2014, ജൂൺ 12, വ്യാഴാഴ്‌ച

റാഗ്ഗിങ്ങും തേങ്ങയും


കോളേജില്‍ ചേരുന്ന മിക്ക ആളുകളുടെയും പേടി സ്വപ്നമാണ് റാഗ്ഗിംഗ്. പത്രങ്ങളിലൂടെയും മറ്റും കേട്ടിട്ടുള്ള ഒരു ഭീകര ചിത്രമാണ് എന്‍റെ മനസില്‍ ഉണ്ടായിരുന്നത്. വീടിനടുത്തുള്ള കോളേജ് ആയതിനാല്‍ “ലോക്കല്‍” എന്ന പരിഗണന എനിക്ക് കിട്ടിയിരുന്നു. എന്‍റെ അയല്‍വാസികളായ ഗോപികൃഷ്ണന്‍ ചേട്ടനും ദേവികൃഷ്ണന്‍ ചേട്ടനും അതെ കോളേജില്‍ പഠിക്കുന്നത് കൊണ്ട് എനിക്ക് റാഗിംഗ് ഇല്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

കോളേജിലെ ആദ്യ ദിവസങ്ങളില്‍ എല്ലാവര്‍ക്കും സീനിയര്‍ ആയ ആളുകളെ നോക്കാന്‍ തന്നെ ഭയമായിരുന്നു. ആരും ടിഷര്‍ട്ട്‌, ജീന്‍സ് തുടങ്ങിയവ ഭയം കാരണം ഉപയോഗിക്കില്ലായിരുന്നു. അങ്ങനെ ഉള്ള ഒരു സമയത്താണ് തേങ്ങ എന്ന് എല്ലാവരും ഇപ്പോള്‍ വിളിക്കുന്ന വിപിന്‍ ക്ലാസ്സിലേക്ക് വരുന്നത്. ആള്‍ എക്സിക്യൂട്ടീവ് ഫുള്‍ കൈ ഷര്‍ട്ടും ജീന്‍സും ഷൂസും ഒക്കെ ഇട്ടാണ് വരുന്നത്. എന്‍റെ അടുത്താണ് ആണ് അവന്‍ വന്ന് ഇരുന്നത്. അവന്‍റെ വീട് കോളേജിന്‍റെ അടുത്ത് തന്നെയാണ്. “എന്നെ ഒരുത്തനും റാഗ് ചെയ്യില്ല, ഞാന്‍ ലോക്കല്‍ ആണ്” എന്നവന്‍ പറഞ്ഞു. സീനിയര്‍ ചേട്ടന്മാര്‍ ഓരോരുത്തരെ ആയി വിളിച്ച് റാഗിംഗ് തുടങ്ങിയിരുന്നു. പേര് ചോദിക്കലും, പാട്ടു പാടിപ്പിക്കലും അങ്ങനെയുള്ളവയയിരുന്നു. ഹോസ്റ്റലിലുള്ള ആളുകള്‍ക്ക് കൂടുതല്‍ റാഗിംഗ് നേരിടേണ്ടി വന്നിരുന്നു. എന്നെ വിളിച്ചാല്‍ അയല്‍വാസികളായ ചേട്ടന്മാര്‍ വന്നു രക്ഷപെടുത്തി തിരിച്ചയക്കും. ഞങ്ങള്‍ എല്ലാവരും താഴേക്ക്‌ നോക്കിയിരിക്കും, നേരെ നോക്കിയാല്‍ സീനിയര്‍ വിളിച്ചാലോ എന്ന ഭയം. പക്ഷെ തേങ്ങക്ക് അങ്ങനെ ഒരു ഭയം ഇല്ല. അങ്ങനെ തേങ്ങയെ അവര്‍ വിളിച്ചു. തേങ്ങയുടെ ഫുള്‍ സ്ലീവ് ഷര്‍ട്ടിന്‍റെ ഒരു കൈ അവര്‍ മടക്കി വെപ്പിച്ചു. ഇന്‍ഷര്‍ട്ട്‌ ആയത് പകുതി ഔട്ട്‌ ആക്കി. നാളെ മുതല്‍ ജീന്‍സോ ഷൂസോ പാടില്ല എന്നും പറഞ്ഞു. അവന്‍റെ മുഖത്ത്‌ ദേഷ്യം പ്രകടമായിരുന്നു. “എന്നെ റാഗ് ചെയ്ത എല്ലാവരെയും നാളെ പാഠം പഠിപ്പിക്കും” എന്ന് പറഞാണവന്‍ അന്ന് പോയത്. പിറ്റേ ദിവസം ഒരു തല്ലു കാണാം എന്ന പ്രതീക്ഷയില്‍ നേരത്തെ വന്നു. തേങ്ങ വരാന്‍ താമസിച്ചിരുന്നു. അവന്‍ അന്ന് പാന്റ്സും ചെരുപ്പും ആയിരുന്നു. എന്താ തെങ്ങേ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു “ഇമ്മാതിരി വിഷയങ്ങള്‍ക്ക്‌ വീട്ടുകാര്‍ ഇടപെടില്ല, പിന്നെ നമ്മളായിട്ട് എന്തിനാ വെറുതെ".
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സീനിയര്‍ ചേട്ടന്മാര്‍ വാതില്കല്‍ വന്നു നില്‍കാന്‍ തുടങ്ങി. ഞാന്‍ നോക്കിയപ്പോള്‍ തേങ്ങയായിരുന്നു ആദ്യം താഴേക്ക് നോക്കി ഇരുന്നത്!


കാലം ഒരുപാടു കഴിഞ്ഞിരിക്കുന്നു, വിപിന്‍ എന്ന അവന്‍റെ പേര് അവന്‍ തന്നെ മറന്നു പോയി എന്നാണ് തോന്നുനത്. ഒരു തേങ്ങ തലയില്‍ വീഴുകയും അതില്‍ നിന്നും അവന്‍ രക്ഷപെടുകയും (തെങ്ങ് ചതിക്കില്ല) ചെയ്തത് പഴയ ഒരു കഥ. ആ കഥയുടെ പ്രശസ്തിയാണ് തേങ്ങയെന്ന അവന്‍റെ ഇപ്പോഴത്തെ പേരിന്‍റെ രഹസ്യം. 


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ