2014, ജൂൺ 24, ചൊവ്വാഴ്ച

ലോനപ്പന്‍

ഏതു ജീവിയെ ആണ് വളര്‍ത്താന്‍ ഇഷ്ടം എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും പൂച്ച മതി എന്ന്. പറക്കാന്‍ നല്‍കിയ ചിറകുകള്‍ ഒരു കൂട്ടില്‍ അടച്ചിടുന്ന പക്ഷിയേക്കാളും, തുടലിട്ട്‌ മെരുക്കിയ പട്ടിയെക്കാളും, നദിയും കടലും നിഷേധിക്കപെട്ടു ചില്ല് കൂട്ടില്‍ അടച്ചിട്ട മീനുകളെക്കാളും, സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി വളര്‍ത്തുന്ന പശു, കോഴി, താറാവ്, പന്നി എന്നിവയെക്കാളും ഒരു പണതൂകം മുന്നിലാണ് പൂച്ച എന്ന വര്‍ഗം. ഒന്നുമില്ലെങ്കിലും സിംഹത്തിന്‍റെ വര്‍ഗമല്ലേ!

ഒരു ഇരുപതിനു മുകളില്‍ പൂച്ചകള്‍ വീടിന്‍റെ പല സ്ഥലങ്ങളിലായി വിഹരിക്കുന്ന ഒരു കാലം. ഒന്നും സ്ഥിരമായി നില്‍ക്കാറില്ല. എന്‍റെ  വീട്ടില്‍ പൂച്ചയുടെ പ്രസവത്തിനായി പ്രത്യേക മുറിയും സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കിയിരുന്നു. എല്ലാ പൂച്ചകളുടെയും ജനനം മുതല്‍ കുറേക്കാലം ഞാന്‍ നേരിട്ട കണ്ടതാണ്. അങ്ങനെ ഇരിക്കുന്ന സന്ദര്‍ഭത്തിലാണ് ലോനപ്പന്‍ വരുന്നത്. ലോനപ്പന് ഒരു ഇരട്ട കൂടി ഉണ്ടായിരുന്നു. അവനെ എന്‍റെ അനിയത്തി ഏറ്റെടുത്തു. ഇരട്ട വല്ലപ്പോഴുമേ വരാറുള്ളൂ. അവന്‍ മാന്തുകയും, ലോനപ്പന്‍റെ ഭക്ഷണം തട്ടി എടുക്കുകയും ചെയ്യും. 

പൂച്ചകള്‍ക് വീട്ടില്‍ എവിടെയും സ്വതന്ത്രമായി വിഹരിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഉണ്ണി ചിറ്റപ്പന്‍ ദില്ലിയില്‍നിന്നും കൊണ്ടുവന്ന ഒരു വലിയ കമ്പിളിപുതപ്പ് ഉണ്ട്. നാലാളെ വരെ പുതപ്പിക്കാവുന്ന ഒരു വലിയ പുതപ്പ്. പക്ഷെ അതു ഞാന്‍ മുഴുവനായി സ്വന്തമാക്കി. പൂച്ചകള്‍ എന്‍റെ പുതപ്പിന്‍റെ മുകളിലും കാലിന്‍റെ വശത്തും എല്ലാമായി രാത്രിയില്‍ വീട്ടുകാര്‍ അറിയാതെ കയറി കൂടും. അമ്മുമ്മയ്ക്ക് അതു തീരേ ഇഷ്ടമല്ല. പണ്ട് കൊച്ചച്ഛനെ ഒരു പൂച്ച മാന്തിയതു കൊണ്ടാണോ, അതോ വീട്ടില്‍ സ്നേഹിച്ചു വളര്‍ത്തിയ പട്ടിയെ ആരോ വിഷം കൊടുത്തു കൊന്നത് കൊണ്ടാണോ എന്നറിയില്ല. രാവിലെ ഞാന്‍ ഉണര്‍ന്നില്ല എങ്കില്‍ അവര്‍ എന്‍റെ പുതപ്പ് മാന്തി മാറ്റും. എന്നിട്ടും ഏറ്റില്ല എങ്കില്‍ അവര്‍ വാലുകൊണ്ട് എന്‍റെ മുഖത്ത് ഇളക്കും, പിന്നെ മാന്തും. സ്നേഹ പ്രകടനങ്ങളുടെ ശബ്ദം കേള്‍പ്പിക്കും. എല്ലാം രാവിലെ അവര്‍ക്കുള്ള ഭക്ഷണത്തിന് വേണ്ടിയുള്ള അടവാണ്. ലോനപ്പന്‍ ഇന്നേ വരെ അങ്ങനെ ഒനന്നും ചെയ്തിട്ടില്ല. അവന്‍ ഞാന്‍ എഴുനേല്‍ക്കുന്നതു വരെ കാത്തിരിക്കും. അവനോടുള്ള പ്രത്യേക താല്പര്യം കാരണം എന്‍റെ പിറന്നാളിന് അവനും സദ്യ കൊടുക്കും. അവന്റെയും എന്‍റെയും പ്രിയപ്പെട്ട നെയ്യാണ് പ്രധാന വിഭവം. അവന്‍ അതു മുഴുവനും കഴിക്കും. അവനില്‍ നിന്നും ഒരു പൂച്ച തന്‍റെ കുട്ടിയെ വിളിക്കുന്നതും, അപകടം അറിയിക്കുന്നതും, അടി കൂടുന്നതും, സ്നേഹം പ്രകടമാക്കുന്നതും, ഇണയെ വിളിക്കുന്നതും അങ്ങനെ എല്ലാം ഞാന്‍ ശബ്ദം കൊണ്ടു അനുകരിക്കാന്‍ പഠിച്ചു. 

അവനെ ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. എനിക്ക് വയ്യാതെ ഞാന്‍ വീട്ടിലെ മുറിയില്‍ കിടന്നപ്പോള്‍ അവന്‍ എന്‍റെ അരികില്‍ ഞാന്‍ എഴുനേല്‍ക്കുന്നതു വരെ കിടന്നു. ഞാന്‍ കഴിച്ചതിനു ശേഷം മാത്രമേ അവന്‍ കഴിച്ചുള്ളൂ. പൂച്ച നന്ദി ഇല്ലാത്ത മൃഗം ആണെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഇവന് മനുഷ്യന്മാരേക്കാളും മനുഷ്യപെറ്റ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ