2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

യാത്രയും റോസും നക്ഷത്രങ്ങളും കടലും

ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു യൂറോപ്യന്‍ പര്യടനം. 3 വര്‍ഷം കാത്തു സൂക്ഷിച്ചു വെച്ച പൈസ കൊണ്ട് പോകാം എന്ന് കരുതി, ഓഫീസില്‍ നിന്ന് ലീവ് ഒക്കെ മേടിച്ചു. വില്‍‌സണ്‍ എല്ലാ പേപ്പര്‍ ജോലികളും തീര്‍ത്തു വിസ അപേക്ഷിച്ചു.  പക്ഷെ മറ്റൊന്നാണ് സംഭവിച്ചത്.  എന്‍റെ താടി ഒക്കെ കണ്ടത് കൊണ്ടാണോ എന്നറിയില്ല അവര്‍ അപേക്ഷ നിരസിച്ചു. കാരണം പറയുന്നത് ഞാന്‍ തിരിച്ചു വരും എന്നവര്‍ക്ക് ഉറപ്പില്ല എന്നാണ്. അങ്ങനെ ടിക്കറ്റ്‌, ഇന്‍ഷുറന്‍സ്, എംബസി എല്ലാം കൂടെ ഒരു അറുപതിനായിരം രൂപ നഷ്ടം. കുറേ വര്‍ഷത്തെ അധ്വാനം കുറച്ചു ദിവസം കൊണ്ട് ആവി ആയി. യാത്രയും പോയി, കാശും പോയി.

. ഇങ്ങനെ യാത്ര ചെയ്തു നടന്നാല്‍ മതിയോ, ഒരു കുടുംബം ആ ജീവിതം ഒക്കെ വേണ്ടേ എന്നാണ് വീട്ടുകാരുടെ പക്ഷം . ഇപ്പൊ ഒരു സമാധാനം സന്തോഷം ഒക്കെ ഉണ്ട്, ഇങ്ങനെ യാത്ര ചെയ്യാമല്ലോ. എന്തിനാ യാത്രകള്‍ എന്നൊക്കെ ചോദിച്ചാല്‍ അതിന്‍റെ ഉത്തരം ഇന്നലെ ആണ് കിട്ടിയത്. എന്തോ ഒരു തേടല്‍ ആണ്, ചിലപ്പോള്‍ ഈ ഇംഗ്ലീഷ് ആള്‍കാര്‍ പറയുന്നത് പോലെ "ഹോം" തേടിയുള്ള യാത്ര ആണ്. അത് ഒരു കെട്ടിടം അല്ല, ഒരു വികാരമാണ്. അത് തേടി മനില വരെ പോയി. എല്ലാ തേടലും അവസാനിപ്പിച്ച്‌ ഇനി അങ്ങനെ ഒരു ഹോം ഇല്ല എന്ന് തീര്‍പ്പ് എടുക്കാന്‍ നേരം ആണ് റോസ് വരുന്നത്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ അത് വീണ്ടും സംഭവിച്ചു. അവളുടെ കൂടെ വീണ്ടും അറിയാതെ പ്രണയത്തില്‍ വീണ്ടും വീഴുകയാണ്. ഞാന്‍ ജീവിക്കുന്ന  സമൂഹത്തിന്‍റെ കണ്ണില്‍ അതു ശെരി അല്ല, പക്ഷെ പ്രണയം അങ്ങനെ ആണല്ലോ. എല്ലാ സമവാക്യങ്ങളും അത് തെറ്റിക്കും. ഉറക്കം എന്നത് പോലെ, എപ്പോള്‍ ആണ് ആയത് എന്ന ആ അതിര്‍വരമ്പ് ഇല്ല. അത് ആയി പോകും. അവള്‍ ആണ് ഞാന്‍ തേടിയ ഹോം.

ഇങ്ങനെ ഒരുപാട് വ്യാകുലതകള്‍ അലട്ടുകയാണ്. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാതെ പകച്ചു നില്‍കുമ്പോള്‍ രാത്രിയുള്ള ആകാശം നോക്കും, നക്ഷത്രങ്ങള്‍ നോക്കും. നക്ഷത്രങ്ങളും കടലും എന്തെന്നില്ലാത്ത ശാന്തത ആണ് എനിക്ക് തരുന്നത്. അങ്ങനെ അതെല്ലാം നോക്കി യാത്ര തുടരുകയാണ് എങ്ങോട്ട് എന്ന് അറിയില്ല...