2022, ഫെബ്രുവരി 5, ശനിയാഴ്‌ച

ഇനി ഞാൻ ഉറങ്ങട്ടെ

 ഉറക്കം എന്നത് എനിക്ക് വളരെ പ്രധാനം ആയ ഒരു സംഗതി ആണ്. സ്കൂൾ കോളേജ് കാലങ്ങളിൽ ഒക്കെ രാത്രി ഏകദേശം ഒൻപതു മണി ആകുമ്പോഴേക്കും ഞാൻ ഉറങ്ങി കാണും.  ഈ ഒരു സമയം എൻ്റെ ഒരു ശീലം ആയി മാറുകയും ചെയ്തു. 

രാത്രി ജോലികൾക്കു കുപ്രസിദ്ധി ആർജിച്ച IT എൻ്റെ തൊഴിൽ മേഖല ആയതു തികച്ചും യാദിർശ്ചികം മാത്രം. ആദ്യത്തെ പ്രൊജെക്ടുകളിൽ  രാവിലെ ഒൻപതു മുതൽ വൈകിട്ടു ആറു വരെ ആയതു കൊണ്ട് വെല്യ തരക്കേടില്ലാതെ പോയി. കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് രണ്ടാമത്തെ ഇടം തൊട്ടാണ്. അവിടുത്തെ രീതികൾ എനിക്ക് വിചിത്രം ആയിരുന്നു. (ഇന്നും ആണ്). 

മിക്ക ആളുകളും ഒരു പതിനൊന്നു മണി ആകും എത്താൻ തന്നെ. വന്നു കഴിഞ്ഞാൽ കമ്പനിയുടെ ഫ്രീ കോഫി മെഷീൻ ഉപയോഗിച്ചുള്ള കാപ്പി കുടി ആണ്. അതിനു ശേഷം ആൾകാരോടുള്ള കുശലം. അപ്പോഴേക്കും സമയം ഉച്ചക്ക് ഒന്നായി. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ ഉള്ള ഓട്ടം ആണ്. ക്യാന്റീനിൽ മാത്രമേ ഭക്ഷണം അനുവദിക്കുള്ളു. അവിടെ ഇരിക്കാൻ ഇടം കണ്ടെത്തുക എന്നത് ഒരു ചടങ്ങാണ്. അത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ സമയം മൂന്നു മണി ആകും. ഇത് പോലെ ആളുകൾ ഭക്ഷണം കഴിച്ചു അവിടെ സൊറ പറഞ്ഞു സമയം കളയുന്നത് കൊണ്ടാണ് മേല്പറഞ്ഞ ഇരിപ്പിടം കിട്ടാനുള്ള ബുദ്ധിമുട്ട്. മൂന്നു മണി ആയ പിന്നെ ഈവനിംഗ് കോഫി ആണ്. അതും അടുത്ത റൗണ്ട് കുശലം കൂടി  ആയാൽ സമയം ആറു മണി. എനിക്കാണേൽ ഇറങ്ങേണ്ട സമയം. ഈ ഒരു സമയം ആണ് അവിടെ പണി എന്ന പ്രകടനം നടക്കുന്നത്. രാത്രി കൂടുതൽ ഇരുന്നാൽ നല്ല പണിക്കാരൻ എന്ന ഒരുതരം ടോക്സിക് അവസ്ഥ ആൺ. അപ്പോഴും എൻ്റെ ഉറക്കം പോകാതെ ഇരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ഒരു ദിവസം ആറിന് പോയി എന്നാ ഒറ്റ കാരണം കൊണ്ട് അടുത്ത ദിവസം രാവിലെ ഒരു മണിക്കൂർ മീറ്റിംഗ് വെച്ച മാനേജർ ഉള്ള സ്ഥലം ആണ്. അതിൽ കൂടുതൽ അവിടുന്ന് ഒന്നും പ്രതീക്ഷിച്ചിട്ടും കാര്യമില്ല 

മേല്പറഞ്ഞത് എല്ലാം ഒരു ആമുഖം പോലെയാണ്. നേരിടാൻ പോയ യഥാർത്ഥ പ്രതിസന്ധി എന്നെ കാത്തു മറ്റൊരിടത്തു ഇരിപ്പുണ്ടായിരുന്നു. കാലചക്രം എന്നെ കൃത്യമായി അവിടെ എത്തിച്ചു.  എന്നെ അഭിമുഖം എടുത്ത സമയത്തു ആകെ രണ്ടേ രണ്ടു നിബന്ധന മാത്രമേ ഞാൻ ചോദിച്ചിരുന്നുള്ളു ഒന്നാമത്തേത് പാതിരാത്രി ഉള്ള പണി പാടില്ല എന്നും രണ്ടാമത്തേത് പഠിച്ച പണി തരണം എന്നുമാണ്. എന്നാൽ ഇവ രണ്ടും നിഷ്കരുണം തച്ചുടച്ചത്  ഒരു ആൾ അല്ല ഒരു സംഘം ആൾകാരായിരുന്നു.

എന്നോട് ചോദിക്കുക പോലും ചെയ്യാതെ എന്നെ ഏതോ ഒരു ടീമിൽ ചേർത്തു . അവർ പറഞ്ഞ സമയം രാവിലെ എട്ടു മുതൽ രാത്രി പതിനൊന്നര വരെയാണ്. ഈ ജോലി സ്ഥലത്തിൻ്റെ പ്രത്യേകത എന്തെന്നാൽ ഒരു അടിമ സമ്പ്രദായം ആണ് എന്നതാണ്. പണി എടുക്കുന്ന പണിക്കാർ ഒരു വശത്തും  പണി എന്തെന്നു അറിയാത്ത ജന്മിയെ അനുസ്മരിപ്പിക്കുന്ന മേലാളന്മാർ മറുവശത്തും .   മനുഷ്യത്വരഹിതം എന്നു എനിക്കു തോന്നിയ ഈ സമയം ഒരു കല്പന പോലെ എൻ്റെ തലയിൽ വീണു.

ഇതിൻറെ പരിഹാരം തേടി ഞാൻ കുറെ അലഞ്ഞു. ഇവിടെ മറുവാക്കു പറഞ്ഞാൽ ലെഫ്റ് റൈറ്റ് ലെഫ്റ് ലെ ബൈജു പറയുന്ന പോലെ എൻ്റെ കാര്യം തീർന്നു . അതി സാഹസികം എന്ന് അറിഞ്ഞിട്ടും ഞാൻ ഇതിനെതിരെ പട പൊരുതാൻ തീരുമാനിച്ചു. എൻ്റെ ആവശ്യങ്ങൾ മാന്യമായി ഞാൻ സമർപ്പിച്ചു. അപ്പോൾ എനിക്ക് ദാർഷ്ട്യം നിറഞ്ഞ പരിഹാസവാക്കുകൾ ആണ് കിട്ടിയത്. അവയൊന്നും എന്നെ തളർത്തിയില്ല എന്ന് മാത്രമല്ല കൂടുതൽ വിപ്ലവത്തിലേക്കു നയിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഈ സമയം എന്ന മൂല കാരണം കണ്ടെത്തി. നമ്മൾ പണി എടുക്കുന്നത് അമേരിക്കയിൽ ഉള്ള ഒരു കമ്പനിക്കു വേണ്ടിയാണു ,അപ്പോൾ അവരുടെ സമയത്തും നമ്മൾ ഇരിക്കണം. ഇങ്ങനെ ഒരു കരാർ എന്നെ പിടിച്ചിട്ട ടീം എന്നോ ഒപ്പു വെച്ചു . എനിക്കാണെങ്കിൽ രാവിലെ എഴുനേൽക്കാൻ പറ്റും. ഞാൻ അവരോട് ചോദിച്ചു എന്നാൽ ഈ സമയം രാവിലെ മൂന്നിനോ നാലിനോ ആക്കി മാറ്റം. അവരുടെ കോപം ഉള്ളിൽ നിന്നും പുകഞ്ഞു ചാടി. ഞാൻ ഒറ്റയ്ക്ക് സമയം തീരുമാനിക്കുന്നു എന്നും ബാക്കി ഉള്ളവർ സമ്മതിക്കേണ്ടേ എന്നും ആയി. എന്നാൽ ബാക്കി പണിക്കാർ സമ്മതിച്ചാൽ പോരെ ഞാനും.

അവർ സമ്മതിച്ചാൽ പോരാ ഈ പറയുന്ന മാനേജർ കൂടെ സമ്മതിക്കണം. അപ്പോൾ ഇത് വായിക്കുന്ന നിങ്ങളെ പോലെ എനിക്കും തോന്നിയ സ്വാഭാവിക സംശയം, പണി അറിയാത്ത ഇവർ എന്തിനാണ് ആ സമയം വരുന്നത്. ഇത് അവരോട് ഞാൻ ചോദിക്കുകയും അവർ ഉത്തരം താരത്തെ ഒഴിഞ്ഞ മാറുകയും ആണ് ചെയ്തത്. അവർക്കു രാവിലെ മൂന്ന് മണി പറ്റില്ല, കാരണം അവർക്കു ഉറങ്ങണം. അവരുടെ ഉറക്കം ചോദ്യം ചെയ്തപ്പോൾ അവർ എ ഇടത്തും  ന്നെ അവിടുന്നു മറ്റൊരു ടീമിലേക്കു പറഞ്ഞു വിട്ടു. 

സമയത്തു ജോലി ചെയ്തു തീർത്തു എന്ന കുറ്റം കൊണ്ട് എനിക്ക് കിട്ടേണ്ട അംഗീകാരമോ ഇൻക്രെമെന്റോ അവർ തന്നില്ല. ടീം മാറിയിട്ടും രാത്രി ജോലി ഒരു അലങ്കാരവും ജോലി നൈപുണ്യവും ആയി കാണുന്ന ആ സ്ഥലം തന്നെ പിന്നീട് മാറേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രം.

നാം ചെയ്യുന്ന പണി മനസിലാക്കാൻ പറ്റുന്ന ഒരു മേലാളൻ എന്നും നല്ലതാണ്. അതല്ല എങ്കിൽ അവർക് അളക്കാൻ നാം ഇടുന്ന സമയം മാത്രമേ കാണു. നാം എവിടെയാണ് എങ്കിലും എന്തു പ്രതിസന്ധി ആണെങ്കിലും നാം ഒരിക്കലും നമ്മളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാതെ ഇരിക്കരുത്. സ്ഥിരം കേൾക്കുന്ന "എല്ലാ ഇടത്തും ഇങ്ങനെ ആണ്, ഇവിടെ ഇങ്ങനെ ആണ്" എന്നുള്ള പല്ലവികൾ കേട്ടിരുന്നേൽ ഇന്ന് കാണുന്ന മനുഷ്യൻ ഇല്ല. 

ഞാൻ ജോലി ചെയുന്നത് അല്ലാതെയുള്ള മേഖലയിലും പല രീതിയിലുള്ള തൊഴിൽ ചൂഷണം ഉണ്ട് എന്നറിയാം. എന്നിരുന്നാലും, IT  മേഖല പുറമെ നിന്ന് നോക്കുമ്പോൾ ഒരു സ്വപ്ന ഭൂമിയാണ്. ശീതികരിച്ച മുറികളിൽ കറങ്ങുന്ന കസേരയിൽ വെയിൽ കൊള്ളാതെ, വിയർക്കാതെ, ഫ്രീ ആയി കിട്ടുന്ന കാപ്പിയും കുടിച്ചു നല്ല പൂത്ത കാശും മേടിച്ചു സുഖം ആയി കഴിയുകയാണ് മറ്റുള്ളവർക് നമ്മൾ. അവരോടൊക്കെ എനിക്ക് ബെന്യാമിൻ ആട് ജീവിതത്തിൽ പറഞ്ഞ കാര്യമേ പറയാൻ ഉള്ളു 

"അറിവില്ലാത്ത കാര്യങ്ങളെ കുറിച്ചും അകലെയുള്ള കാര്യങ്ങളെ കുറിച്ചും നാം വെറുതെ പോലും സ്വപ്‌നങ്ങൾ കാണാൻ പാടില്ല"

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ