2014, ജൂൺ 4, ബുധനാഴ്‌ച

പഴനി (ഇന്റര്‍നാഷണല്‍) കോണ്‍ഫറന്‍സ്

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് എന്നു കേട്ടിട്ടുണ്ട്. ആദ്യമായിയാണ് അങ്ങനെ ഒന്നില്‍ പങ്കെടുക്കാന്‍ പോകുന്നത്. ഞാനും സുജിത്തും റോഷനും കൂടെ സായിയും ഉണ്ട്. കണ്ണൂരില്‍ നിന്നും ട്രെയിനില്‍ പാലക്കാട്‌ വരെ. അവിടെ നിന്നും ബസില്‍ പൊള്ളാച്ചി വരെ. വീണ്ടും അടുത്ത ബസില്‍ പഴനിയിലേക്ക്. പോകുന്ന വഴി കുറെ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു. അകലെ നിന്നും അതു ചെറുതായി തോന്നി. പഴനി അടുക്കറായപ്പോള്‍ കോണ്‍ഫറന്‍സ് നടക്കുന്ന സുബ്രഹ്മണ്യന്‍ കോളേജ് ഏതാണ് എന്ന് അടുത്തിരുന്ന ആളോട് സായി ചോദിച്ചു. അയാള്‍ അതാണ് എന്നു പറഞ്ഞു ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടി എന്നിട്ട് തൊഴുതു. കൂടെ ഞങ്ങളും. പിന്നീടാണ് അറിഞ്ഞത് അതു അമ്പലമല്ല കോളേജ് ആണെന്ന് അറിഞ്ഞത്.

പഴനിയില്‍ എത്തി. ഏറ്റവും ചെലവ് കുറഞ്ഞ ലോഡ്ജ് ഏതാണ് എന്ന് അന്വേഷിച്ചു. അപ്പോഴാണ് ദേവസ്വം വക ലോഡ്ജ് ഉണ്ട്, അതിനു വാടക കുറവാണെന്നും അറിയാന്‍ കഴിഞ്ഞത്. ഞങ്ങളെ ആ ലോഡ്ജില്‍ എത്തിക്കാം എന്ന് പറഞ്ഞു ഒരു കുതിര വണ്ടിക്കാരന്‍ കൂടെ കൂടി. അയാളെ ഒഴിവാക്കി പോലീസിനോട് വഴി ചോദിച്ചു ഞങ്ങള്‍ നടന്നു. കുറച്ചു നീങ്ങിയപ്പോള്‍, ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി (സുജിത്തിന്‍റെ സ്ഥലം) ആണെന്ന് പറഞ്ഞു. സുജിത്ത് പിറകിലേക്കു നീങ്ങി. ഇവിടെ ഒരുപാടു കാന്‍വാസ് ചെയ്യുന്ന ആളുകള്‍ ഉണ്ട്, ഞാന്‍ നിങ്ങളെ ദേവസ്വം ലോഡ്ജില്‍ എത്തിക്കാം എന്ന് പറഞ്ഞു അയാള്‍ ഞങ്ങളെ മറ്റൊരു വഴിയെ നടത്തിച്ചു. എസ്.എന്‍.ഡി.പി. ആണ് അയാള്‍ എന്നു പോകുന്ന വഴി പറഞ്ഞു. അങ്ങനെ അയാള്‍ ഞങ്ങളെ കാന്‍വാസ് ചെയ്ത് ഏതോ ഒരു ലോഡ്ജില്‍ എത്തിച്ചു. എസ്.എന്‍.ഡി.പി ആണെന്ന് പറഞ്ഞെങ്കിലും ശ്രീ നാരായണ ഗുരുവിന്‍റെ ചിത്രം കണ്ടില്ല. അഡ്വാന്‍സ്‌ കൊടുത്തു മുറിയില്‍ കയറിയിട്ടും അയാള്‍ പോയില്ല. ഞാന്‍ പൂജാരിയും ആണ് എന്നും പറഞ്ഞു ഒരു സി.ഐ.ട്ടി.യു. കാര്‍ഡ്‌ കാണിച്ചു. രാവിലെ തന്നെ പുഷ്പാഞ്ജലിയും പാലഭിഷേകവും ഒക്കെ ചെയ്ത് പ്രസാദം മുറിയിലെത്തിക്കാം എന്നും പറഞ്ഞു. എല്ലാവര്‍കും അയാള്‍ ഒരു തട്ടിപ്പുകരനാണെന്ന് മനസിലായി. എങ്കിലും റോഷന്‍ ഒരു പുഷ്പാഞ്ജലി അവന്‍റെ പേരില്‍ കഴിപ്പിക്കണം എന്നു പറഞ്ഞു കാശ് കൊടുത്തു. അതിനു ശേഷം അയാളെ ഞങ്ങള്‍ കണ്ടതേയില്ല. 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ