍ നിന്നത് ഞാനായിരുന്നു. പൂജാരി എന്‍റെ കയ്യിലേക്ക് കഷായം തന്നു. പാത്രം കാണിച്ചു 10 രൂപ കൊടുത്തപ്പോള്‍ അതു നിറച്ചും കഷായം തന്നു. പിന്നെ ശരു 5 രൂപ കൊടുത്തു. അവനു പാത്രത്തിന്‍റെ പകുതി നിറച്ചു. ആന്‍ദ്രൂ പൈസാ കൊടുത്തില്ല. അവന്‍റെ പാത്രത്തില്‍ പേരിനു മാത്രം കുറച്ച ഒഴിച്ചു.
 അടുത്ത ദിവസം രാവിലെ ഒരു ജീപ്പ് പിടിച്ച കുടജാദ്രിയിലേക്ക് പോയി. . സാദാരണ പോകാറുള്ള റോഡ്‌ അടച്ചതു കൊണ്ട് ഒരു പാടു നേരമെടുത്തു ഒരു വളഞ്ഞ റോഡ്‌ വഴിയാണ് പോയത് രാവിലെ കഴിച്ചതെല്ലാം ശരു വഴിയില്‍ ശര്‍ദ്ദിച്ചു കളഞ്ഞു. വളര സുന്ദരമായ ഒരു സ്ഥലമാണ്‌ കുടജാദ്രി. മഞ്ഞാല്‍ മൂടപെട്ടു കിടന്നിരുന്നു. ചിത്രകൂടം, ശങ്കരാചാര്യര്‍ തപസിരുന്ന സ്ഥലം. അതും കണ്ടു. എന്‍റെ മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. അവിടെയും ചരടു ജപിച്ചു തരാനും അങ്ങനെ പലതിനും കാന്‍വാസ് ചെയ്യുന്ന പൂജാരിമാരെ കാണാം. ഭക്തി ഇന്നത്തെ കാലത്തെ ഒരു നല്ല ബിസ്സിനെസ്സ് ആണെന്നു തോന്നി പോകും.
പറയാന്‍ ഒരുപാടുണ്ടെങ്കിലും സ്ഥലവും സമയവും എന്നെ അനുവദിക്കുനില്ല.

പഴനി (ഇന്റര്‍നാഷണല്‍) കോണ്‍ഫറന്‍സ്

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് എന്നു കേട്ടിട്ടുണ്ട്. ആദ്യമായിയാണ് അങ്ങനെ ഒന്നില്‍ പങ്കെടുക്കാന്‍ പോകുന്നത്. ഞാനും സുജിത്തും റോഷനും കൂടെ സായിയും ഉണ്ട്. കണ്ണൂരില്‍ നിന്നും ട്രെയിനില്‍ പാലക്കാട്‌ വരെ. അവിടെ നിന്നും ബസില്‍ പൊള്ളാച്ചി വരെ. വീണ്ടും അടുത്ത ബസില്‍ പഴനിയിലേക്ക്. പോകുന്ന വഴി കുറെ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു. അകലെ നിന്നും അതു ചെറുതായി തോന്നി. പഴനി അടുക്കറായപ്പോള്‍ കോണ്‍ഫറന്‍സ് നടക്കുന്ന സുബ്രഹ്മണ്യന്‍ കോളേജ് ഏതാണ് എന്ന് അടുത്തിരുന്ന ആളോട് സായി ചോദിച്ചു. അയാള്‍ അതാണ് എന്നു പറഞ്ഞു ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടി എന്നിട്ട് തൊഴുതു. കൂടെ ഞങ്ങളും. പിന്നീടാണ് അറിഞ്ഞത് അതു അമ്പലമല്ല കോളേജ് ആണെന്ന് അറിഞ്ഞത്.

പഴനിയില്‍ എത്തി. ഏറ്റവും ചെലവ് കുറഞ്ഞ ലോഡ്ജ് ഏതാണ് എന്ന് അന്വേഷിച്ചു. അപ്പോഴാണ് ദേവസ്വം വക ലോഡ്ജ് ഉണ്ട്, അതിനു വാടക കുറവാണെന്നും അറിയാന്‍ കഴിഞ്ഞത്. ഞങ്ങളെ ആ ലോഡ്ജില്‍ എത്തിക്കാം എന്ന് പറഞ്ഞു ഒരു കുതിര വണ്ടിക്കാരന്‍ കൂടെ കൂടി. അയാളെ ഒഴിവാക്കി പോലീസിനോട് വഴി ചോദിച്ചു ഞങ്ങള്‍ നടന്നു. കുറച്ചു നീങ്ങിയപ്പോള്‍, ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി (സുജിത്തിന്‍റെ സ്ഥലം) ആണെന്ന് പറഞ്ഞു. സുജിത്ത് പിറകിലേക്കു നീങ്ങി. ഇവിടെ ഒരുപാടു കാന്‍വാസ് ചെയ്യുന്ന ആളുകള്‍ ഉണ്ട്, ഞാന്‍ നിങ്ങളെ ദേവസ്വം ലോഡ്ജില്‍ എത്തിക്കാം എന്ന് പറഞ്ഞു അയാള്‍ ഞങ്ങളെ മറ്റൊരു വഴിയെ നടത്തിച്ചു. എസ്.എന്‍.ഡി.പി. ആണ് അയാള്‍ എന്നു പോകുന്ന വഴി പറഞ്ഞു. അങ്ങനെ അയാള്‍ ഞങ്ങളെ കാന്‍വാസ് ചെയ്ത് ഏതോ ഒരു ലോഡ്ജില്‍ എത്തിച്ചു. എസ്.എന്‍.ഡി.പി ആണെന്ന് പറഞ്ഞെങ്കിലും ശ്രീ നാരായണ ഗുരുവിന്‍റെ ചിത്രം കണ്ടില്ല. അഡ്വാന്‍സ്‌ കൊടുത്തു മുറിയില്‍ കയറിയിട്ടും അയാള്‍ പോയില്ല. ഞാന്‍ പൂജാരിയും ആണ് എന്നും പറഞ്ഞു ഒരു സി.ഐ.ട്ടി.യു. കാര്‍ഡ്‌ കാണിച്ചു. രാവിലെ തന്നെ പുഷ്പാഞ്ജലിയും പാലഭിഷേകവും ഒക്കെ ചെയ്ത് പ്രസാദം മുറിയിലെത്തിക്കാം എന്നും പറഞ്ഞു. എല്ലാവര്‍കും അയാള്‍ ഒരു തട്ടിപ്പുകരനാണെന്ന് മനസിലായി. എങ്കിലും റോഷന്‍ ഒരു പുഷ്പാഞ്ജലി അവന്‍റെ പേരില്‍ കഴിപ്പിക്കണം എന്നു പറഞ്ഞു കാശ് കൊടുത്തു. അതിനു ശേഷം അയാളെ ഞങ്ങള്‍ കണ്ടതേയില്ല.