2014, ജൂൺ 15, ഞായറാഴ്‌ച

പുത്തനുടുപ്പ്

"അകത്തു ആളുണ്ട്", പ്രിന്‍സിപ്പലിനെ കാണാന്‍ ഓടി വന്നെ എന്നെ ആ സ്ത്രീയുടെ ശബ്ദം തടഞ്ഞു. അസംബ്ലി തുടങ്ങുന്നതിനു മുന്‍പ് പ്രിന്‍സിപ്പലിനെ കാണേണ്ട കാര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാതില്‍ മുഴുവനായി അടഞ്ഞില്ലയിരുന്നു. ആ മുറിയില്‍ പുത്തനുടുപ്പിട്ട ഒരു കുട്ടിയെ ഞാന്‍ കണ്ടു. ഇന്ന് അസംബ്ലിയില്‍ അവന്‍റെ ബര്‍ത്ത്ഡേ പറയുന്നതും, എല്ലാവരും കൈ അടിക്കുന്നതും ഞാന്‍ ഓര്‍ത്തു. അവന്‍റെ മുഖത്ത്  ബര്‍ത്ത്ഡേയുടെ ഒരു സന്തോഷം കാണാനില്ലായിരുന്നു. അതെന്താണെന്ന് ചിന്തിക്കുന്നതിനു മുന്‍പേ പ്രിന്‍സിപ്പലിന്‍റെ ശബ്ദം അതിനുത്തരം നല്‍കി. " ഈ സ്കൂളിന് ഒരു സ്റ്റാറ്റസ് ഉണ്ട്, ഇവിടെ കളര്‍ ഡ്രസ്സ്‌ ഇടണമെങ്കില്‍ ഒരു പുസ്തകം ലൈബ്രറിയില്‍ കൊടുക്കണം എന്ന നിയമം ഉണ്ട്. നീ കൊണ്ടുവന്ന വിലകുറഞ്ഞ പുസ്തകം ഇവിടുത്തെ ലൈബ്രറിയില്‍ ആവശ്യമില്ല. ഇന്ന്  കളര്‍ ഡ്രസ്സ്‌ ഇട്ടതിന്‍റെ ഫൈന്‍ അടുത്ത ദിവസം കൊണ്ട് വരണം. നിന്‍റെ ബര്‍ത്ത്ഡേ  ഇന് അസംബ്ലിയില്‍ പറയുന്നതല്ല. " പ്രിന്‍സിപ്പലിന്‍റെ ശബ്ദം രണ്ടുമുറികള്‍ക്കപ്പുറം വരെ കേള്‍ക്കത്തക്ക ഉച്ചത്തിലായിരുന്നു. കലങ്ങിയ കണ്ണുകളുമായി അവന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിച്ചു. "ഇന്നാ പിടിച്ചോ നിന്‍റെ പുസ്തകം" എന്ന് പറഞ്ഞ് അയാള്‍ ആ പുസ്തകം അവന്‍റെ നേര്‍ക്ക്‌ എറിഞ്ഞു. അതിന്‍റെ താളുകള്‍ മുറി മുഴുവനും പറന്നു കളിച്ചു. കരഞ്ഞുകൊണ്ട് അവന്‍ ഓരോ താളുകളും പെറുക്കി എടുത്തു. എല്ലാം ഒന്നിച്ചു വെച്ച് അവന്‍ മുറിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങി. എന്‍റെ മനസില്‍ പല ചിന്തകളും ഉദിച്ചു. മകന്‍റെ ബര്‍ത്ത്ഡേ അസംബ്ലിയില്‍ പറയുന്നതും മനസില്‍ കരുതി കഷ്ടപ്പെട്ട് പുസ്തകം മേടിച്ച ആ കുട്ടിയുടെ അച്ഛന്റെ അവസ്ഥ, ഇന്നത്തെ ദിവസത്തെ അസംബ്ലിയുടെ സ്വപ്നങ്ങള്‍ ഒരു നെയ്തുകാരനെ പോലെ നെയ്തുകൂട്ടിയ അവന്‍റെ വേദന. ആരെയും നോക്കാതെ അവന്‍ ആ താളുകളുമായി മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എന്‍റെ കണ്ണുകള്‍ അറിയാതെ നനഞ്ഞിരുന്നു. ഇനി പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ കയറാം എന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ