2018, ജൂലൈ 1, ഞായറാഴ്‌ച

അനാഥന്‍

എന്താണ് എന്നറിയില്ല ഈയിടെയായി എല്ലാം ശോകം എഴുത്തുകള്‍ ആണ്.

ഈ ബ്ലോഗ്‌ എഴുതി തുടങ്ങിയപ്പോള്‍ കരുതിയത് പോലെ ഓര്‍മ്മകള്‍ ശെരിക്കും മങ്ങി തുടങ്ങി.  അപ്പോഴാണ് മറന്നു തുടങ്ങിയ ചിലത് ഓര്‍മ്മ വന്നത്.

ഒരുപാട് പണ്ട് , എന്ന് വെച്ചാല്‍ ഒരു എട്ടാംക്ലാസ് നു ഒക്കെ മുന്‍പ്. 1990-2004 കാലഘട്ടം. അന്നൊക്കെ ഒരുപാട് പേര്‍ സുഹൃത്തുക്കള്‍ എന്നൊക്കെ മനസ്സില്‍ കരുതി. എന്നിട്ട് മനസ്സിന്റെ അകത്തു തന്നെ ഒരുപാടു കിനാവുകള്‍ കണ്ടു. ഒരുപാട് കാലം സുഹൃത്തുക്കള്‍ ആയി ഇരിക്കുനത് ഒക്കെ. അന്നൊന്നും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അറിയില്ലല്ലോ. കാലം കടന്നു പോയി. ആ ആളുകള്‍ ഒക്കെ എവിടെയെന്നോ ആരെന്നോ അറിയാത്ത വിധം മാറിപ്പോയി.  അവരൊക്കെ കൂടെ ഉണ്ടെക്കില്‍ എന്നാഗ്രഹിച്ചു കരഞ്ഞ ദിവസങ്ങള്‍ ഉണ്ടായിരുന്നു.

കാലം അങ്ങനെ വീണ്ടും നീങ്ങി. ഒരുപാട് സ്നേഹിച്ച അമ്മയെയും അച്ഛനെയും കാലം എന്നില്‍ നിന്ന് കൊണ്ട് പോയി. അത് ഒരു വഴിക്ക് തളര്‍ത്തിയപ്പോള്‍ കൂടെ നിക്കും എന്ന് കരുതിയ ബന്ധുക്കളും വെട്ടി വീഴ്ത്തി. അമ്മയുടെ ചിത കത്തി തീരുന്നതിന്‍ മുന്‍പേ തന്നെ ബാധ്യത അയ എന്നെയും അനിയത്തിയെയും അവിടെ നിന്ന് ഇറക്കി വിടാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു. അന്നാണ് മനസ്സില്‍ ആയത് അനാഥന്‍ ആയി കഴിഞ്ഞു. ഇറങ്ങി പോയാല്‍ വേറെ ഇടം ഇല്ല.  ബാക്കി ബന്ധുക്കള്‍ക്ക് ഈ ബാധ്യത വേണ്ട. അച്ഛന്റെ അച്ഛന്‍ ഒരു ഒറ്റയാള്‍ കാരണം ആണ് ഇന്ന് ഇത് എഴുതാന്‍ പറ്റുന്നത്. ആള്‍ ഇല്ല എങ്കില്‍ ചിലപ്പോ നീരജ് ചേട്ടന്‍റെയും അക്കഅമ്മുമ്മയുടെയും കൂടെയോ അല്ല എങ്കില്‍ തെരുവിലോ ആയേനെ ഞങ്ങളുടെ ജീവിതം.

കൂടെ എന്നും നില്‍കാം എന്ന് പറഞ്ഞ എല്ലാ ആളുകളും അവരുടെതായ ജീവിത തിരക്കുകളില്‍ പെട്ട് പോയി. എല്ലാവര്‍ക്കും അവരവരുടെ ജീവിതം അല്ലെ വലുത്. വേദന നിറങ്ങള്‍ പോലെയാണ്. ഒരു വേദന മറ്റൊന്നിനെകള്‍ വലുതോ ചെറുതോ അല്ല.

ചില സമയങ്ങളില്‍ ഒരു തരം ദേഷ്യവും വിഷമവും  തോന്നും. എന്നെ ഞാന്‍ ആക്കിയത് ആ നഷ്ടങ്ങള്‍ ആയിരുന്നു എങ്കിലും.  എവിടെയോ തനിച്ചാക്കി വിട്ടു പോയ ഒരുതരം തോനാല്‍. ഈ ശരീരത്തില്‍ അമ്മയുടെയും അച്ഛന്റെയും ഒക്കെ DNA ഉണ്ട് എന്നത് കൊണ്ടും. ഞാന്‍ വിഷമിച്ചു കാണാന്‍ അമ്മ ആഗ്രഹിക്കില്ല എന്നത് കൊണ്ടും മാത്രം ഇവിടെ എങ്ങിനെയോ ജീവിക്കുന്നു.

ചില സമയങ്ങളില്‍ ആ നഷ്ടങ്ങള്‍, പ്രത്യേകിച്ച് ഒരുപാട് എന്നെ സ്നേഹിച്ചിരുന്ന അമ്മ പോയ നഷ്ടം ഒരു അനുഗ്രഹം ആയി വരും. മറ്റൊന്നും കൊണ്ടല്ല, വേറെ ഒരു വേദനയും അതിനു മീതെ വന്നിട്ട് ഇല്ല. ഒരുപാട് ഇരുണ്ട ഒരു നിറവും നഷ്ടവും പോലെ അത് ഇന്നും നിലനില്‍ക്കുന്നു.

അന്ന് തുടങ്ങിയതാണ് ഓര്‍മയുടെ പ്രശ്നങ്ങള്‍. ഓര്‍മ്മ വന്നാല്‍ വിഷമിക്കും എന്നത് കൊണ്ട് തലച്ചോറ് തന്നെ ചെയ്യുന്ന ഓരോന്നാണ് അത്. ജീവിക്കണ്ടേ, വേറെ എന്ത് ചെയ്യാന്‍ ആണ്.

എത്രയൊക്കെ ആരൊക്കെ ചെയ്താലും സ്നേഹിക്കുന്ന മാതാപിതാക്കള്‍ നഷ്ടപെട്ട ഞാന്‍ അന്ന് തുടങ്ങി അനാഥന്‍ തന്നെയാണ്,

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ