2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

അവസാനത്തെ പടി

                എല്ലാവരും ഓട്ടത്തിലാണ്. പടിപടിയായി മുന്നോട്ട് പോകണം എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. എത്ര പടിയുണ്ട് എന്നാരും പറഞ്ഞില്ല. ആദ്യത്തെ പടി നടക്കാനും സംസാരിക്കാനും ആയിരുന്നു. പിന്നീട് ഓരോ ക്ലാസിലും നല്ല മാർക്കോടെ പാസ്സാകൽ ആയി. അങ്ങിനെ പടി കയറിക്കൊണ്ടിരിക്കുമ്പോൾ, വഴിത്തിരിവ് എന്നതും പ്രധാനം എന്നതും ആയ 10  ക്ലാസ് വരുന്നത്. അതാണ് നമ്മുടെ അവസാനത്തേത്‌ എന്ന് കരുതി.പക്ഷെ അത് ഒരു തുടക്കം മാത്രം ആണ്. പിന്നെ +2, എന്ട്രന്‍സ്, കോളേജ്, ജോലി. അവസാനത്തെ പടി എപ്പോ എത്തും എന്നറിയാതെ ഓടുകയാണ്. ജോലി കിട്ടിയപ്പോള്‍ ശമ്പളം കൂടുതല്‍ വേണം എന്നും, അത് കിട്ടിയപ്പോള്‍ വിദേശത്ത് പോകണം എന്നും. വിദേശത്ത് എത്തിയപ്പോള്‍ അവിടെ ഉള്ളവരും ഓടുകയാണ്, ആ രാജ്യത്തെ പൌരനാകാന്‍.

അവിടെയും അവസാനത്തെ പടി ഞാന്‍ കാണുന്നില്ല. എങ്ങും ഓടുന്ന മനുഷ്യരെ മാത്രമേ കാണുന്നുള്ളൂ. ഈ ചിന്തകള്‍ എന്നിലേക്ക് എത്തിച്ചത് തീവണ്ടിയിലെ അപരിചിതനാണ്. ഇവിടെ എന്നും ഉള്ള ജീവിത ചര്യയില്‍ അങ്ങനെ ഉള്ള സംവാദങ്ങള്‍ തന്നെ കുറവാണു.തിങ്കള്‍ രാവിലെ കുളിച്ചു ഭക്ഷണം കഴിച്ചു തിരക്കേറിയ പരാമാറ്റ തീവണ്ടിയില്‍ വലിഞ്ഞു കയറി ഓഫീസില്‍ എത്തും. അഞ്ചു മണി വരെ ചെയ്യാന്‍ ഉള്ള ജോലികള്‍ ഉണ്ട്. അതിനു ശേഷം തിരിച്ചു അത് പോലെ മുറിയിലേക്ക്.ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് ഉള്ള കാത്തിരുപ്പാണ്.  ആളുകള്‍ എല്ലാം അവരുടെതായ ലോകത്ത് വിഹരിക്കുന്നു കാണും. ഫോണോ, ടാബോ, അങ്ങനെ എന്തിലെലും. ജീവിതം യാന്ത്രികം പോലെ ആണ്. കിട്ടുന്ന പൈസ ഒഴിച്ച് കഴിഞ്ഞാല്‍ ബാക്കി എല്ലാം നിര്‍ജീവം. അങ്ങനെ ഉള്ള ഒരു യാത്രയില്‍ ആണ് പകുതി പാകിസ്ഥാനും, പകുതി ടര്‍ക്കിയും ആയ അയാള്‍ വരുനത്‌. പാകിസ്ഥാന്‍ എന്ന് ആദ്യം കേട്ടപ്പോള്‍ ഒരു ദേഷ്യം വന്നു. പിന്നീട സംസാരിച്ചു തുടങ്ങിയപ്പോള്‍ ആണ് എല്ലാവരും നമ്മളെ പോലെ ജീവിക്കാന്‍ വഴികള്‍ തേടുന്ന മനുഷ്യ ജീവന്‍ ആണ് എന്ന തിരിച്ചറിവ് വരുന്നത്.

പുരോഗമിച്ച ഒരു നഗരത്തിലേക്ക് കുടിയേറാന്‍ ആളുകള്‍ പരമാവധി ശ്രമിക്കുക ആണ്. അങ്ങനെ ഉള്ള ഒരു നഗരം ആണ് സിഡ്നി. പുരോഗമനം എന്നാല്‍ അംബര ചുംബികളായ കെട്ടിടവും, മണി മാളികകളും ആണ് എന്നാണ് പലരും കരുതുന്നത്. മനുഷ്യരുടെ ആര്‍ത്തിയും ആഡംബരവും തൃപ്തി പെടുത്താന്‍ ബാക്കി സമൂഹം വലിയ  വില ആണ് കൊടുക്കുന്നത്.
ഇവിടെ ആളുകള്‍ ഒരു 30 വര്ഷം കൊണ്ട് അടച്ചു തീര്‍കുന്ന കടം എടുത്താണ് വീട് വെക്കുന്നത്. അടുത്ത 10 വര്ഷം പോലും നമ്മുടെ കയ്യില്‍ ഉണ്ടോ എന്നറിയില്ല. വിദൂരമായ ഒരു ഭാവിക്ക് വേണ്ടി പ്രത്യക്ഷമായ ഇന്ന് നഷ്ടപെടുകയാണ്. ഇത് തന്നെയാണ് മതവും ചെയ്യുന്നത് എന്ന് തോന്നുന്നു..

നമ്മള്‍ പറഞ്ഞു തുടങ്ങിയത് ആ അവസാനത്തെ പടിയാണ്. ഇതു പടിയില്‍ എത്തിയാല്‍ ഇനിയൊരു പടി ഇല്ലാതെ ഇരിക്കും എന്നത്.അങ്ങനെ ഒന്ന് ഇല്ല എന്നാണ് തോന്നുന്നത്. കിട്ടുന്നതില്‍ സംതൃപ്തി കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. മടി പിടിക്കണം എന്നല്ല, ആര്‍ത്തി പാടില്ല എന്നാണ്. പണ്ട് മനോജ്‌ ഭായ് പറഞ്ഞ പോലെ, ഒരു നേരത്തെ ഭക്ഷണം കിട്ടതവന് ഒരു ചായയുടെ വിലയും രുചിയും അറിയാം....

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ