2016, മേയ് 15, ഞായറാഴ്‌ച

അപരിചിതര്‍


രമണ ആശ്രമം സ്റ്റോപ്പ്‌ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും കഴിഞ്ഞു. തിരിച്ചു നടന്നു ഒരു ചായ കടയില്‍ കയറി. അവിടെ ഉള്ള ആളുകള്‍ ഭക്ഷണം തരുന്നത് ഒരു വീടിലെ അതിഥി വരുമ്പോള്‍ തരുന്നത് പോലെ ആയിരുന്നു. കൂടെ കഴിച്ചു കൊണ്ടിരുന്ന ഒരു അമ്മുമ്മ വരെ ഭക്ഷണം എടുത്തു തന്നു. അതിനെ ശേഷം ആശ്രമത്തിലേക്കു പോയി.

രമണ ആശ്രമത്തില്‍ നിന്ന് പുറത്ത് ഇറങ്ങി, കുറച്ചു ദൂരം ചെന്നപ്പോള്‍ ഉന്തിക്കൊണ്ടുപോകുന്ന ചക്രങ്ങളുള്ള കസേരയില്‍ ഇരുന്ന ഒരാള്‍ സമയം ചോദിച്ചു. സമയം ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ക്ക് ഏതോ ഒരു സ്ഥലം വരെ എത്തണ്ട സമയമായി എന്നും അയാളെ ആ സ്ഥലം വരെ വണ്ടിയില്‍ ഉന്തി എത്തിക്കാമോ എന്നും ചോദിച്ചു. എനിക്ക് വേറെ പരിപാടികള്‍ ഇല്ലാത്തതു കൊണ്ടും ഞാന്‍ പോകുന്ന വഴിയിലാണ് അയാളുടെ സ്ഥലം എന്നതിനാലും അയാളെയും ഉന്തിക്കൊണ്ടു ആ വഴി ഞാന്‍ നടന്നു. അയാളുമായി പോകുന്ന വഴിയെ കുറേ സംസാരിച്ചു. അയാള്‍ക്ക് അയാളുടെ സഹോദരനായാണ് തോന്നുന്നത് എന്ന് പറഞ്ഞു അയാള്‍ പൊയി.


തിരിച്ചു ആശ്രമത്തില്‍ വന്നു.അവിടെ പലതരത്തിലുള്ള ആളുകള്‍ ഉണ്ട്. വിദേശിയര്‍,ഇന്ത്യക്കാര്‍, അങ്ങിനെ. പിന്നെ മയിലുകള്‍,കുരങ്ങന്മാര്‍,പട്ടികള്‍ അങ്ങനെയും അന്തേവാസികള്‍ ഉണ്ട്. അവരെ എല്ലാം നോക്കി ആശ്രമം ചുറ്റി നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ അവിടെ കണ്ട ഏതോ ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ഉടക്കി. കുറേ നേരത്തിനു ശേഷം അവര്‍ എന്നോട് വന്നു എന്തൊക്കെയോ സംസാരിച്ചു. ആ കുട്ടിക്ക് തലക്ക് സുഖം ഇല്ല എന്നാണ് അവിടുത്തെ ആളുകള്‍ എന്നോട് പറഞ്ഞത്. പക്ഷെ എന്നോട് സംസാരിച്ചപ്പോ എനിക്കത് തോന്നിയില്ല. അവര്‍ ഇപ്പോഴും ചിരിച്ചും സന്തോഷിച്ചുമാണ് നടക്കുന്നത്. സന്ധ്യക്ക്‌ ആശ്രമത്തില്‍ രമണ മഹര്‍ഷിയുടെ കഥകള്‍ വായിക്കും. അവിടെ അവര്‍ വന്നിരുന്നു. ഓരോ നര്‍മ കഥകള്‍ക്കും അവര്‍ മതിമറന്നു ചിരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ബാക്കി ആളുകളും, കഥ പറയുന്ന ആളും അവരെ ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു. അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. കുറേ സമയത്തിന് ശേഷം അവര്‍ തിരിഞ്ഞു നോക്കി എന്നെ കണ്ടു. അവര്‍ എഴുനേറ്റു നിന്ന് എന്നെ തൊഴുതു അവിടുന്ന് പോയി. ആളുകളുടെ നോട്ടം എന്നിലെക്കായി. അന്ന് എന്റെ ആശ്രമത്തിലെ അവസാനത്തെ ദിവസമായിരുന്നു. ആളുകള്‍ എന്നോട് ഈ പറയപെടുന്ന കുട്ടിയെ പറ്റി മോശം പറഞ്ഞു. വട്ടാണ് , സൂക്ഷിക്കണം എന്നൊക്കെ. ഇത് പറഞ്ഞുകൊണ്ടിരിക്കുന്ന സമയം അവര്‍ എന്നെ വന്നു വിളിച്ചു. എന്നിട്ട് എന്നോട് ഒരു രഹസ്യം പറഞ്ഞു. ഇപ്പോഴും അതെനിക്ക് ഓര്‍മയുണ്ട്.

രാത്രിയിലെ ആഹാരം കഴിച്ചു പുറത്ത് ഇറങ്ങിയപ്പോഴാണ് ഹരി എന്നാ ആളെ കാണുന്നത്. അദ്ദേഹത്തോടൊപ്പം കുറേ സംസാരിച്ചു, പുറത്ത് പോയി.എന്തോ ഒരു അപരിചിതനായി എനിക്കയാളെ തോന്നിയില്ല. അടുത്തറിയാവുന്ന ആരോ ഒരാള്‍ എന്നാ ചിന്തയാണ്.


ഈ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തിരുന്നപ്പോള്‍ ഓര്‍ക്കുകയായിരുന്നു. അവിടെ ഞാന്‍ സ്ഥിരം കാണാറുള്ള കുറച്ച ആളുകള്‍ ഉണ്ട് അവരുടെ സ്ഥലമെതെന്നോ ഭാഷ ഏതെന്നോ അറിയില്ല. അവര്‍ പ്ലാറ്റ്ഫോമില്‍ ഒരു സംഘമായി ഇരിക്കും, എന്നിട്ട് സംസാരിക്കുന്നതു കാണാം. അന്നാദ്യമായി അതിലെ ഒരാള്‍ എന്നോട് സംസാരിച്ചു. 


ഇന്നലെ വരെ അപരിചിതര്‍ ആയിരുന്ന ആളുകള്‍ ആ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ ആയി എന്നാ തോന്നല്‍. ഈ കണ്ട ആളുകളെ ഒക്കെ കണ്ടത് ഒരു നിയോഗമാണോ അതോ...


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ