2014, ജൂലൈ 20, ഞായറാഴ്‌ച

ഇരിട്ടിയും തൃശൂര്‍പൂരവും

ഒരാഴ്ച നീളുന്ന ട്രെയിനിംഗിനായി ഞാന്‍, ശരു, അന്ദ്രു, ജിതിന്‍ (മൊട്ട), എന്‍ എസ് (ജവാന്‍), സുബിന്‍ (കൊച്ചാപ്പി), മനു, ജോണ്‍ എന്ന എട്ടംഗ സംഘം ഇരിട്ടിയിലേക്കുള്ള വണ്ടിയും കാത്തു പാല ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഇരിക്കുകയാണ്. കുടിയാന്‍മല എന്നെഴുതിയ ഒരു വണ്ടി വന്നു. എല്ലാവര്‍ക്കും സീറ്റ്‌ കിട്ടി. ജവാന്‍റെ അളിയന്‍ ഇരിട്ടി സബ് സ്റ്റേഷനില്‍ ഉണ്ട്. പിന്നെ ജോണിന്‍റെ ബന്ധുവിന്‍റെ ഒരു വലിയ ബംഗ്ലാവ് അവിടെ ഉണ്ടെന്നാണ് കേട്ടത്. എനിക്ക് സിനിമ കാണേണ്ടത് കൊണ്ട് ജോണിനോട്‌ ലാപ്ടോപ് എടുക്കാന്‍ പറഞ്ഞിരുന്നു. അവശ്യം എന്‍റെ ആയതു കൊണ്ട് ഞാന്‍ തന്നെയാണ് അത് കൊണ്ട് നടന്നത്.

അവസാനം ഇരിട്ടി എത്തി. നേരം വെളുക്കുന്നതെ ഉള്ളായിരുന്നു. എല്ലാവരും ഇറങ്ങി. മനുവാണ് അവസാനം ഇറങ്ങിയത്. എന്നെ ചീത്ത വിളിച്ചു കൊണ്ടാണ് അവന്‍ വന്നത്. ലാപ്ടോപ് നീ പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്, എന്നിട്ട് നീ എന്താ അതെടുക്കാന്‍ മറന്നത് എന്നവന്‍ ചോദിച്ചു. ജോണിന്‍റെ ലാപ്ടോപ് എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. മനു ആരുടെയോ ലാപ്ടോപുമായാണ് വന്നത്. ബസ്‌ അധികം നീങ്ങുന്നതിനു മുന്നേ മനു ലാപ്ടോപ്പുമായ് പിറകെ ഓടി. ഭാഗ്യം കൊണ്ടായിരിക്കാം ആ ലാപ്പിന്‍റെ ഉടമ വണ്ടി നിര്‍ത്തിച്ചത്, ഇല്ലെങ്കില്‍ മോഷണ കുറ്റത്തിന് എല്ലാവരും ലോക്കപ്പില്‍ കിടന്നേനെ.

ഇനി ജോണിന്‍റെ ബന്ധു വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. ആ വീട് ഒരു പാട് അകലെയാണ്, ലോഡ്ജില്‍ തങ്ങണം എന്ന് അപ്പോഴാണ് അറിയുന്നത്. ആദ്യം കണ്ട ഓട്ടോക്കാരനോട് അടുത്തുള്ള ലോഡ്ജ് ഏതാണെന്ന് ചോദിച്ചു. അയാള്‍ ഒരു വശത്തേക്ക് കൈ ചൂണ്ടി. എല്ലാവരും കൈ ചൂണ്ടിയ ദിശയിലേക്ക് നീങ്ങി. കുറെ നീങ്ങിയപ്പോഴാണ് മനസിലായത്, ടൌണ്‍ കഴിഞ്ഞു, ഇനി ഇവിടെ ലോഡ്ജില്ല എന്ന്. ഞങ്ങള്‍ തിരിച്ചു നടന്നു. അതെ ആളോട് മറ്റൊരുത്തന്‍ വഴി ചോദിച്ചു. ആദ്യം കാണിച്ചു തന്ന ദിശയുടെ നേരെ എതിരാണ് അയാള്‍ ഇപ്പോള്‍ കാണിച്ചത്‌. എല്ലാ ഭാരവും പേറി ഞങ്ങള്‍ കുറെ നടന്നു. “ഫേഷന്‍” എന്ന് പേരുള്ള ഒരു ലോഡ്ജില്‍ എത്തി. അവിടെ ആരും എഴുനേറ്റിരുന്നില്ല. ഞങ്ങള്‍ അവിടെയുള്ള ആളെ വിളിച്ചുണര്‍ത്തി വാടക ചോദിച്ചു. അതിലും കുറവുണ്ടോ എന്നന്വേഷിക്കാന്‍ കൊച്ചാപ്പിയും ജോണും ജവാനും കൂടി വീണ്ടും മുന്നോട്ട് നടന്നു. ബാക്കി എല്ലാവരും ബാഗും ഫേഷന്‍ ലോഡ്ജിന്‍റെ ഉമ്മറത്ത്‌ വെച്ച് കാത്തിരുന്നു. കൊച്ചാപ്പി ഒരു ബാര്‍ അറ്റാച്ച്ഡ് ലോഡ്ജ് കണ്ടുപിടിച്ചു എന്ന് പറഞ്ഞു വിളിച്ചു. കേട്ട പാതി എല്ലാവരും ബാഗും എടുത്തു കൊണ്ട് ആ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുന്നതിനു മുന്‍പ് ലോഡ്ജ് അന്വേഷിച്ചു പോയ സംഘത്തെ കണ്ടു മുട്ടി. ആ ലോഡ്ജില്‍ മുറിയില്ല, മുറി ഒഴിയുമ്പോള്‍ അങ്ങോട്ട്‌ പോകാം എന്നാണ് അവന്‍ പറഞ്ഞത്.

അങ്ങനെ എല്ലാവരും കൂടി ഫേഷന്‍ ലോഡ്ജില്‍ തിരിച്ചെത്തി. എന്തുകൊണ്ടാണ് ആ ലോഡ്ജിനു ഫാഷന്‍ എന്നിടത്തെ ഫേഷന്‍ എന്നിട്ടത് എന്നറിയില്ല. ഞങ്ങള്‍ എട്ടു പേരെ കണ്ടപ്പോള്‍ ലോഡ്ജിലെ ആള്‍ക്കു നല്ല സന്തോഷമായി. എത്ര മുറി വേണം എന്ന് ചോദിച്ചു. എല്ലാവരും പരസ്പരം നോക്കി അവസാനം ഒരു മുറി മതി എന്ന് പറഞ്ഞു. എട്ടു പേര്‍ക്കു ഒരു മുറി അയാള്‍ക് നഷട്മാണ് എന്ന് പറഞ്ഞു. അവസാനം ഞങ്ങള്‍ രണ്ടു മുറിയെടുത്തു.

ചൂടായിരുന്നു സഹിക്കാന്‍ പറ്റാത്തത്. ഫാന്‍ കറങ്ങുന്നുണ്ടോ എന്ന് നോക്കിയാലെ മനസിലാവു. എല്ലാവരും ചീട്ടുകളി തുടങ്ങി. ഇരുപത്തെട്ടായിരുന്നു പ്രധാന കളി. രാത്രിയില്‍ ഉറക്കം പോലും കളഞ്ഞു എല്ലാവരും കളിക്കുകയാണ്.  അടുത്ത ദിവസം ഞങ്ങള്‍ സബ് സ്റ്റേഷനില്‍ പോയി. അന്ന് രാത്രിയിലും ചീട്ടുകളി തന്നെയായിരുന്നു. അടുത്ത ദിവസം ഞാനും കൊച്ചാപ്പിയും ജോണും കൂടി ലോഡ്ജ് അന്വേഷിച്ചു ഇറങ്ങി. ഒന്നും കിട്ടിയില്ല. അവസാനം ഒരാളെ കണ്ടു മുട്ടി. അയാള്‍ പറഞ്ഞത് ഇവിടുത്തെ എല്ലാ നല്ല ലോഡ്ജും ഫില്‍ ആയി. ഒരു രക്ഷയും ഇല്ല എങ്കില്‍ ഫേഷന്‍ എന്നൊരു ലോഡ്ജ് ഉണ്ട്, അവിടെ നോക്ക് എന്നാണ്. ചൂട് സഹിക്കാന്‍ വയ്യാതെ ഞങ്ങള്‍ ഒരു എ.ടി.എം. കൌണ്ടറില്‍ കയറി. എ.സിയുടെ തണുപ്പ് ഞങ്ങള്‍ക്ക് കുറച്ചു ആശ്വാസം നല്‍കി. സെക്യൂരിറ്റി ഇരിക്കണ്ട കസേര ജോണ്‍ എടുത്തു അകത്തിട്ടു. എന്നിട്ട് അതില്‍ ഇരുന്നു. കുറചു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി വന്നു. ഞങ്ങള്‍ അവിടെ നിന്നും ഫേഷന്‍ ലോഡ്ജിലേക്ക് നടന്നു.

വെള്ളിയാഴ്ച ഏതോ ഇലക്‌ഷന്‍ റിസള്‍ട്ട്‌ വരുന്നുണ്ട്. കണ്ണൂര്‍ ആയതിനാല്‍ ഞങ്ങള്‍ വ്യാഴം തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു. ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ എല്ലാവരും ജവാന്‍റെ അളിയന്‍റെ വീട്ടിലെക് പോയി. കുറേ നേരത്തിനു ശേഷമാണു സര്‍ട്ടിഫിക്കറ്റ് അടിച്ചു തുടങ്ങിയത്. എല്ലാം കഴിഞ്ഞപ്പോള്‍ അളിയന്‍ ഇത് ഞങ്ങള്‍ അടുത്ത ആഴ്ച വരുമ്പോള്‍ മതിയയിരുന്നോ എന്നു ചോദിച്ചു. സത്യത്തില്‍ അത് മതിയായിരുന്നു. 

തൃശൂര്‍ വെടിക്കെട്ട് അന്ന് രാത്രിയിലാണ്. ഞാനും മനുവും ശരുവും അന്ദ്രുവും അവിടെ പോകാം എന്ന് തീരുമാനം എടുത്തു. എല്ലാവരും ബസ്‌ കാത്ത് തലശ്ശേരി സ്റ്റാന്‍ഡില്‍ നിന്നു. ആദ്യം വന്ന പച്ച ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിയെങ്കിലും പൈസ കൂടുതലായത് കൊണ്ട് തിരിച്ചിറങ്ങി. അവസാനം എസ്.എസ് ഡീലക്സ്‌ വണ്ടി വന്നു. പാലാ, കോട്ടയം വണ്ടി. വണ്ടിയില്‍ ഇരിക്കാന്‍ സ്ഥലം ഇല്ല. എല്ലാവരും നിന്നു. വണ്ടി കുറെ നീങ്ങിയതിനു ശേഷമാണ് കണ്ടക്ടര്‍ വന്നത്. തൃശൂര്‍ പോകില്ല, കുന്നംകുളം ഇറങ്ങാം. അവിടെ നിന്നും എപ്പളും തൃശൂര്‍ വണ്ടി കാണും എന്നും പറഞ്ഞു. ഞാന്‍ കുന്നംകുളം ടിക്കറ്റ് എടുത്തു. എല്ലാവരും നിലത്തിരുന്നു. എനിക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ സീറ്റ്‌ കിട്ടി. 

രാത്രി ആയതു കൊണ്ട് സ്ഥലം ഏതാണ് എന്ന് അറിയാന്‍ പറ്റുന്നില്ല. കുടവയറുള്ള കിളിയിടെ വയറ്റില്‍ കുറെ നേരം തട്ടി. ആള്‍ എഴുനേല്‍ക്കാതെ കിടക്കുകയാണ്. ഒട്ടുമിക്ക യാത്രക്കാരും ഉറങ്ങുകയാണ്‌. അവസാനം കണ്ടക്ടര്‍ എഴുനേറ്റു. പുള്ളിക്കാരന്‍ വാച്ച് നോക്കി, എന്നിട്ട് കുന്നംകുളം ആയില്ല എന്ന് പറഞ്ഞു. കുറെ നേരത്തിനു ശേഷം കുന്നംകുളം എത്തി. വണ്ടിയില്‍ നിന്നു ഇറങ്ങാന്‍ നേരമാണ് അറിയുന്നത് തൃശൂര്‍ വെടിക്കെട്ട് കാണാന്‍ ഞാന്‍ മാത്രമേ ഉള്ളു എന്ന്. ഇറങ്ങിയ സമയം തന്നെ ഒരു തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് വന്നു. അതില്‍ കയറി. ആ ദിവസത്തെ അവസാനത്തെ വണ്ടിയായിരുന്നു അത്. പൂരമായത് കൊണ്ട് എല്ലാ ഓട്ടോയും മറ്റു വണ്ടിക്കാരും വെടിക്കെട്ട് കാണാന്‍ പോയിരിക്കുകയാണ്. അവിടെ പണ്ട് പഠിച്ചിരുന്ന രെവി മാമന്‍, അഖില്‍, വിഷ്ണു തുടങ്ങിയവര്‍ ഉണ്ടായിരുന്നു. 


ഒരിടത്ത് ഞാന്‍ വെടിക്കെട്ട് കാണുമ്പോള്‍, മറ്റൊരു സ്ഥലത്ത് എന്നോടൊപ്പം വന്നവര്‍ വീട്ടിലേക്ക്‌ മടങ്ങുകയാണ്. വേറൊരു കൂട്ടം ആളുകള്‍ നാളത്തെ റിസള്‍ട്ട്‌ കാത്ത് ഇരിക്കുകയാണ്. ഒന്ന് ചിന്തികുമ്പോള്‍ ലോകം അങ്ങനെയാണ്. ഒരു വശത്ത് ആളുകള്‍ ലോകകപ്പ്‌, സിനിമ തുടങ്ങിയ പലതരം ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ മറ്റൊരു വശത്ത് യുദ്ധവും ഭീതിയുമായി ഒരു കൂട്ടര്‍ ഉണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ