അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

തങ്കന്റെ അവിഹിതം

പൊന്നിയുടെ മാസത്തിലാണ് തങ്കൻ വന്നത്. കന്നി മാസം ആയപ്പോ തങ്കൻ മറ്റു പട്ടികളെ തേടി പോയി. പ്രകൃതിയുടെ വിളി . കാര്യങ്ങൾ മാറി മറിഞ്ഞത് അവനെ തേടി ആ പെൺപട്ടികൾ വീട്ടിലേക്കു വന്നപ്പോഴാണ്. 

പുതിയ പട്ടികളെ ഓടിക്കാൻ ശ്രമിച്ച പൊന്നിയെ തങ്കനും പുത്തൻ  പട്ടികളും ചേർന്നു പേടിപ്പിക്കുയാണ്.  പൊന്നിയുടെ അവസ്ഥ ഓർക്കുമ്പോൾ വിഷമം തോന്നും, രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിൽ ഒറ്റക്കാണ്.. വൈകുന്നേരം കാണുന്നത് തങ്കനെയും അവന്റെ പെണ്ണുങ്ങളെയും ആണ്. അതും അവളുടെ ഈ വീട്ടിൽ. പൊന്നി പാവമായതു കൊണ്ടല്ലേ തങ്കൻ ഇത് ചെയ്തത്. പുതിയതായി വന്ന പട്ടികളും ഒരു കണക്കിന്  പാവങ്ങളാണ് . ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം തങ്കൻറെ കഴപ്പ് മാത്രമാണ്. ഒരാളുടെ കടി കാരണം കുറേ ആളുകളാണ് കഷ്ടപ്പെടുന്നത്.


ചിലപ്പോ ഓർക്കും ഇതൊക്കെ തന്നെ അല്ലെ മനുഷ്യരുടെ ഇടയിലും, സ്വന്തം പങ്കാളിയുടെ ഒപ്പം സമയം ചിലവഴിക്കാൻ ഇല്ലാതെ പുറത്തു പുതിയ മേച്ചിൽ പുറം തേടി ആളുകൾ അലയുന്നു.അവരെ കാത്തും വിശ്വസിച്ചും ഇരിക്കുന്നവർ മൂഢന്മാർ. മൃഗങ്ങൾക്കു പോലും അതു മനസ്സിൽ ആകുന്നു, പിന്നെയാണോ മനുഷ്യർക്ക്.  


പാവമായാൽ  ഇങ്ങനെ ദുരുപയോഗം ചെയ്യും, കാരണം എന്ത് ചെയ്താലും ഇവരൊന്നും തിരിച്ചു ചെയ്യില്ല എന്ന ഒരു ധാരണയാണ് . അത് പങ്കാളി എന്നല്ല  സുഹൃത്തുക്കൾ എന്ന പേരിൽ പണം മേടിച്ചു പറ്റിക്കുന്ന ആളുകളും ഉണ്ട്. ഈ സമയത്തു പഴയ രജനി സിനിമയിൽ പറയുന്ന പോലെ, നല്ലവനാ ഇറുക്കാലം ആണ  റൊമ്പ നല്ലവനാ ഇറുക്ക കൂടാത്.

2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച

തപോവനവും ഓണവും

ആമുഖം : ക്ലിയോപാട്ര

ക്ലിയോപാട്രയെ കണ്ണൂരിൽ നിന്നും എങ്ങനെ കൊണ്ട് വരും എന്ന ആലോചന ആയിരുന്നു, അവസാനം ഒരു കൊട്ടയിൽ ആക്കി സ്ഥിരം കയറുന്ന പ്രൈവറ്റ് ബസ്സിൽ കയറി. ആദ്യമായി kottayil കയറിയ കൊണ്ടാകാം അവൾ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു . അവളുടെ കരച്ചിൽ കേട്ട് ആളുകൾ എഴുനേറ്റു ബഹളം വെക്കുമോ എന്നായിരുന്നു എൻ്റെ പേടി . ഏതോ വിദേശ പൂച്ചയാണെന്ന് കരുതി ആളുകൾ ഒന്നും പറഞ്ഞില്ല. ആദ്യമാദ്യം പൂച്ചയെ വേണ്ട എന്ന് പറഞ്ഞ കിടങ്ങൂരെ അമ്മൂമ്മയ്ക് വരെ ക്ലിയോയെ ഇഷ്ടമായി. എപ്പോഴും എൻ്റെ ബെഡ്‌ഡിൻറെ അടുത്താണ് കിടക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞൊരു രാവിലെ അവളെ ബെഡിൽ കണ്ടില്ല. താഴെ നിലത്തു മരിച്ചു കിടക്കുകയാണ്.വീട്ടിൽ ജോലിക്കു  വരുന്ന ചേട്ടനും ചേച്ചിയും കൂടെ അവളെ പറമ്പിൽ അടക്കി.. പിന്നീട് കുറെ കാലത്തേക്ക് എനിക്ക് ഒരു ജീവിയും ഓമന മൃഗമായി വേണ്ട എന്നായിരുന്നു 


1 : ക്ലിയോപാട്ര II 

കാക്കനാട് ഒരു പുതിയ പെറ്റ് ഷോപ്പ് തുടങ്ങിയെന്നും ചിക്കുവിന്റെ പൂച്ചയായ ഷുഗറിന്റെ കുട്ടികളെ അവിടെ വിൽക്കാൻ വെച്ചിട്ടുണ്ട് എന്നും കേട്ടു . ആ പൂച്ചകുട്ടികളെ കാണാൻ ഞാനും റോസയും പോയി. അവരെ കണ്ടു അവിടെയുള്ള ബാക്കി ജീവജാലങ്ങളെയും കണ്ടിറങ്ങുമ്പോൾ ഒരു ചില്ലുകൂട്ടിൽ ജിൻജർ നിറമുള്ള ഒരു ഓമന പൂച്ച . ആളാണേൽ ഭയങ്കര ഓട്ടവും ചാട്ടവും .അവനെ വാങ്ങിയാലോ എന്ന് റോസാ ചോദിച്ചു. കയ്യിൽ പൈസയില്ലാതെ ഇരിക്കുന്ന സമയമാണ്. എന്നാലും 24 മണിക്കൂറും വീട്ടിൽ തന്നെ ഇരിക്കുന്ന എനിക്ക് ഒരു കൂട്ടാകുമല്ലോ എന്ന് കരുതി അവനെ വാങ്ങാമെന്നായി. ഞാൻ അവിടെ നിന്നു , റോസാ പോയി ഫലക്കിനെ കൂട്ടികൊണ്ട് വന്നു. അവർക്കു രണ്ടാൾക്കും ജിൻജർ മതിയെന്നാണ് . എനിക്ക് ചക്കി പൂച്ച വേണം എന്നുണ്ടായി. എല്ലാം ഉറപ്പിച്ചു എന്ന് കരുതിയപ്പോഴാണ്  ആ കടയിലെ ചേട്ടൻ പറയുന്നത്, ഒരു പൂച്ച കൂടിയുണ്ട് . ജിൻജർന്റെ  കൂടിന്റെ തൊട്ടു മുകളിലെ കൂട്ടിൽ ഉറങ്ങുക ആയിരുന്നു ആൾ. കളിക്കുന്ന കമ്പു വെച്ച് കടയിലെ ചേട്ടൻ ആളെ എണീപ്പിച്ചു. പേർഷ്യൻ സെമി പഞ്ച് മുഖമുള്ള പൂച്ച ആയിരുന്നു. ചക്കിയും ആണ്. എനിക്കവളെ ഇഷ്ടമായി. പക്ഷെ റോസക്കും ഫലക്കിനും ജിൻജർ മതി. അവസാനം ഷോപ്പിലെ ആളുടെ നിർദേശപ്രകാരം ടോസ്സ് ഇട്ടാണ് ആ ചക്കി പൂച്ച വന്നത്. അവളാണ്  ക്ലിയോപാട്ര II. ചാർളി 777  കണ്ടപ്പോൾ ഞാൻ തമാശക്ക് നിഫിനോട് പറഞ്ഞിരുന്നു അതിലെ ആ കറുത്ത പട്ടിയുടെ കഥ പോലെ അവസാനം ക്ലിയോ മാത്രം കാണും കൂടെയെന്ന്. ഏതാണ്ടതുപോലെ ആയി കാര്യങ്ങൾ 


2 . പൊന്നി 

തപോവനത്തിൽ വന്നപ്പോൾ മുതൽ പൊന്നി ഇവിടെയുണ്ട് .അമീർ  പറയും ഒരു വട്ടൻ പട്ടിയുണ്ട് അവിടെയെന്ന് . തപോവനത്തിന്റെ പണികൾ നടക്കുന്ന സമയവും പൊന്നി ഇവിടെ തന്നെയുണ്ട്. ജാങ്കോ എന്നാണ് ടൈൽ ചേട്ടന്മാർ അവൾക്കു പേരിട്ടിരുന്നത് . ജേക്കബ് ആണ് അവൾക്കു ബെൽറ്റ് ഇട്ടു നമ്മളുടെ വീട്ടിലേക്കു എടുത്തത്. ആൾ പഞ്ച പാവമാണ്. ഇൻജെക്ഷൻ എടുക്കാൻ കോട്ടയത്തെ ഡോഗ് റെസ്ക്യൂ ടീമിലെ അജിത ചേച്ചിയുടെ ഭർത്താവും ആളുടെ സുഹൃത്തും ചേർന്നു വന്നു. 


3 . തങ്കൻ 

പൊന്നിക്കു മാസമായപ്പോൾ ആണ്  തങ്കൻ വരുന്നത്. ഇടയ്ക്കു വന്നു പോകുന്ന ആരോ ഒരാൾ. വീടിന്റെ കയറിത്താമസം നടത്തിയപ്പോൾ ബാക്കിയുണ്ടായ കുറച്ചു  കള്ളപ്പവും ചിക്കനും ജേക്കബ് അവനു കൊടുത്തു . അതിനു ശേഷം അവൻ ഇവിടെയാണ് മിക്കപ്പോഴും. അവന്റെ കഴുത്തിൽ ഒരു നീല തുടൽ ഉണ്ടായിരുന്നു. ആരോ വളർത്തുന്നതോ വളർത്തി ഉപേക്ഷിച്ചതോ ആണ് തങ്കനെ. എപ്പോഴും വീടിനു കാവലായി അവനുണ്ട് 


തങ്കനും പൊന്നിയും ഒരുമിച്ചുള്ളപ്പോൾ നല്ല രസമാണ്. മതിലിനു ഉയരക്കുറവ് ആയതു കൊണ്ട് ഇവർ അതിരു തിരിച്ചറിയാതെ ബഹളം ആക്കുന്ന സ്ഥിതി വന്നു. തങ്കനെ ആളുകൾ കൊന്നു കളയാം എന്ന ഒരു കിംവദന്തി പരന്നു . അപ്പുറത്തെ അഖിലിന്റെ പഴയ പട്ടിയുടെ തുടലും ബാക്കി കേബിളിന്റെ വയറും ചേർത്ത് തങ്കനെ കെട്ടിയിട്ടു . പിന്നീട് ഓഫീസ് മുറിയിൽ എ.സി  വെക്കാൻ കയറിത്താമസത്തിനു കിട്ടിയ തുക വെച്ച് മതിൽ എല്ലാം കോയിൻ നെറ്റ് കെട്ടി. ഇപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്. വീടിന്റെ ഒരു അതിരു കൂടെ കെട്ടാൻ ബാക്കിയുണ്ട്. അത് കൂടെ ആയാൽ അവർക്കു രണ്ടാൾക്കും അതിരുകൾ തിരിച്ചറിയും. 


തങ്കന് കിടക്കാൻ ഷെൽട്ടർ പോലെ ഒരു കൂടുണ്ട്. മനുഷ്യരെ പോലെത്തന്നെ മൃഗങ്ങൾക്കും അസൂയയും കുശുമ്പും ഉണ്ട്. വീട്ടിലെ ക്ലിയോ മോളോട് പൊന്നിക്കും തങ്കനും ഒരു അസൂയ ഉണ്ട്. പൊന്നിക്കു  തങ്കനോട് ഒരു കുശുമ്പുണ്ട്, ഞാനാണ് ഈ വീട്ടിലെ ആൾ എന്നും, ഞാൻ അനുവദിക്കുന്ന കൊണ്ടാണ് തങ്കനെ നീ ഇവിടെ നിക്കുന്നത് എന്നും പൊന്നി ഇടക്ക് ഇടയ്ക്കു സ്ഥാപിക്കും. തങ്കനെ തേടി തങ്കന്റെ കാമുകിമാർ വീട്ടിലേക് വരും. വരുന്നവരെ പൊന്നി ബഹുദൂരം ഓടിച്ചു വിട്ടു അവളുടെ ടെറിറ്റോറി അടയാളപ്പെടുത്തി. മൃഗങ്ങളിൽ പോലും തന്റേതു എന്ന് കരുതുന്നവരെ അപഹരിക്കാൻ വരുന്നവരെ ഓടിച്ചു വിടുന്ന പതിവാണ് കാണുന്നത്. പിന്നിൽ നിന്ന് കുത്തോ വഞ്ചനയോ ഇല്ല. ഉണ്ട ചോറിനു നന്ദി കാണിക്കുക എന്നും പട്ടിയുടെയും പൂച്ചയുടെയും സ്നേഹം എന്താ എന്നും പറഞ്ഞു മനസിലാക്കാൻ പാടാണ്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ് .


NB : കുഞ്ചൻ 

കാർത്തിക ഹോട്ടലിൽ കഴിക്കാൻ പോയപ്പോൾ വഴി അരികെ ആരോ ഉപേക്ഷിച്ച കുഞ്ഞി പൂച്ചയാണ് കുഞ്ചൻ . അവളെ വീട്ടിലേക്കു എടുത്തു. പക്ഷെ ക്ലിയോ മാന്തുകയും അടിക്കുകയും ഒക്കെ ആയപ്പോൾ ജേക്കബും ഐശ്വര്യയും അവരുടെ വീട്ടിലേക്കു കുഞ്ചനെ എടുത്തു. 



ഇത്തവണ ഓണത്തിനു  തപോവനത്തിൽ കൂടെയുള്ളത് ക്ലിയോയും,പൊന്നിയും തങ്കനും ആണ്. എല്ലാവരും ആഹാരം കഴിഞ്ഞു സുഖമായി ഉറങ്ങുന്നു.


 


2023 ജനുവരി 12, വ്യാഴാഴ്‌ച

ഗോവയിലെ ഒരു രാത്രി

ഈ കഥ നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഞാനും തൊമ്മനും അരുണും കൂടെ ഗോവയിലേക്ക് പോയി.
പകൽ അവിടെയുള്ള കടലിലെ പരിപാടികൾ എല്ലാം കഴിഞ്ഞ് രാത്രിയായി. ഗോവ ഏതാണ്ട് ഉണർന്ന മട്ടായി.
ഗോവവിയിലെ പേരു കേട്ട നിശാ ക്ലബ്ബിലേക്ഞാ നും അരുണും നടന്നു. അവിടെ ആണുങ്ങൾക്ക് അകത്തേയ്ക്കു കയറണം എങ്കിൽ കാശുകൊടുക്കണം അതല്ല എങ്കിൽ കൂടെ പെണ്ണ് വേണം. ഇത് രണ്ടും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഗോവയിലെ തെരുവുകളിലൂടെ നടന്നു.

അങ്ങനെ നടന്നു നടന്നു ഏതോ ഒരു ക്ലബ്ബിന്റെ മുൻപിൽ എത്തി. കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്നത് കൊണ്ടാണോ എന്തോ അവിടെ ഉള്ള ഒരാൾ ഞങ്ങളുടെ അടുത്തേക് വന്നു. എന്താണ് അകത്തേക്ക് കയറാത്തത് എന്ന് ചോദിച്ചു. കൂടെ പെണ്ണില്ല എന്നും നമ്മൾ ഉദ്ദേശിക്കുന്നത് ഒരു ഡാൻസ് ചെയ്യാൻ പറ്റിയ സ്ഥലം ആണെന്നും പറഞ്ഞു. ഞങ്ങളെ അടിമുടി നോക്കിയതിനു ശേഷം ആൾ ഒരു നമ്പർ തന്നു. ഒരു ക്ലബ്‌ ഉണ്ട് എന്നും. അതിലെ ആളുടെ നമ്പർ ആണെന്നും പറഞ്ഞു.
ആ നമ്പറിൽ വിളിച്ചു വഴി ചോദിച്ചു, സ്കൂട്ടർ എടുത്ത് ഇറങ്ങി.

സ്ഥലം ഏകദേശം എത്താറായപ്പോൾ ആ നമ്പറിലേക് ഒന്ന് കൂടി വിളിച്ചു. ആരും എടുക്കുന്നില്ല. അപ്പോഴാണ് ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കൂട്ട തല്ലു നടക്കുന്നത്. ആജനാബാഹു ആയ ഒരാളും കൂട്ടരും ഒരാളെ എടുത്തിട്ട് തല്ലുന്നു. എങ്ങനെയോ ആ അടിയുടെ സീൻ കടന്നു വണ്ടി ഒരിടത്തു വെച്ചു. ഞങ്ങൾ നിർത്താതെ നമ്പറിലേക് വിളിച്ചോണ്ട് ഇരുന്നു.
അടി കഴിഞ്ഞ ആ ആജനാബാഹുവും സംഘവും ഞങ്ങൾ നിന്ന ഇടത്തേക്ക് നടക്കുകയാണ്. പെട്ടന്നാണ് ആ നമ്പറിന്റെ അങ്ങേ തലയ്ക്കു ഒരാൾ സംസാരിക്കുന്നതു. നോക്കുമ്പോൾ ഈ ആജാനബാഹു ആണ് ആൾ. ഭയം കൊണ്ടാണോ എന്ന് അറിയില്ല പെട്ടന്ന് ഒരു വിറയൽ. ആളോട് അടിയുടെ കാര്യം ചോദിച്ചു. അപ്പോൾ ആൾ പറഞ്ഞത് അകത്തുള്ള ഏതോ പെണ്ണിനെ കേറി പിടിച്ചു അതിന്റെ ഇടിയാണ് എന്നാണ്. ഞങ്ങളുടെ കയ്യിൽ അയാൾ ആ രാത്രിയിലെ എൻട്രി പച്ച കുത്തി.

അങ്ങനെ ഞാനും അരുണും ആ മായ ലോകത്തേക്ക് കടന്നു. അവിടെ എല്ലാവരും മതി മറന്നു നൃത്തം ആടുകയാണ്. ഈ ക്ലബ്ബിന്റെ പ്രധാന വരുമാനം നമ്മൾ കുടിക്കുന്ന മദ്യമാണ്. ഞാനും അരുണും മദ്യം കഴിക്കില്ല. ഞങ്ങൾ അവർക്കൊരു നഷ്ടം എന്ന് തോന്നിയ കൊണ്ടാകാം അവർ മറ്റൊരു ഡീൽ മുന്നോട്ട് വെച്ചത്. മദ്യം അവിടെയുള്ള പെണ്ണുങ്ങൾക്ക് വാങ്ങി കൊടുക്കാം. അവർ നമ്മളുടെ കൂടെ നൃത്തം ചെയ്യും.
കയ്യിൽ ഇരുന്ന കാശ് കൊണ്ട് ആർക്കു മദ്യം വാങ്ങും എന്ന ആശയകുഴപ്പം ആയി. ഓരോരോ തരുണിമണികൾ അവർക്കു എന്നത് പോലെ മാടി വിളിക്കുന്നു. കൃത്യം സമയം രണ്ടു റഷ്യൻ സുന്ദരികൾ വേദിയിലേക്കു വന്നു. ഞാൻ അരുണിനെ നോക്കി. രണ്ടാളും അവിടെയുള്ള കൂടിയ മദ്യം വാങ്ങി സുന്ദരികളുടെ അടുത്തേക് നീങ്ങി. മദ്യം കുടിച്ചു കൊണ്ട് അവർ ഞങ്ങളോടൊപ്പം നൃത്തം വെച്ചു, മദ്യത്തിന്റ സമയം തീരുന്നതു വരെ. ഒരു സ്വപ്നമെന്ന പോലെ ആ സുന്ദരികൾ വിടവാങ്ങി. ഇനി ബാക്കിയുള്ള നാട്ടിലെ സുന്ദരികൾക്ക് മദ്യം വാങ്ങാം എന്നുകരുതി പോക്കറ്റിൽ നോക്കിയപ്പോഴാണ് ആ നഗ്ന സത്യം തിരിച്ചറിയുന്നത്. ഇനി ഇടാൻ കയ്യിൽ പൈസയില്ല. അവിടെ തന്നെ നൃത്തം ചെയ്യുക മാത്രമേ വഴിയുള്ളു. അങ്ങനെ നൃത്തം ചെയ്യുന്ന ഞങ്ങളുടെ മേൽ ഓരോരോ കണ്ണുകൾ പതിഞ്ഞു തുടങ്ങി. എല്ലാവരോടും കാശില്ല എന്ന ആംഗ്യം കാണിച്ചു.

കാശില്ലാത്തപ്പോൾ ആരുമില്ല എന്നു കരുതി. അപ്പോഴാണ് ആ കൂട്ടത്തിലെ ചുവന്ന വസ്ത്രമിട്ട ഒരു സുന്ദരി എന്റെ അടുത്തേക്ക് വന്നത്. എന്റെ ആംഗ്യം മനസ്സിൽ ആകാത്ത കൊണ്ടാണോ എന്തോ. അവരോടു അറിയുന്ന മുറി ഹിന്ദിയിൽ ഞാൻ പറഞ്ഞു, എന്റെ കയ്യിൽ പൈസ ഇല്ല എന്ന് . അവർ കാശു വേണ്ട എന്നു പറഞ്ഞു നൃത്തം ചെയ്തു തുടങ്ങി. സമയം ഒരുപാട് രാത്രിയായപ്പോൾ അവരോടു നാളെ കാണാം എന്ന വക്കിൽ ഞങ്ങൾ വിട വാങ്ങി.

പല കാരണങ്ങൾ കൊണ്ട് അവരെ കാണാൻ വെച്ച രാത്രി എനിക്ക് അവിടേക്കു പോകാൻ പറ്റിയില്ല.
ഇന്നും ഈ ഓർമ ഒരു സ്വപ്ന കഥപോലെ ഉള്ളിൽ കിടക്കുന്നു. ഇനി കാണാൻ ആകുമോ ആ സുന്ദരിയെ 

2022 ഫെബ്രുവരി 5, ശനിയാഴ്‌ച

ഇനി ഞാൻ ഉറങ്ങട്ടെ

 ഉറക്കം എന്നത് എനിക്ക് വളരെ പ്രധാനം ആയ ഒരു സംഗതി ആണ്. സ്കൂൾ കോളേജ് കാലങ്ങളിൽ ഒക്കെ രാത്രി ഏകദേശം ഒൻപതു മണി ആകുമ്പോഴേക്കും ഞാൻ ഉറങ്ങി കാണും.  ഈ ഒരു സമയം എൻ്റെ ഒരു ശീലം ആയി മാറുകയും ചെയ്തു. 

രാത്രി ജോലികൾക്കു കുപ്രസിദ്ധി ആർജിച്ച IT എൻ്റെ തൊഴിൽ മേഖല ആയതു തികച്ചും യാദിർശ്ചികം മാത്രം. ആദ്യത്തെ പ്രൊജെക്ടുകളിൽ  രാവിലെ ഒൻപതു മുതൽ വൈകിട്ടു ആറു വരെ ആയതു കൊണ്ട് വെല്യ തരക്കേടില്ലാതെ പോയി. കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് രണ്ടാമത്തെ ഇടം തൊട്ടാണ്. അവിടുത്തെ രീതികൾ എനിക്ക് വിചിത്രം ആയിരുന്നു. (ഇന്നും ആണ്). 

മിക്ക ആളുകളും ഒരു പതിനൊന്നു മണി ആകും എത്താൻ തന്നെ. വന്നു കഴിഞ്ഞാൽ കമ്പനിയുടെ ഫ്രീ കോഫി മെഷീൻ ഉപയോഗിച്ചുള്ള കാപ്പി കുടി ആണ്. അതിനു ശേഷം ആൾകാരോടുള്ള കുശലം. അപ്പോഴേക്കും സമയം ഉച്ചക്ക് ഒന്നായി. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ ഉള്ള ഓട്ടം ആണ്. ക്യാന്റീനിൽ മാത്രമേ ഭക്ഷണം അനുവദിക്കുള്ളു. അവിടെ ഇരിക്കാൻ ഇടം കണ്ടെത്തുക എന്നത് ഒരു ചടങ്ങാണ്. അത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ സമയം മൂന്നു മണി ആകും. ഇത് പോലെ ആളുകൾ ഭക്ഷണം കഴിച്ചു അവിടെ സൊറ പറഞ്ഞു സമയം കളയുന്നത് കൊണ്ടാണ് മേല്പറഞ്ഞ ഇരിപ്പിടം കിട്ടാനുള്ള ബുദ്ധിമുട്ട്. മൂന്നു മണി ആയ പിന്നെ ഈവനിംഗ് കോഫി ആണ്. അതും അടുത്ത റൗണ്ട് കുശലം കൂടി  ആയാൽ സമയം ആറു മണി. എനിക്കാണേൽ ഇറങ്ങേണ്ട സമയം. ഈ ഒരു സമയം ആണ് അവിടെ പണി എന്ന പ്രകടനം നടക്കുന്നത്. രാത്രി കൂടുതൽ ഇരുന്നാൽ നല്ല പണിക്കാരൻ എന്ന ഒരുതരം ടോക്സിക് അവസ്ഥ ആൺ. അപ്പോഴും എൻ്റെ ഉറക്കം പോകാതെ ഇരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ഒരു ദിവസം ആറിന് പോയി എന്നാ ഒറ്റ കാരണം കൊണ്ട് അടുത്ത ദിവസം രാവിലെ ഒരു മണിക്കൂർ മീറ്റിംഗ് വെച്ച മാനേജർ ഉള്ള സ്ഥലം ആണ്. അതിൽ കൂടുതൽ അവിടുന്ന് ഒന്നും പ്രതീക്ഷിച്ചിട്ടും കാര്യമില്ല 

മേല്പറഞ്ഞത് എല്ലാം ഒരു ആമുഖം പോലെയാണ്. നേരിടാൻ പോയ യഥാർത്ഥ പ്രതിസന്ധി എന്നെ കാത്തു മറ്റൊരിടത്തു ഇരിപ്പുണ്ടായിരുന്നു. കാലചക്രം എന്നെ കൃത്യമായി അവിടെ എത്തിച്ചു.  എന്നെ അഭിമുഖം എടുത്ത സമയത്തു ആകെ രണ്ടേ രണ്ടു നിബന്ധന മാത്രമേ ഞാൻ ചോദിച്ചിരുന്നുള്ളു ഒന്നാമത്തേത് പാതിരാത്രി ഉള്ള പണി പാടില്ല എന്നും രണ്ടാമത്തേത് പഠിച്ച പണി തരണം എന്നുമാണ്. എന്നാൽ ഇവ രണ്ടും നിഷ്കരുണം തച്ചുടച്ചത്  ഒരു ആൾ അല്ല ഒരു സംഘം ആൾകാരായിരുന്നു.

എന്നോട് ചോദിക്കുക പോലും ചെയ്യാതെ എന്നെ ഏതോ ഒരു ടീമിൽ ചേർത്തു . അവർ പറഞ്ഞ സമയം രാവിലെ എട്ടു മുതൽ രാത്രി പതിനൊന്നര വരെയാണ്. ഈ ജോലി സ്ഥലത്തിൻ്റെ പ്രത്യേകത എന്തെന്നാൽ ഒരു അടിമ സമ്പ്രദായം ആണ് എന്നതാണ്. പണി എടുക്കുന്ന പണിക്കാർ ഒരു വശത്തും  പണി എന്തെന്നു അറിയാത്ത ജന്മിയെ അനുസ്മരിപ്പിക്കുന്ന മേലാളന്മാർ മറുവശത്തും .   മനുഷ്യത്വരഹിതം എന്നു എനിക്കു തോന്നിയ ഈ സമയം ഒരു കല്പന പോലെ എൻ്റെ തലയിൽ വീണു.

ഇതിൻറെ പരിഹാരം തേടി ഞാൻ കുറെ അലഞ്ഞു. ഇവിടെ മറുവാക്കു പറഞ്ഞാൽ ലെഫ്റ് റൈറ്റ് ലെഫ്റ് ലെ ബൈജു പറയുന്ന പോലെ എൻ്റെ കാര്യം തീർന്നു . അതി സാഹസികം എന്ന് അറിഞ്ഞിട്ടും ഞാൻ ഇതിനെതിരെ പട പൊരുതാൻ തീരുമാനിച്ചു. എൻ്റെ ആവശ്യങ്ങൾ മാന്യമായി ഞാൻ സമർപ്പിച്ചു. അപ്പോൾ എനിക്ക് ദാർഷ്ട്യം നിറഞ്ഞ പരിഹാസവാക്കുകൾ ആണ് കിട്ടിയത്. അവയൊന്നും എന്നെ തളർത്തിയില്ല എന്ന് മാത്രമല്ല കൂടുതൽ വിപ്ലവത്തിലേക്കു നയിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഈ സമയം എന്ന മൂല കാരണം കണ്ടെത്തി. നമ്മൾ പണി എടുക്കുന്നത് അമേരിക്കയിൽ ഉള്ള ഒരു കമ്പനിക്കു വേണ്ടിയാണു ,അപ്പോൾ അവരുടെ സമയത്തും നമ്മൾ ഇരിക്കണം. ഇങ്ങനെ ഒരു കരാർ എന്നെ പിടിച്ചിട്ട ടീം എന്നോ ഒപ്പു വെച്ചു . എനിക്കാണെങ്കിൽ രാവിലെ എഴുനേൽക്കാൻ പറ്റും. ഞാൻ അവരോട് ചോദിച്ചു എന്നാൽ ഈ സമയം രാവിലെ മൂന്നിനോ നാലിനോ ആക്കി മാറ്റം. അവരുടെ കോപം ഉള്ളിൽ നിന്നും പുകഞ്ഞു ചാടി. ഞാൻ ഒറ്റയ്ക്ക് സമയം തീരുമാനിക്കുന്നു എന്നും ബാക്കി ഉള്ളവർ സമ്മതിക്കേണ്ടേ എന്നും ആയി. എന്നാൽ ബാക്കി പണിക്കാർ സമ്മതിച്ചാൽ പോരെ ഞാനും.

അവർ സമ്മതിച്ചാൽ പോരാ ഈ പറയുന്ന മാനേജർ കൂടെ സമ്മതിക്കണം. അപ്പോൾ ഇത് വായിക്കുന്ന നിങ്ങളെ പോലെ എനിക്കും തോന്നിയ സ്വാഭാവിക സംശയം, പണി അറിയാത്ത ഇവർ എന്തിനാണ് ആ സമയം വരുന്നത്. ഇത് അവരോട് ഞാൻ ചോദിക്കുകയും അവർ ഉത്തരം താരത്തെ ഒഴിഞ്ഞ മാറുകയും ആണ് ചെയ്തത്. അവർക്കു രാവിലെ മൂന്ന് മണി പറ്റില്ല, കാരണം അവർക്കു ഉറങ്ങണം. അവരുടെ ഉറക്കം ചോദ്യം ചെയ്തപ്പോൾ അവർ എ ഇടത്തും  ന്നെ അവിടുന്നു മറ്റൊരു ടീമിലേക്കു പറഞ്ഞു വിട്ടു. 

സമയത്തു ജോലി ചെയ്തു തീർത്തു എന്ന കുറ്റം കൊണ്ട് എനിക്ക് കിട്ടേണ്ട അംഗീകാരമോ ഇൻക്രെമെന്റോ അവർ തന്നില്ല. ടീം മാറിയിട്ടും രാത്രി ജോലി ഒരു അലങ്കാരവും ജോലി നൈപുണ്യവും ആയി കാണുന്ന ആ സ്ഥലം തന്നെ പിന്നീട് മാറേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രം.

നാം ചെയ്യുന്ന പണി മനസിലാക്കാൻ പറ്റുന്ന ഒരു മേലാളൻ എന്നും നല്ലതാണ്. അതല്ല എങ്കിൽ അവർക് അളക്കാൻ നാം ഇടുന്ന സമയം മാത്രമേ കാണു. നാം എവിടെയാണ് എങ്കിലും എന്തു പ്രതിസന്ധി ആണെങ്കിലും നാം ഒരിക്കലും നമ്മളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാതെ ഇരിക്കരുത്. സ്ഥിരം കേൾക്കുന്ന "എല്ലാ ഇടത്തും ഇങ്ങനെ ആണ്, ഇവിടെ ഇങ്ങനെ ആണ്" എന്നുള്ള പല്ലവികൾ കേട്ടിരുന്നേൽ ഇന്ന് കാണുന്ന മനുഷ്യൻ ഇല്ല. 

ഞാൻ ജോലി ചെയുന്നത് അല്ലാതെയുള്ള മേഖലയിലും പല രീതിയിലുള്ള തൊഴിൽ ചൂഷണം ഉണ്ട് എന്നറിയാം. എന്നിരുന്നാലും, IT  മേഖല പുറമെ നിന്ന് നോക്കുമ്പോൾ ഒരു സ്വപ്ന ഭൂമിയാണ്. ശീതികരിച്ച മുറികളിൽ കറങ്ങുന്ന കസേരയിൽ വെയിൽ കൊള്ളാതെ, വിയർക്കാതെ, ഫ്രീ ആയി കിട്ടുന്ന കാപ്പിയും കുടിച്ചു നല്ല പൂത്ത കാശും മേടിച്ചു സുഖം ആയി കഴിയുകയാണ് മറ്റുള്ളവർക് നമ്മൾ. അവരോടൊക്കെ എനിക്ക് ബെന്യാമിൻ ആട് ജീവിതത്തിൽ പറഞ്ഞ കാര്യമേ പറയാൻ ഉള്ളു 

"അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചും അകലെയുള്ള കാര്യങ്ങളെ കുറിച്ചും നാം വെറുതെ പോലും സ്വപ്‌നങ്ങൾ കാണാൻ പാടില്ല"

2020 ജനുവരി 9, വ്യാഴാഴ്‌ച

യാത്ര

യാത്രകള്‍ എന്നും ഒരു പ്രത്യേകതരം മാന്ത്രിക വശ്യത എന്നില്‍ നിറച്ചിരുന്നു. എസ്‌ കെ പൊറ്റെക്കാട്ട് എഴുതിയ യാത്ര വിവരങ്ങളും കഥകളും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. എന്നെങ്കിലും അതുപോലെ ഒക്കെ യാത്ര ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. കാലം കുറെ മുന്‍പോട്ടു പോയി. പിന്നീടു സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം ആയിരുന്നു പ്രിയം.

എന്തെ യാത്ര വിവരണം ഒന്നും എഴുതുന്നില്ലേ എന്ന് മനോജ്‌ ഭായ് ചോദിച്ചു. ഇന്ന് ബ്ലോഗ്‌ മാറി വ്ലോഗ് ആയി. ഒരു സ്ഥലം കണ്ടു അറിഞ്ഞു എഴുതുന്നതും പറയുന്നതും എല്ലാം മാറി ലൈവ് ആയിയും അല്ലാതെയും സ്ഥലത്ത് പോകുന്ന എല്ലാവരും വിവരണങ്ങള്‍ ഇട്ടു തുടങ്ങി. അതില്‍ എനിക്കായി ഒരു പുതുമയും കൊണ്ട് വരാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഞാന്‍ അത് കൊണ്ട്  ബഷീര്‍ പോയ വഴിയെ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ പലപ്പോഴായി എഴുതാം എന്നാണ് കരുതുന്നത്. യാത്രയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എഴുതണം എന്ന് തോന്നി. പ്രധാനമായി ഓവര്‍ടൂറിസം എന്ന പ്രതിഭാസം.

ഇന്ന് ഇതിനൊക്കെ എന്ത് പ്രസക്തി എന്നാകാം ചിന്തിക്കുന്നത്. ഇന്ന് യാത്ര ഒരു സ്റ്റാറ്റസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥലം കാണുക എന്നതില്‍ ഉപരി ഞാന്‍ ആ സ്ഥലത്ത് പോയി എന്ന് നാലാള്‍ അറിയണം. ഇങ്ങനെ ഉള്ള പലേ കാരണങ്ങള്‍ കൊണ്ട് ഞാന്‍ പ്രതീക്ഷിച്ച അനുഭവങ്ങള്‍ അല്ല മിക്കപോഴും എനിക്ക് കിട്ടുന്നത്. പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ ആളുകളുടെ കൂട്ടം ആണ്. ആര്‍കും നേരെ ചൊവ്വേ സ്ഥലമോ അനുഭവമോ കാണാന്‍ പറ്റാത്തത് പോലെ. എല്ലാര്‍ക്കും തിരക്കാണ്. ഒരു സ്ഥലം കഴിഞു അടുത്ത സ്ഥലത്തേക് പോകാനായി. തിരക്ക് മാത്രമല്ല പ്രശ്നം.. ആളുകള്‍ കൂടുമ്പോള്‍ പലതരത്തില്‍ ഉള്ള  ആളുകള്‍ വരും. വരുന്നതില്‍ കുറെ ആളുകള്‍ നാളെ അതെ സ്ഥലം വീണ്ടും വരണം എന്നില്ല. പ്ലാസ്റ്റിക്‌ മുതലായ മാലിന്യങ്ങള്‍ പലേ ഇടത്തും കാണാം. നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍ അതിന്‍റെ സത്ത മാറി മറ്റെന്തോ ആയി മാറിക്കൊണ്ടിരിക്കുന്നു. തിരക്കിനനുസരിച്ചു കടകമ്പോളങ്ങള്‍ വളരുന്നു.

പ്രകൃതിയുടെ അവസ്ഥ ഇതാണെങ്കില്‍ ചരിത്ര സ്മാരകങ്ങളുടെ അവസ്ഥ മറ്റൊന്നാണ്. അവിടെ നീണ്ട വരിയാണ്. ട്രാവല്‍ ഏജന്‍സികല്‍ ഈ നാട്ടില്‍ എത്രയുണ്ട് എന്നതിന് കണക്കും ഇല്ല. ഏജന്‍സികളും സാമൂഹ്യ മാധ്യമങ്ങളും എഡിറ്റു ചെയ്ത ചിത്രങ്ങളും മറ്റുമായി നമ്മളുടെ ഉള്ളില്‍ യാത്രക്ക് ഉള്ള മോഹം നമ്മളുടെ ഉള്ളില്‍ ഇടും.

ഇത്രയും എഴുതിയത് യാത്ര മോഹികളെ നിരാശരാക്കാന്‍ അല്ല .പരസ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വേര്‍തിരിക്കുന്നു എന്നെ ഉള്ളു. യാത്ര പോകരുത് എന്ന് ഞാന്‍ പറയില്ല. നാം പോകുമ്പോള്‍ എ സ്ഥലത്ത് നമ്മളാല്‍ ദ്രോഹം ചെയ്യാതെ ഇരിക്കാം.നമ്മളാല്‍ ചെയ്യാവുന്ന സഹായം ചെയ്യുകയും ചെയ്യാം.

യാത്രകളും അനുഭവങ്ങളും അറിയാനും അറിവ് പകരാനും ആകട്ടെ, കാണിക്കണോ തിരക്കിനോ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ തന്നെയാണ് ഇഷ്ടം.
ഉത്തരവാദിത്തമുള്ള ഒരു സഞ്ചാരിയായി തീരട്ടെ എന്നാശംസിക്കുന്നു.

2019 ജൂൺ 23, ഞായറാഴ്‌ച

ഗൃഹാതുരത്വം

ചിലത് എന്നും അങ്ങിനെയാണ്, ഓര്‍മ്മകള്‍ ആകുമ്പോഴാണ് അതിന്‍റെ വില നമുക്ക് മനസിലാകുന്നത്. അങ്ങിനെയുള്ള കുറച്ചു ഓര്‍മ്മകള്‍ മറക്കാതെ ഇരിക്കാന്‍ ഇവിടെ കുറിക്കുന്നു.

ഒരുപാട് കാലം മുന്നേ ഞാന്‍ കുട്ടി ആയിരുന്ന കാലം, അച്ഛനും അമ്മയും അനിയത്തിയും എല്ലാവരും ഉണ്ടായിരുന്ന പാലക്കാട്‌ കാര്‍അമ്മുമ്മയുടെ വീടും അവിടെ ഉണ്ടായിരുന്ന ഓര്‍മകളും. അക്കമാമന്‍ ഇടക്ക് ഒക്കെ ഓരോ ക്രയോന്‍സ് കൊണ്ട് വരും. അതിനായി കാത്തിരുന്ന ആ ദിവസങ്ങള്‍. അമ്പലത്തില്‍ ഉത്സവം തുടങ്ങുമ്പോള്‍ അക്കമാമന്‍ ആനപ്പുറത് കയറ്റുന്നതും വീട്ടില്‍ വെഞാമരം, നെറ്റിപട്ടം മുതലായവ വെക്കുന്നതും അതെല്ലാം കളിക്കുന്നതും ( ഇതില്‍ ഇന്ന് ആനയെ മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്ക് ഉത്സവം ആയാലും എന്തായാലും ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല)

കാലം കടന്നു അകത്തേത്തറ എത്തുന്നതും അവിടെയുള്ള കൂടുക്കാരും കളികളും ഓര്‍മകളും. പിന്നീടു അച്ഛന്‍ മരിച്ചു കിടങ്ങൂര്‍ വരുന്നതും അവിടെയുള്ള ഓര്‍മകളും .

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു. കിട്ടില്ല എന്നറിയും എങ്കിലും ആ പഴയ കാലം കുറച്ചു കാലത്തേക്ക് വേണം എന്നാഗ്രഹിച്ചു പോകുന്നു, അത്രമേല്‍ അത് നഷ്ടപെട്ട വേദന അലട്ടുന്നു. 

ഇന്നത്തെ ജീവിതവും നാളെ അതുപോലെ ആകുമോ ആവൊ.

2019 ജനുവരി 7, തിങ്കളാഴ്‌ച

അവസാനയാത്ര

അവര്‍ തമ്മില്‍ കലഹം നടക്കുന്ന സമയം ആണ്. കലഹം അതിന്‍റെ കൊടുമുടിയില്‍ എത്തി നില്കുന്നു. അറിയാതെ അവള്‍ പറഞ്ഞു വേറെ ആളെ നോക്കു എന്ന്. അവനു എന്ത് ചെയ്യണം എന്നറിയില്ല. അമ്മയുടെ മടിയിലേക്ക്‌ പോയാലോ എന്നൊക്കെ അവന്‍ ഓര്‍ത്തു. അങ്ങനെ പോകാന്‍ നില്‍കുന്ന സമയം ആണ് അത് സംഭവിക്കുന്നത്. അവനോടു രാത്രി 8 മണിക്ക് സംസാരിക്കാം എന്ന് അവള്‍ സമ്മതിച്ചു. അവസാനത്തെ സംസാരമാകാം. തിരക്കിട്ട അവന്‍റെ ജോലി കഴിഞ്ഞു മുറിയിലേക്ക് നടക്കുകയാണ്. അപ്പോള്‍ ദൂരെ ഒരു പരിചിത മുഖം. അവളാണോ എന്നവന്‍ സംശയിച്ചു. ഒന്ന് കൂടെ അവന്‍ നോക്കി. അവള്‍ ആകാന്‍ സാദ്യത ഇല്ല. അവള്‍ അങ്ങ് ദൂരെ അല്ലെ. അവന്‍ മുറിയിലേക്ക് നീങ്ങി. അവന്‍റെ ഫോണ്‍ ചിലച്ചു. നോക്കിയപ്പോള്‍ അവളുടെ വിളിയാണ്. അവന്‍ എടുത്തു. അവള്‍ പറഞ്ഞു തിരിഞ്ഞു നടക്കാന്‍. ആ ദൂരെ കണ്ട നിഴല്‍ അവള്‍ ആയിരുന്നു.  അവനെ കാണാന്‍ അവള്‍ ദൂരം താണ്ടി വന്നിരിക്കുന്നു. അവസാന യാത്ര എന്ന് മനസ്സില്‍ കണ്ട്, പ്രിയപ്പെട്ട വസ്ത്രവും മോതിരവും എല്ലാം അണിഞ്ഞു അവള്‍ അതാ നില്‍കുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ പകച്ചു. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു നെറുകില്‍ ചുംബിച്ചു. ഇത് വരെ അടക്കിയ ദുഃഖം എല്ലാം അവര്‍ കരഞ്ഞു തീര്‍ത്തു.

അത് അവസാനത്തെ യാത്ര തന്നെ ആയിരുന്നു. ജീവിതത്തിന്റെ അല്ല, പക്ഷെ ഒരു കൂട്ടം വേദനകളില്‍ നിന്നുള്ള, ആനന്ദത്തിലേയ്ക്കുള്ള അവരുടെ യാത്ര.

മടിത്തട്ട്

കൊച്ചിയിൽ നിന്നും മധുരയിലേക്കുള്ള KSRTC വണ്ടിയിൽ കൂട്ടുകാരോടൊപ്പം കയറി. ജനലരികിലാണ് ഞാൻ ഇരുന്നത്. ജനുവരിയാണ് എങ്കിലും പതിവിൽ കവിഞ്ഞുള്ള തണുത്ത കാറ്റ്. സമയം രാത്രി 8 കഴിഞ്ഞു. നക്ഷത്രങ്ങളേ നോക്കി യാത്ര തുടരുകയാണ്. ഈ  കാലാവസ്ഥയിൽ മനസ്സിന്റ ആഴങ്ങളിലുള്ള ഓർമ്മകൾ ഈയൽ കൂട്ടം പോലെ വെളിച്ചം തേടി പുറത്തേക്കു വന്നു.
പുതുവർഷത്തിൽ അപ്രതീക്ഷമായിരുന്നു മണലിയുടെ ഫോൺ വിളി. ആളുടെ അമ്മയും മരിച്ചു പോയി. മണലി പറഞ്ഞ ഓരോ വാക്കുകളും എന്നെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി.
ലിപിയും ഭാഷയും ഒന്നുമില്ലാതെ എന്റെ കാര്യങ്ങൾ മനസ്സിലാക്കിയ ഏകയാൾ.
അമ്മയുടെ മടിത്തട്ടിലിരുന്നാണ് എല്ലാം സംസാരിക്കാറുളളത്, വിഷമവും സന്തോഷവും എല്ലം...
നടക്കില്ല എന്നറിയുമെങ്കിലും ഇടയ്ക്ക് ഞാൻ ആഗ്രഹിക്കും നാളെ ഉറങ്ങി എണീയ്ക്കുന്നത് അമ്മയുടെ മടിത്തട്ടിലിലാകണം എന്ന്. ഇതു വരെയുള്ള എല്ലാ കഥകളും പറയണമെന്നും ഒക്കെ.
ഒട്ടും പറ്റാതെ വരുമ്പോൾ തലച്ചോറ് ആഗ്രഹങ്ങൾക്കൊക്കെ ജീവതാനുഭവം പോലെ തോന്നിപ്പിക്കുന സ്വപ്നങ്ങൾ തരും...

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

താടി

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഊശാന്‍ താടി ആയിരുന്നു. അന്നൊക്കെ അത് എങ്ങനെ എങ്കിലും വടിച്ചു കളയണം എന്നായിരുന്നു.
കാലം കടന്നു പോയി. ഇന്ന് എല്ലാവര്‍ക്കും താടിയുള്ള എന്‍റെ മുഖം ആണ് പരിചിതം.
പണ്ട് ഞാന്‍ ഗോവയില്‍ പോയപ്പോള്‍  ഉള്ള ഒരു സംഭവം പറയാം. കടലില്‍ പല സാഹസിക പ്രവര്‍ത്തി ചെയ്യാന്‍ കാശ് എല്ലാം കൊടുത്ത് കാത്തു ഇരിക്കുകയാണ്. അപ്പോഴാണ് അവിടെ ആളുകള്‍ തമ്മില്‍ അടി. വെള്ളത്തിലെ ബോട്ട് ഒരു ഹോട്ടല്‍ ഇടിച്ചു കേടുപാടുകള്‍ പറ്റി. അപ്പോള്‍ എല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ആ കൂട്ടത്തിലെ തലൈവര്‍ എന്നത് പോലെ ഒരാള്‍ ഉണ്ട്. ഞങ്ങള്‍ കാശ് തിരിച്ചു കിട്ടും എന്ന് കരുതി കാത്ത് ഇരിക്കുകയാണ്. അയാള്‍  ഞങ്ങളുടെ സ്ഥലം ഒക്കെ ചോദിക്കുന്നത്. കേരളം എന്നു കേട്ടപ്പോള്‍ ആള്‍ എല്ലാവരേം ഒന്ന് നോക്കി. എന്നിട്ട് എന്നെ വിളിച്ചു ചോദിച്ചു "ഇടുക്കി ഗോള്‍ഡ്‌ ഉണ്ടോ". ഞാന്‍ പറഞ്ഞു ഇല്ല. പക്ഷെ ആള്‍ക് വിശ്വാസം ഇല്ല. താടി ഉള്ള ഞാന്‍ വല്യ കഞ്ചാവ് ആണെന്ന വെപ്പ്. അവിടെ നിന്ന് ഇറങ്ങി എല്ലാവരുടേം കൂടെ തിരിച്ചു നടക്കുമ്പോള്‍ വഴിയില്‍  ബൈക്ക്ല്‍ പോകുന്ന രണ്ടാളുകള്‍ വണ്ടി നിര്‍ത്തി എന്നോട് കഞ്ചാവ് ചോദിക്കണേ. അവിടം കൊണ്ടും തീരുന്നില്ല.  പബ്ല്‍ പോയി. അവിടെയും കേരളം എന്ന് പറഞ്ഞപ്പോ അവിടെയും ഇടുക്കി ഗോള്‍ഡ്‌ എന്‍റെ കയ്യില്‍ ഉണ്ട് എന്നാണ് ആള്‍കാര്‍ കരുതിയത്‌.


ഇതേ താടിയും ആയി അജ്മീര്‍ പോയപ്പോള്‍ ആരോ ഒരാള്‍ ഞാന്‍ സൂഫി ആണെന്ന് കരുതി കയ്യില്‍ ഉമ്മ ഒക്കെ തന്നു.
ഋഷികേശ്, ഭുടാന്‍ എന്നിവിടങ്ങളില്‍ ഞാന്‍ ഏതോ യോഗ ഗുരു എന്നാണ് അവര്‍ കരുതുന്നത്.  തൊപ്പി ഇടുന്ന ശീലം ഉള്ളത് കൊണ്ട് ചില ഇടത് ഞാന്‍ പഞ്ചാബി ആണ്. ഇവിടെ റൂമിലെ പഴയ സെക്യൂരിറ്റി പഞ്ചാബി ആയിരുന്നു. എന്നോട് അയാള്‍ പഞ്ചാബിയില്‍ എന്തൊക്കെയോ പറഞ്ഞു. പിന്നീടു ആണ് ആള്‍ക് മനസ്സില്‍ ആയത് ഞാന്‍ മലയാളി ആണ് എന്ന്.

റോസയോട് താടി കളയുന്നത് പറഞ്ഞപ്പോള്‍ ആണ് ഇതെല്ലം ഓര്‍മ്മ വന്നത്. ഇടക്ക് കണ്ണാടി നോക്കുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ്മ വരും. അതെ ഓര്‍മ്മ വീട്ടില്‍ ഉള്ളവര്‍ക്ക് വരുന്നത് കൊണ്ടാകാം ആദ്യം താടി വേണ്ട എന്ന് പറഞ്ഞവര്‍ പിന്നീടു താടി കളയണ്ട എന്നാക്കിയത്.

2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

ബൈക്ക് പഠനം

 പണ്ട് മുതലേ കുറേ കാര്യങ്ങള്‍ കിട്ടുനത് വളരെ താമസിച്ചാണ്. ബൈക്ക് പഠനം അതില്‍ ഒന്ന് മാത്രം. വീട്ടില്‍ കൊച്ചച്ചനും ചിറ്റപ്പനും ഒക്കെ വണ്ടി ഉണ്ട്. പുറത്തു നിന്ന് നോക്കുമ്പോള്‍ വീട്ടില്‍ വണ്ടി ഉള്ള ഇവന്‍ എന്താടാ വണ്ടി ഓടിക്കതത്.

ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല. എന്നും ഈ പറയുന്ന ആളുകളോട് ഒക്കെ ചോദിക്കും, വണ്ടി ഓടിക്കാന്‍ തരുമോ, വണ്ടി ഓടിച്ചു പഠിച്ചോട്ടെ എന്നൊക്കെ. അപ്പൊ ഒക്കെ അവര്‍ എന്നെ കൊണ്ട് കയ്യും കാലും എല്ലാം തിരുമിക്കും. എന്നിട്ട് വണ്ടി കഴുകിപ്പികും. ഇതാണ് പ്രാരംഭ പഠനം എന്നൊക്കെ എന്നോട് പറയും. കുറേ കാലം ആയില്ലേ വണ്ടി കഴുകുന്നു. പിന്നെ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ആയി. അത് കുറേ ശ്രമിച്ചു, പക്ഷെ നടന്നില്ല. അച്ഛന് വണ്ടി ഓടിക്കാന്‍ അറിയില്ല, അത് കൊണ്ട് നിനക്കും പറ്റില്ല എന്ന് പറഞ്ഞു അവര്‍ ഉപേക്ഷിച്ചു.

കൂടെ ഉള്ള ശരുവിനോ അനുരുപിനോ വണ്ടി ഇല്ല.  വണ്ടി പഠിപ്പിക്കല്‍ ദൌത്യം IC ഏറ്റെടുത്തു. അര്‍ജുന്‍ എന്നാണ് ആള്‍ടെ പേര്. അവന്‍ mechanical അല്ല എങ്കില്‍ automobile ആയിരുന്നു എടുക്കേണ്ടി ഇരുന്നത്. വണ്ടിയെ കുറിച്ച് ഒക്കെ നല്ല വിവരം ഉണ്ട്. അവന്‍ അങ്ങനെ ആ ഹോസ്റ്റല്‍ ലെ ഒരു ഗിയര്‍ ഉള്ള scooter കൊണ്ട് വന്നു. എന്‍റെ ഓടിക്കല്‍ കണ്ടത് കൊണ്ട് ആണോ എന്നറിയില്ല, അവന്‍ പിന്നെ വന്നില്ല.

അങ്ങനെ നില്‍കുമ്പോ ആണ് ജോണ്‍, ജിതിന്‍ ജോസ് (മൊട്ട), അരുണ്‍ ബാബു എന്നിവര്‍ വീട്ടില്‍ പഠിക്കാന്‍ വരുന്നത്. ജോണ്‍ അവന്‍റെ ബജാജ് discover  വണ്ടി വെച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞു. അരുണ്‍ നും പഠിക്കണം. വീട് ന്‍റെ അടുത്ത് ഉള്ള വഴിയില്‍ കൂടി കുറച്ച നേരം ഞങ്ങള്‍ ഓടിച്ചു നോക്കി. അരുണ്‍ അവന്‍റെ ഊഴം കാത്തു ഇരിക്കുകയാണ്. ആ സമയം ആണ് എങ്ങനെയോ ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി. ആവേശം ആയി. ഒരു തവണ കൂടി പോകാം എന്ന് പറഞ്ഞു വീണ്ടും ഞങ്ങള്‍ പോയി. ഒരുപാട് വണ്ടി വന്നപ്പോള്‍ കയ്യില്‍ നിന്നില്ല. ധൂം സിനിമ പോലെ വണ്ടി മുന്‍വശം എല്ലാം പൊങ്ങി വേഗത്തില്‍ പോയി. കുറേ കരിങ്കല്ലും മണ്ണും എല്ലാം കൂടെ കിടന്ന ഇടത്തേക്ക് വണ്ടി വീണു. വണ്ടിക്കും ജോണ്‍ നും ചെറിയ പരിക്കുകള്‍ പറ്റി. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു എത്തി. ജോണ്‍ ആകെ വീണു പോയി. എനിക്ക് ആണേല്‍ എന്ത് ചെയ്യണം എന്നറിയില്ല. അരുണ്‍ ആണേല്‍ വണ്ടി അവനു ഓടിക്കാനും കിട്ടി ഇല്ല. എന്നാല്‍ മൊബൈല്‍ നോക്കാം എന്ന് കരുതിയപ്പോള്‍ ജോണ്‍ ന്‍റെ മൊബൈല്‍ കാണാന്‍ ഇല്ല. നമ്പര്‍ ലേക്ക് വിളിച്ചു നോക്കി. ഏതോ പയ്യന്‍ അതെടുത്ത് വീടെത്തി. പിന്നെ അവന്‍റെ വീട്ടില്‍ പോയി അതെടുത്ത് തിരിച്ചു വന്നു. മൊബൈല്‍ നും പരിക്കുകള്‍ ഉണ്ടായിരുന്നു. അന്ന് പഠനം നടന്നില്ല.


കാലം പിന്നെലേക്ക് നോക്കുമ്പോള്‍ നാം അറിയാത്ത ചില കണ്ണികള്‍ കൂട്ടി മുട്ടുന്ന ഒരു തോന്നല്‍...

2018 ജൂലൈ 28, ശനിയാഴ്‌ച

പുസ്തക വഴി

ആദ്യം ഒക്കെ വായിച്ചത് കളിക്കുടുക്ക, ബാലഭൂമി, ബാലരമ  ഒക്കെയാണ്. അമൃത വിദ്യാലയത്തില്‍ ഒരു വലിയ ഗ്രന്ഥശാല ഉണ്ടെങ്കിലും അകെ എടുക്കുന്നത് ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ ആണ്.

ഇടയ്ക് എപ്പോഴോ scholastic എന്ന ഒരു പ്രസാദകര്‍ സഞ്ചരിക്കുന്ന ഗ്രന്ഥശാലയും ആയി വിദ്യാലയത്തില്‍ വന്നു. ഇത് വരെ കണ്ടിട്ട് ഇല്ലാത്ത ഒരു പ്രതിഭാസം. ഹാള്‍ നിറയെ പുസ്തകങ്ങള്‍. മേടിക്കണം എന്ന അതിയായ ആഗ്രഹം. അച്ഛനോട് പൈസ ചോദിച്ചു, ആള്‍ടെ കയ്യില്‍ ഇല്ല. അക്കഅമ്മുമ്മ മിസ്സ്‌ ന്‍റെ കയ്യില്‍ ഒരു പുസ്തകത്തിന്‍റെ പൈസ കൊടുത്തു. ഒരുപാട് പുസ്തകം ഉള്ളത് കൊണ്ട് ഏതു എടുക്കണം എന്നറിയില്ല. അവസാനം ഒരു പ്രേത പുസ്തകം എടുത്തു. ആര്‍ എല്‍ Stain എഴിതിയ  Goosebumps  എന്നാ പുസ്തകം.

പിന്നീടു അങ്ങോട്ട്‌ ഞാനും,  വീട്നു അടുത്ത് ഉള്ള വിഷ്ണുവും ഈ ആള്‍ടെ പുസ്തകങ്ങള്‍ വാങ്ങിച്ചു തുടങ്ങി. ഒരു നാള്‍ ഞാനും അച്ഛനും അമ്മയും അമൃതയും പാലക്കാട്‌ ഉള്ള കറന്റ്‌ ബുക്സ് ല്‍ പോയി. അവിടെ പുസ്തകം തിരയുന്ന സമയം വൈദ്യുതി പോയി. ജീവനക്കാരന്‍ ഒരു മെഴുകുതിരി ആയി വന്നു. അപ്പോള്‍ ഒരു പുസ്തകം ആ ഇരുട്ടത് തിളങ്ങുന്നു. എന്തെന്നില്ലാത്ത ആകര്‍ഷണം, അത് മേടിച്ചു. കാലം കടന്നപ്പോള്‍ ആണ് അറിഞ്ഞത്, ആദ്യത്തെ വിദ്യാലയത്തില്‍ നിന്ന് ആ പ്രസാദകര്‍ നമ്മളെ കൊണ്ട് മേടിപ്പിച്ചത്, പഴയ വിറ്റ് പോകാത്ത സ്റ്റോക്ക്‌ ആയിരുന്നു എന്ന്. താളുകള്‍ക്ക് മഞ്ഞ നിറം അങ്ങനെ ആണ് വന്നത്. പുറത്തു കടകളില്‍ അവയെല്ലാം, ഞാന്‍ ആദ്യം മേടിച്ചത് ഉള്‍പടെ വെള്ള താളുകളില്‍ ആണ്.

പിന്നീടു അച്ഛന്‍ മേടിച്ചു തന്നത് റോബിന്‍സണ്‍ ക്രുസൊഎ ആയിരുന്നു. പില്‍കാലത്ത് ഞാന്‍ യാത്ര ചെയ്യും എന്ന ആള്‍ അന്നേ കണ്ടിരുന്നോ അതോ അത് വെറും യാദൃച്ഛികം ആണോ എന്നറിയില്ല. കാലം ഒരുപാടു കടന്നു. എന്ന് പൈസ കിട്ടിയാലും അതെല്ലാം സൂക്ഷിച്ചു വെച്ച് ഓരോരോ പുസ്തകശാല തിരയുന്ന ഒരു കാലം. അന്ന് വായന ഒരു ഹരം ആയിരുന്നു. എന്തെന്നില്ലാത്ത ആവേശം ആയിരുന്നു.

കാലം അത് മറ്റു പലതും ആണ് കരുതി വച്ചിരുന്നത്.....  

2018 ജൂലൈ 1, ഞായറാഴ്‌ച

അനാഥന്‍

എന്താണ് എന്നറിയില്ല ഈയിടെയായി എല്ലാം ശോകം എഴുത്തുകള്‍ ആണ്.

ഈ ബ്ലോഗ്‌ എഴുതി തുടങ്ങിയപ്പോള്‍ കരുതിയത് പോലെ ഓര്‍മ്മകള്‍ ശെരിക്കും മങ്ങി തുടങ്ങി.  അപ്പോഴാണ് മറന്നു തുടങ്ങിയ ചിലത് ഓര്‍മ്മ വന്നത്.

ഒരുപാട് പണ്ട് , എന്ന് വെച്ചാല്‍ ഒരു എട്ടാംക്ലാസ് നു ഒക്കെ മുന്‍പ്. 1990-2004 കാലഘട്ടം. അന്നൊക്കെ ഒരുപാട് പേര്‍ സുഹൃത്തുക്കള്‍ എന്നൊക്കെ മനസ്സില്‍ കരുതി. എന്നിട്ട് മനസ്സിന്റെ അകത്തു തന്നെ ഒരുപാടു കിനാവുകള്‍ കണ്ടു. ഒരുപാട് കാലം സുഹൃത്തുക്കള്‍ ആയി ഇരിക്കുനത് ഒക്കെ. അന്നൊന്നും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അറിയില്ലല്ലോ. കാലം കടന്നു പോയി. ആ ആളുകള്‍ ഒക്കെ എവിടെയെന്നോ ആരെന്നോ അറിയാത്ത വിധം മാറിപ്പോയി.  അവരൊക്കെ കൂടെ ഉണ്ടെക്കില്‍ എന്നാഗ്രഹിച്ചു കരഞ്ഞ ദിവസങ്ങള്‍ ഉണ്ടായിരുന്നു.

കാലം അങ്ങനെ വീണ്ടും നീങ്ങി. ഒരുപാട് സ്നേഹിച്ച അമ്മയെയും അച്ഛനെയും കാലം എന്നില്‍ നിന്ന് കൊണ്ട് പോയി. അത് ഒരു വഴിക്ക് തളര്‍ത്തിയപ്പോള്‍ കൂടെ നിക്കും എന്ന് കരുതിയ ബന്ധുക്കളും വെട്ടി വീഴ്ത്തി. അമ്മയുടെ ചിത കത്തി തീരുന്നതിന്‍ മുന്‍പേ തന്നെ ബാധ്യത അയ എന്നെയും അനിയത്തിയെയും അവിടെ നിന്ന് ഇറക്കി വിടാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു. അന്നാണ് മനസ്സില്‍ ആയത് അനാഥന്‍ ആയി കഴിഞ്ഞു. ഇറങ്ങി പോയാല്‍ വേറെ ഇടം ഇല്ല.  ബാക്കി ബന്ധുക്കള്‍ക്ക് ഈ ബാധ്യത വേണ്ട. അച്ഛന്റെ അച്ഛന്‍ ഒരു ഒറ്റയാള്‍ കാരണം ആണ് ഇന്ന് ഇത് എഴുതാന്‍ പറ്റുന്നത്. ആള്‍ ഇല്ല എങ്കില്‍ ചിലപ്പോ നീരജ് ചേട്ടന്‍റെയും അക്കഅമ്മുമ്മയുടെയും കൂടെയോ അല്ല എങ്കില്‍ തെരുവിലോ ആയേനെ ഞങ്ങളുടെ ജീവിതം.

കൂടെ എന്നും നില്‍കാം എന്ന് പറഞ്ഞ എല്ലാ ആളുകളും അവരുടെതായ ജീവിത തിരക്കുകളില്‍ പെട്ട് പോയി. എല്ലാവര്‍ക്കും അവരവരുടെ ജീവിതം അല്ലെ വലുത്. വേദന നിറങ്ങള്‍ പോലെയാണ്. ഒരു വേദന മറ്റൊന്നിനെകള്‍ വലുതോ ചെറുതോ അല്ല.

ചില സമയങ്ങളില്‍ ഒരു തരം ദേഷ്യവും വിഷമവും  തോന്നും. എന്നെ ഞാന്‍ ആക്കിയത് ആ നഷ്ടങ്ങള്‍ ആയിരുന്നു എങ്കിലും.  എവിടെയോ തനിച്ചാക്കി വിട്ടു പോയ ഒരുതരം തോനാല്‍. ഈ ശരീരത്തില്‍ അമ്മയുടെയും അച്ഛന്റെയും ഒക്കെ DNA ഉണ്ട് എന്നത് കൊണ്ടും. ഞാന്‍ വിഷമിച്ചു കാണാന്‍ അമ്മ ആഗ്രഹിക്കില്ല എന്നത് കൊണ്ടും മാത്രം ഇവിടെ എങ്ങിനെയോ ജീവിക്കുന്നു.

ചില സമയങ്ങളില്‍ ആ നഷ്ടങ്ങള്‍, പ്രത്യേകിച്ച് ഒരുപാട് എന്നെ സ്നേഹിച്ചിരുന്ന അമ്മ പോയ നഷ്ടം ഒരു അനുഗ്രഹം ആയി വരും. മറ്റൊന്നും കൊണ്ടല്ല, വേറെ ഒരു വേദനയും അതിനു മീതെ വന്നിട്ട് ഇല്ല. ഒരുപാട് ഇരുണ്ട ഒരു നിറവും നഷ്ടവും പോലെ അത് ഇന്നും നിലനില്‍ക്കുന്നു.

അന്ന് തുടങ്ങിയതാണ് ഓര്‍മയുടെ പ്രശ്നങ്ങള്‍. ഓര്‍മ്മ വന്നാല്‍ വിഷമിക്കും എന്നത് കൊണ്ട് തലച്ചോറ് തന്നെ ചെയ്യുന്ന ഓരോന്നാണ് അത്. ജീവിക്കണ്ടേ, വേറെ എന്ത് ചെയ്യാന്‍ ആണ്.

എത്രയൊക്കെ ആരൊക്കെ ചെയ്താലും സ്നേഹിക്കുന്ന മാതാപിതാക്കള്‍ നഷ്ടപെട്ട ഞാന്‍ അന്ന് തുടങ്ങി അനാഥന്‍ തന്നെയാണ്,

2018 മേയ് 27, ഞായറാഴ്‌ച

ഉള്‍വിളി

എന്തിനാണ് എങ്ങനെ ആണ് എന്നറിയില്ല ചില ഭയങ്ങള്‍ ചില സമയങ്ങളില്‍ വരുന്നു. എന്തേലും ചെയ്താല്‍ സമൂഹമോ മറ്റൊരാളോ എന്ത് വിചാരിക്കും എന്ന ഭയം. ചെയ്യുനത് തെറ്റോ ശെരിയോ, ഭാവിയിലെ തോല്‍വിയുടെ ഭയം.

അങ്ങനെ ഓരോന്ന് വരുമ്പോഴും അതിനെ ഒക്കെ തടഞ്ഞു നിര്‍ത്തി വെട്ടി വീഴ്ത്തുന്ന ചില ചിന്തകള്‍ ഉണ്ട്. ഓര്‍മ്മകള്‍ മങ്ങി തുടങ്ങി. ഇപ്പോഴേ ഇത് എഴുതണം എന്ന തോന്നല്‍ വന്നു.

നാം നമ്മെ പറ്റി തന്നെ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങള്‍. നാം കടന്നു വന്ന ഓരോ വഴിയും. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം ഓരോരുത്തരും ഒരു അമ്മയുടെ വയറ്റില്‍ ആയിരുന്നു. അതിന്‍ ശേഷം ആണ് പുറം ലോകത്തേക്ക് വന്നതും ഈ ലോകം അനുഭവിക്കുന്നതും. ഓരോരോ ആളുകളും ഒരുപാട് കഷ്ടപാട് അനുഭവിച്ചാണ് വളരുന്നത്‌. ചിലര്‍ക്ക്‌ ചെറിയ പ്രായത്തില്‍ തന്നെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മറ്റു ചിലര്‍ക്ക് പ്രിയപെട്ടവര്‍ നഷ്ടപെടുന്നു. അങ്ങനെ കഷ്ടതകള്‍ ഈ ലോകത്ത് അനേകം.

ലോകം ഇങ്ങനെ ആണ്. മനുഷ്യ ജീവിതവും. സങ്കടം ഇല്ലാതെ സന്തോഷം ഇല്ല. നമ്മുടെ പൂര്‍വ്വകാല വേദനകളും അനുഭവങ്ങളും ആണ് ഇപ്പോഴുള്ള നമ്മള്‍ ആക്കുന്നത്. അതില്‍ ശെരിയോ തെറ്റോ ഇല്ല. അനുഭവം മാത്രം.

ഈ ശരീരം നശ്വരം ആണ്. ഇത് ഉപേക്ഷിക്കേണ്ട സമയത്ത് ഉപേക്ഷിക്കേണ്ടി വരും. അത് വരെ അതിനെ സംരക്ഷിക്കണം. എത്രയൊക്കെ സംരക്ഷിച്ചാലും ഒരു നാള്‍ അത് രൂപ മാറ്റം വന്നു ഈ പ്രപഞ്ചത്തില്‍ തന്നെ കാണും. കാലത്തിന്‍റെയും പ്രപഞ്ച വ്യാപ്തിയുടെയും കണ്ണില്‍ ഈ ലോക ജീവിതം നൈമിഷികം മാത്രം.  രൂപതിനപ്പുറം അനശ്വരമായ മറ്റെന്തോ ആണെന തോന്നല്‍.

എത്രയൊക്കെ വേദന ഉണ്ടായാലും, പൂര്‍വ്വകാലം എത്രയൊക്കെ വേദന ഉളവാക്കുന്നതായാലും, നമ്മുടെ കയ്യില്‍ ആകെ ഉള്ളത് ഈ നിമിഷം മാത്രം ആണ്. ഇന്നലെ എന്നത് സ്വപനം പോലെ ഉള്ളില്‍ ഉള്ള ഒരു നിഴല്‍ ആണ്. നാളെ എന്നത് ഒരു കനവാണ്. സത്യം എന്നത് ഇപ്പൊ മാത്രം ആണ്.



2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

യാത്രയും റോസും നക്ഷത്രങ്ങളും കടലും

ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു യൂറോപ്യൻ പര്യടനം. 3 വർഷം കാത്തു സൂക്ഷിച്ചു വെച്ച പൈസ കൊണ്ട് പോകാം എന്ന് കരുതി, ഓഫീസിൽ നിന്ന് ലീവ് ഒക്കെ മേടിച്ചു. വിൽസൺ എല്ലാ പേപ്പർ ജോലികളും തീർത്തു വിസ അപേക്ഷിച്ചു. പക്ഷെ മറ്റൊന്നാണ് സംഭവിച്ചത്. എൻ്റെ താടി ഒക്കെ കണ്ടത് കൊണ്ടാണോ എന്നറിയില്ല അവർ അപേക്ഷ നിരസിച്ചു. കാരണം പറയുന്നത് ഞാൻ തിരിച്ചു വരും എന്നവർക്ക് ഉറപ്പില്ല എന്നാണ്. അങ്ങനെ ടിക്കറ്റ്, ഇൻഷുറൻസ്, എംബസി എല്ലാം കൂടെ ഒരു അറുപതിനായിരം രൂപ നഷ്ടം. കുറേ വർഷത്തെ അധ്വാനം കുറച്ചു ദിവസം കൊണ്ട് ആവി ആയി. യാത്രയും പോയി, കാശും പോയി.

ഇങ്ങനെ യാത്ര ചെയ്‌തു നടന്നാൽ മതിയോ, ഒരു കുടുംബം ആ ജീവിതം ഒക്കെ വേണ്ടേ എന്നാണ് വീട്ടുകാരുടെ പക്ഷം ഇപ്പൊ ഒരു സമാധാനം സന്തോഷം ഒക്കെ ഉണ്ട്, ഇങ്ങനെ യാത്ര ചെയ്യാമല്ലോ. എന്തിനാ യാത്രകൾ എന്നൊക്കെ ചോദിച്ചാൽ അതിൻ്റെ ഉത്തരം ഇന്നലെ ആണ് കിട്ടിയത്. എന്തോ ഒരു തേടൽ ആണ്, ചിലപ്പോൾ ഈ ഇംഗ്ലീഷ് ആൾകാർ പറയുന്നത് പോലെ "ഹോം" തേടിയുള്ള യാത്ര ആണ്. അത് ഒരു കെട്ടിടം അല്ല, ഒരു വികാരമാണ്. അത് തേടി മനില വരെ പോയി. എല്ലാ തേടലും അവസാനിപ്പിച്ച് ഇനി അങ്ങനെ ഒരു ഹോം ഇല്ല എന്ന് തീർപ്പ് എടുക്കാൻ നേരം ആണ് മറാസ് വരുന്നത്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ അത് വീണ്ടും സംഭവിച്ചു. അവളുടെ കൂടെ വീണ്ടും അറിയാതെ പ്രണയത്തിൽ വീണ്ടും വീഴുകയാണ്. ഞാൻ ജീവിക്കുന്ന സമൂഹത്തിന്റെ കണ്ണിൽ അതു ശെരി അല്ല, പക്ഷെ പ്രണയം അങ്ങനെ ആണല്ലോ. എല്ലാ സമവാക്യങ്ങളും അത് തെറ്റിക്കും. ഉറക്കം എന്നത് പോലെ, എപ്പോൾ ആണ് ആയത് എന്ന ആ അതിർവരമ്പ് ഇല്ല. അത് ആയി പോകും.. അവൾ ആണ് ഞാൻ തേടിയ ഹോം.

ഇങ്ങനെ ഒരുപാട് വ്യാകുലതകൾ അലട്ടുകയാണ്. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാതെ പകച്ചു നിൽകുമ്പോൾ രാത്രിയുള്ള ആകാശം നോക്കും, നക്ഷത്രങ്ങൾ നോക്കും. നക്ഷത്രങ്ങളും കടലും എന്തെന്നില്ലാത്ത ശാന്തത ആണ് എനിക്ക് തരുന്നത്. അങ്ങനെ അതെല്ലാം നോക്കി യാത്ര തുടരുകയാണ് എങ്ങോട്ട് എന്ന് അറിയില്ല....

2018 ജനുവരി 9, ചൊവ്വാഴ്ച

ഭയ്യ

ഭാരതത്തിന്‍റെ വടക്കേ അറ്റത്തേക്ക് ഒരു യാത്ര പണ്ടേ ഒരു സ്വപ്നമായിരുന്നു. പുസ്തകങ്ങളില്‍ മാത്രം കണ്ട വാഗ അതിര്‍ത്തിയും, സുവര്‍ണ്ണ ക്ഷേത്രവും, രാജസ്ഥാനും, താജ് മഹലും, ഋഷികേശും ഒക്കെ.പല സങ്കല്‍പങ്ങളും ഈ യാത്രയില്‍ മാറി മറഞ്ഞു. നേരില്‍ ഉള്ള യാത്ര അനുഭവങ്ങളെ പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ല.
ഇ യാത്രയില്‍ എന്‍റെ മനസ്സില്‍ ഒരിക്കലും മായാതെ നില്‍കുന്നത് വില്‍സണ്‍ന്‍റെ വീടിനു പുറത്തു വെച്ച് കണ്ട കൊച്ചു പെണ്‍കുട്ടി ആണ്. ഞാനും അമൃതും അഖിലും യാത്ര എല്ലാം കഴിഞ്ഞു, വില്‍സണ്‍ന്‍റെ വീടിനോടും യാത്രയോടും വിട പറഞ്ഞു റോഡ്‌ കടക്കാന്‍ പാലം കയറിയ സമയം. വഴില്‍ എന്തോ കളിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അവള്‍ എന്നോട് പൈസ ആവശ്യപെട്ടു. പതിവ് പോലെ ഒഴിഞ്ഞു മാറാന്‍ നേരം അവള്‍ എന്‍റെ കാലില്‍ കെട്ടി പിടിച്ചു പൈസ ചോദിച്ചു. അവളുടെ മുഖത്ത് അത് ഒരു തമാശ രീതിയില്‍ ആയിരുന്നു. ഭയ്യ ഒരു 10 രൂപ തരു എന്ന് അവള്‍ പറഞ്ഞു. പൈസ കൊടുത്താല്‍ നാളെ ഇങ്ങനെ ചെയ്താല്‍ പൈസ കിട്ടും എന്ന്‍ ആ കൊച്ചു മനസ് വിചാരിക്കും. അമൃതും അഖിലും ദേഷ്യപ്പെട് കുട്ടിയെ ഓടിക്കാന്‍ പറഞ്ഞു. അറിയാവുന്ന മുറി ഹിന്ദിയില്‍ ഇല്ല പറ്റില്ല എന്നൊക്കെ പറഞ്ഞു കുട്ടിയെ മാറ്റി..

2017 ഒക്‌ടോബർ 8, ഞായറാഴ്‌ച

ശൂന്യത

ഇനി എന്ത് ചെയ്യണം എന്നറിയില്ല. യാത്രകളും ജോലി തിരക്കുകളും ആയി ജീവിതം തിരക്കിൽ ഏർപ്പെട്ടപ്പോൾ പലതും മനസ്സിന്റെ അടിത്തട്ടിലേക്ക് പോയി. ഇപ്പോൾ എല്ലാം പഴയതിലും ശക്തമായി തിരിച്ചു വന്നു.
ജോലിയും വീടും പണവും പദവിയും എല്ലാം നശ്വരമാണ്. അപ്പോൾ എന്തിനാണ് കഷടപ്പെട്ട് ഈ ജീവതം നയിക്കുന്നത് എന്തോ, അറിയില്ല. ആരാണ് ജീവിക്കുന്നത്, ആരാണ് മരിക്കുന്നത്. ബന്ദങ്ങളായ ബന്ദനത്തിൽ മോചനം തേടി അലയുക ആണ്. ആകെ ഒരു ശൂന്യത. ഈ വലിയ പ്രപഞ്ചത്തിൽ കാലത്തിൽ എന്തിനോ നീങ്ങുന്ന ഒന്ന്...

2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

അവസാനത്തെ പടി

                എല്ലാവരും ഓട്ടത്തിലാണ്. പടിപടിയായി മുന്നോട്ട് പോകണം എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. എത്ര പടിയുണ്ട് എന്നാരും പറഞ്ഞില്ല. ആദ്യത്തെ പടി നടക്കാനും സംസാരിക്കാനും ആയിരുന്നു. പിന്നീട് ഓരോ ക്ലാസിലും നല്ല മാർക്കോടെ പാസ്സാകൽ ആയി. അങ്ങിനെ പടി കയറിക്കൊണ്ടിരിക്കുമ്പോൾ, വഴിത്തിരിവ് എന്നതും പ്രധാനം എന്നതും ആയ 10  ക്ലാസ് വരുന്നത്. അതാണ് നമ്മുടെ അവസാനത്തേത്‌ എന്ന് കരുതി.പക്ഷെ അത് ഒരു തുടക്കം മാത്രം ആണ്. പിന്നെ +2, എന്ട്രന്‍സ്, കോളേജ്, ജോലി. അവസാനത്തെ പടി എപ്പോ എത്തും എന്നറിയാതെ ഓടുകയാണ്. ജോലി കിട്ടിയപ്പോള്‍ ശമ്പളം കൂടുതല്‍ വേണം എന്നും, അത് കിട്ടിയപ്പോള്‍ വിദേശത്ത് പോകണം എന്നും. വിദേശത്ത് എത്തിയപ്പോള്‍ അവിടെ ഉള്ളവരും ഓടുകയാണ്, ആ രാജ്യത്തെ പൌരനാകാന്‍.

അവിടെയും അവസാനത്തെ പടി ഞാന്‍ കാണുന്നില്ല. എങ്ങും ഓടുന്ന മനുഷ്യരെ മാത്രമേ കാണുന്നുള്ളൂ. ഈ ചിന്തകള്‍ എന്നിലേക്ക് എത്തിച്ചത് തീവണ്ടിയിലെ അപരിചിതനാണ്. ഇവിടെ എന്നും ഉള്ള ജീവിത ചര്യയില്‍ അങ്ങനെ ഉള്ള സംവാദങ്ങള്‍ തന്നെ കുറവാണു.തിങ്കള്‍ രാവിലെ കുളിച്ചു ഭക്ഷണം കഴിച്ചു തിരക്കേറിയ പരാമാറ്റ തീവണ്ടിയില്‍ വലിഞ്ഞു കയറി ഓഫീസില്‍ എത്തും. അഞ്ചു മണി വരെ ചെയ്യാന്‍ ഉള്ള ജോലികള്‍ ഉണ്ട്. അതിനു ശേഷം തിരിച്ചു അത് പോലെ മുറിയിലേക്ക്.ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് ഉള്ള കാത്തിരുപ്പാണ്.  ആളുകള്‍ എല്ലാം അവരുടെതായ ലോകത്ത് വിഹരിക്കുന്നു കാണും. ഫോണോ, ടാബോ, അങ്ങനെ എന്തിലെലും. ജീവിതം യാന്ത്രികം പോലെ ആണ്. കിട്ടുന്ന പൈസ ഒഴിച്ച് കഴിഞ്ഞാല്‍ ബാക്കി എല്ലാം നിര്‍ജീവം. അങ്ങനെ ഉള്ള ഒരു യാത്രയില്‍ ആണ് പകുതി പാകിസ്ഥാനും, പകുതി ടര്‍ക്കിയും ആയ അയാള്‍ വരുനത്‌. പാകിസ്ഥാന്‍ എന്ന് ആദ്യം കേട്ടപ്പോള്‍ ഒരു ദേഷ്യം വന്നു. പിന്നീട സംസാരിച്ചു തുടങ്ങിയപ്പോള്‍ ആണ് എല്ലാവരും നമ്മളെ പോലെ ജീവിക്കാന്‍ വഴികള്‍ തേടുന്ന മനുഷ്യ ജീവന്‍ ആണ് എന്ന തിരിച്ചറിവ് വരുന്നത്.

പുരോഗമിച്ച ഒരു നഗരത്തിലേക്ക് കുടിയേറാന്‍ ആളുകള്‍ പരമാവധി ശ്രമിക്കുക ആണ്. അങ്ങനെ ഉള്ള ഒരു നഗരം ആണ് സിഡ്നി. പുരോഗമനം എന്നാല്‍ അംബര ചുംബികളായ കെട്ടിടവും, മണി മാളികകളും ആണ് എന്നാണ് പലരും കരുതുന്നത്. മനുഷ്യരുടെ ആര്‍ത്തിയും ആഡംബരവും തൃപ്തി പെടുത്താന്‍ ബാക്കി സമൂഹം വലിയ  വില ആണ് കൊടുക്കുന്നത്.
ഇവിടെ ആളുകള്‍ ഒരു 30 വര്ഷം കൊണ്ട് അടച്ചു തീര്‍കുന്ന കടം എടുത്താണ് വീട് വെക്കുന്നത്. അടുത്ത 10 വര്ഷം പോലും നമ്മുടെ കയ്യില്‍ ഉണ്ടോ എന്നറിയില്ല. വിദൂരമായ ഒരു ഭാവിക്ക് വേണ്ടി പ്രത്യക്ഷമായ ഇന്ന് നഷ്ടപെടുകയാണ്. ഇത് തന്നെയാണ് മതവും ചെയ്യുന്നത് എന്ന് തോന്നുന്നു..

നമ്മള്‍ പറഞ്ഞു തുടങ്ങിയത് ആ അവസാനത്തെ പടിയാണ്. ഇതു പടിയില്‍ എത്തിയാല്‍ ഇനിയൊരു പടി ഇല്ലാതെ ഇരിക്കും എന്നത്.അങ്ങനെ ഒന്ന് ഇല്ല എന്നാണ് തോന്നുന്നത്. കിട്ടുന്നതില്‍ സംതൃപ്തി കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. മടി പിടിക്കണം എന്നല്ല, ആര്‍ത്തി പാടില്ല എന്നാണ്. പണ്ട് മനോജ്‌ ഭായ് പറഞ്ഞ പോലെ, ഒരു നേരത്തെ ഭക്ഷണം കിട്ടതവന് ഒരു ചായയുടെ വിലയും രുചിയും അറിയാം....

2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

ആഗ്രഹങ്ങള്‍

 നമ്മളെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ആഗ്രഹങ്ങളും പ്രതീക്ഷകളും ആണ്.കാലം മുന്നോട്ടു പോകുമ്പോള്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നല്ലാതെ അത് കുറയുന്നില്ല. ആഗ്രഹങ്ങള്‍ ആപേക്ഷികവും, കാലത്തിനു വിധേയവും ആണ്.
ലോകത്തെ മികച്ച പുസ്തകങ്ങള്‍,ചലച്ചിത്രങ്ങള്‍, പാട്ടുകള്‍ ഇവയെല്ലാം ആസ്വദിക്കാന്‍ മാത്രം ആയുസ്സ് ഒരു മനുഷ്യന് ഉണ്ട് എന്ന് തോനുന്നില്ല. അത് പോലെ തന്നെ ആണ് സ്ഥലങ്ങളും മറ്റു അനുഭവങ്ങളും. അത്ര ക്ഷണികമാണ് നമ്മുടെ എല്ലാം ആയുസ്സ് എന്ന തിരിച്ചറിവ് നമ്മളെ മറ്റൊരു രീതിയില്‍ ചിന്തിപ്പിച്ചു തുടങ്ങും. എണ്ണപ്പെട്ട വിലയേറിയ ഈ നിമിഷങ്ങള്‍ എന്തിനു ചിലവാക്കണം എന്ന് തിരിച്ചറിഞ്ഞു തുടങ്ങും. ലോകത്തിലെ മറ്റുള്ള ആളുകളും, പുസ്തകങ്ങളും, പരസ്യങ്ങളും എല്ലാം നമ്മിലേക്ക്‌ തന്ന ആഗ്രഹങ്ങള്‍ക് അപ്പുറം എന്തോ ഉണ്ട് എന്നാ ഒരു തോന്നല്‍..ഒരിക്കലും തീരാത്ത ആഗ്രഹങ്ങളുടെ ആ ചക്രത്തില്‍ നിന്നുള്ള മോചനം. പിന്നീടു എന്നോ വരാന്‍ ഇരിക്കുന്ന ഭാവിയെ കുറിച്ച മറന്നു അന്നത്തെ ദിവസം എല്ലാ അളവിലും ആസ്വദിച്ചു ജീവിക്കുന്ന ഒരവസ്ഥ.

മാറ്റം

മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു, അത് മാറ്റമാണ്. ഈ വാക്കുകളുടെ വ്യാപ്തി ഈ അടുത്താണ് മനസിലാകുന്നത്. നാം പലപ്പോഴും അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്ന ചില രീതികളെ കോട്ടം തട്ടാതെ നാം മുറുക്കി പിടിക്കും. പക്ഷെ അവ എല്ലാം മാറ്റത്തിനു വിധേയമാണ്.പഴയ ആളുകള്‍ അവരുടെ രീതിയാണ്‌ ശെരി എന്ന് വിചാരിച്ചു ഇരുന്നു എങ്കില്‍ ഇന്നത്തെ നമ്മളില്ല. എല്ലാം മാറിയിരിക്കും, തടയാന്‍ ആരാലും ആകും എന്ന് തോന്നുനില്ല..

നമ്മുടെ ഇഷ്ടത്തിന് ലോകത്തിലെ കാര്യങ്ങള്‍ നടക്കണം എന്നാ ചിന്ത നമ്മളെ ദുഖത്തില്‍ ആഴ്തും. ആളുകളില്‍ നിന്ന് തിരിച്ചു പ്രതീക്ഷിക്കാതെ കര്‍മം ചെയ്യുക മാത്രമേ ഒരു വഴി കാണുന്നുള്ളൂ.

2017 ജൂൺ 4, ഞായറാഴ്‌ച

മനുഷ്യന്‍

മനുഷ്യന്‍ ദൈവത്തിന്‍റെ പ്രത്യേക നിയോഗത്തില്‍ ഭൂമിയില്‍ വന്നു എന്ന് മതവും അത് പ്രചരിപ്പിക്കുന്ന ആളുകളും പറയുന്നു. മനുഷ്യന്‍ ഒഴികെ മറ്റെല്ലാ ജീവിയും അവനു താഴെ ആണ് എന്നാ മിഥ്യയും. എന്നിട്ട് പ്രകൃതിയെ തന്നെ നശിപ്പിച്ചു തന്റെ സ്വാര്‍ത്ഥ ലാഭത്തിനു മാത്രം ശ്രമിക്കുന്ന മനുഷ്യര്‍.
ആളുകളുടെ വേദനയില്‍ കൂടെ നില്‍കാതെ, അവന്‍റെ മൂല്യം കയ്യിലെ കാശിലും പദവിയിലും അളക്കുന്ന കൂട്ടര്‍.

ഇതെല്ലം അറിഞ്ഞിട്ടും മനുഷ്യ ജന്മം മഹത്തരം എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, അന്നന്നത്തെ ആഹാരത്തിനു വേണ്ടി വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളും, മറ്റാരുടെയും വിലയിരുത്തലുകള്‍ വകവെക്കാതെ ഏതോ കോണില്‍ വിരിയുന്ന പൂവും, ഒക്കെ നമ്മെക്കാള്‍ നല്ല രീതിയില്‍ ഈ ലോകം ആസ്വദിച്ച് ജീവിക്കുന്നു എന്ന ഒരു തോന്നല്‍.

നിന്റെ വില നിശ്ചയിക്കാന്‍ മറ്റൊരാള്‍ക്ക് എന്ത് അവകാശം. അവര്‍ നിര്‍ണയിക്കുന്ന വില അവരുടെ കണ്ണില്‍ കാണുന്ന കാഴ്ച പോലെ പരിമിതവും ആപേക്ഷികവും ആണ്.

വാക്കുകള്‍ക്ക് അപ്പുറം, ശെരി തെറ്റുകള്‍ക് അപ്പുറം മറ്റെന്തോ ഒന്നുണ്ട്. അതി കഠിന യോഗ മുറകള്‍ കൊണ്ടോ മറ്റെന്തിങ്കിലും രീതികള്‍ കൊണ്ടോ നേടിയിടുക്കേണ്ടത് എന്ന് നാം കരുതുന്ന എന്തോ ഒന്ന്. എല്ലാം വെറും തോന്നലുകള്‍ അകം, മാതൃക ഇല്ല എങ്കിലും അത് കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ജീവി എന്നത് കൊണ്ട് ഉണ്ടാകുന്ന തോന്നലുകള്‍ ആകാം. ആവോ.. ഉത്തരങ്ങള്‍ മറ്റു ചോദ്യങ്ങളിലേക് ആണ് നയിക്കുന്നത്,.